തിരുവനന്തപുരം : സൂപ്പര്‍ സ്റ്റാര്‍ മോഹൻലാലിന്റെ പേരില്‍ തിരുവനന്തപുരത്ത് നടത്തുന്ന വിസ്മയാസ് മാക്സ് അനിമേഷൻ അക്കാദമിയില്‍ നടന്നത് കൊടിയ പീഡനമെന്ന് വ്യക്തമാകുന്നു. വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികളാണ് തങ്ങള്‍ നേരിട്ട പീഡനകഥകള്‍ തുറന്നു പറഞ്ഞിട്ടുള്ളത്. പരാതി പറഞ്ഞാല്‍ ഒറ്റയ്ക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും വിവരം പുറത്ത് പറഞ്ഞാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കില്ലെന്നും ഭാവി നശിപ്പിക്കുമെന്നും പറഞ്ഞതായി കുട്ടികള്‍ പറഞ്ഞു. ഭയംമൂലം ആരോടും ഒന്നും പറഞ്ഞിരുന്നില്ലെന്ന് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവര്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികളില്‍ ഏറിയപങ്കും.
വിസ്മയാസ് മാക്സ് അനിമേഷൻ അക്കാദമിയില്‍ മുൻ വർഷങ്ങളിൽ പഠിച്ചിരുന്ന നിരവധി കുട്ടികൾ പരാതിയുമായി മുന്നോട്ടു വരുന്നുണ്ട്. ഇവരിൽ മിക്കവര്‍ക്കും സർട്ടിഫിക്കറ്റുകൾ നൽകാതെ വിസ്മയാസ് മാക്സ് അധികൃതർ പിടിച്ചു വെച്ചിരിക്കുകയാണ്. ഇതുമൂലം നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവി വഴിമുട്ടി നില്‍ക്കുകയാണ്. തികച്ചും നിയമവിരുദ്ധമായ പ്രവര്‍ത്തനം നടത്തിയിട്ടും വിസ്മയാസ് മാക്സ് അനിമേഷൻ അക്കാദമിക്കെതിരെ നടപടി സ്വീകരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ വിമുഖത കാണിക്കുകയാണെന്ന് രക്ഷിതാക്കള്‍ പരാതി പറയുന്നു.
വിദ്യാഭ്യാസ വായ്പ ബാങ്കില്‍ നിന്നും തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞ് ആദ്യംതന്നെ ഫീസ് വാങ്ങി വിദ്യാര്‍ത്ഥികളെക്കൊണ്ട് അഡ്മിഷൻ എടുപ്പിക്കും. ബാങ്കിനെ സമീപിക്കുന്ന വിദ്യാർത്ഥികളുടെ വായ്പാ അപേക്ഷ ബാങ്ക് നിരസിക്കുകയാണ് പതിവ്. വിസ്മയാസ് മാക്സ് അനിമേഷൻ അക്കാദമിക്ക് നിലവാരം ഇല്ലെന്നതാണ് കാരണമായി ബാങ്ക് അധികൃതർ പറയുന്നത്. പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ അപേക്ഷ നിരസിച്ചപ്പോള്‍ പറഞ്ഞിരിക്കുന്നത് വിസ്മയാസ് മാക്സ് അക്കാദമിക്ക് ഉന്നത വിദ്യാഭ്യാസ കോളേജിന്റെ നിലവാരമില്ലെന്നും പ്ലേസ്‌മെന്റ് റെക്കോർഡ് വേണ്ടത്ര പോരായെന്നുമാണ്.
കോട്ടയം ജില്ലയിലെ ഒരു വിദ്യാർത്ഥി തങ്ങളുടെ മാതാപിതാക്കളെകൂട്ടി സർട്ടിഫിക്കറ്റുകൾ വാങ്ങുവാൻ ചെന്നപ്പോൾ കൊറോണക്കാലത്ത് അടച്ചിട്ട സമയത്തെ ഫീസുകൾ കൂടി നല്‍കിയാല്‍ മാത്രമേ സർട്ടിഫിക്കറ്റുകള്‍ നല്‍കൂ എന്നും അതിനായി രണ്ടു ലക്ഷത്തോളം രൂപ അടയ്ക്കണമെന്നും പറഞ്ഞു. തർക്കമായപ്പോൾ വിദ്യാർത്ഥിയെ മാത്രം അകത്തു വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ഇവര്‍ പറയുന്നു. പേടിച്ചരണ്ട വിദ്യാർത്ഥി മാതാപിതാക്കളുമായി അവിടെ നിന്നും രക്ഷപെടുകയായിരുന്നു. സർട്ടിഫിക്കറ്റുകൾ തിരിച്ചു കിട്ടാൻ ഇപ്പോൾ വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് ഇവർ. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുന്നതാണ്.
മോഹന്‍ലാലിന്റെ (?) വിസ്മയാസ് മാക്സ് അനിമേഷൻ അക്കാദമിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും