കണ്ണൂര്‍: ആളില്ലാത്ത വീട്ടില്‍ കവര്‍ച്ചയ്ക്കെത്തിയ കള്ളനെ കിണര്‍ ചതിച്ചു. കിണറ്റില്‍ വീണ തസ്കര വിരുതനെ ഫയര്‍ഫോഴ്സ് എത്തി കരയ്ക്കു കയറ്റിയതിനു പിന്നാലെ പൊലീസ് പൊക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം കണ്ണൂരിലാണ് സംഭവം. തുമ്പത്തടത്തെ കേളോത്ത് പവിത്രന് മാസ്റ്ററും ഭാര്യയും തിരുവനന്തപുരത്തെ ബന്ധു വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. ഇതു മനസിലാക്കിയ ഷെമീര്‍ എന്ന കള്ളന് വീട്ടില്‍ കയറി മോഷ്ടിക്കാന്‍ തീരുമാനിച്ചു. ഇരുട്ട് വീണതോടെ ഷമീര്‍ പവിത്രന് മാസ്റ്ററുടെ വീട്ടിലെത്തി. സ്കൂട്ടറില്‍ സ്ഥലത്തെത്തിയ ഷെമീര്‍ സമീപത്തെ കുറ്റിക്കാട്ടില്‍ വാഹനം ഒളിപ്പിച്ചു. അതിനുശേഷം ആരും കാണാതെ വീട്ടുവളപ്പിലേക്ക്…
വീടിന്റെ കിണറിന്റെ ആള്‍മറയില്‍ ചവിട്ടി പാരപ്പറ്റിലേക്ക് കയറാന്‍ ഷമീര്‍ ശ്രമിച്ചു. എന്നാല്‍ പാരപ്പറ്റിലെ ഇഷ്ടിക ഇടിഞ്ഞതോടെ 30 അടിയോളം ആഴമുള്ള കിണറ്റിലേക്ക് ഷമീര്‍ പതിച്ചു. നാലടിയോളം വെള്ളമുണ്ടായിരുന്ന കിണറ്റില്‍ കിടന്ന് കള്ളന് ഷെമീര്‍ പ്രാണരക്ഷാര്‍ത്ഥം അലറിവിളിച്ചു. അതുകേട്ട അയല്‍വാസികള്‍ ഓടിയെത്തി. അവര്‍ അറിയിച്ചത് അനുസരിച്ച് എത്തിയ ഫയര്‍ഫോഴ്സ് ഷെമീറിനെ കരയ്ക്കു കയറ്റി. പിന്നാലെ പൊലീസ് എത്തി ഷെമീറിനെ പൊക്കി ജീപ്പിലിട്ടു. തളിപ്പറമ്പ് സ്വദേശിയായ ഷമീര്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.