തിരുവനന്തപുരം : സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെയെന്ന് കരുതുന്ന വിസ്മയാസ് മാക്സ് അനിമേഷൻ അക്കാദമിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. വൻ തുക ഫീസ് വാങ്ങിയിട്ടും വേണ്ടത്ര പഠന സൗകര്യങ്ങൾ ഒരുക്കുന്നില്ലെന്നും ഫീസ് അടക്കാന്‍ ഒരു ദിവസം താമസിച്ചാല്‍ കുട്ടികള്‍ക്ക് ഭക്ഷണംപോലും നിഷേധിച്ച് മാനസികമായി പീഡിപ്പിക്കുകയാണെന്നുമാണ് രക്ഷിതാക്കളുടെ പരാതി. മാനസിക പീഡനത്തെത്തുടര്‍ന്ന് പല വിദ്യാര്‍ത്ഥികളും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു. പരാതി പറഞ്ഞാല്‍ സ്ഥാപന നടത്തിപ്പുകാരില്‍ നിന്നും ഭീഷണിയാണ് ഉണ്ടാകുന്നതെന്നും രക്ഷിതാക്കള്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസവകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകാന്‍ ഒരുങ്ങുകയാണ് ഇവര്‍. ചലച്ചിത്ര വികസന അക്കാദമിയുടെ ബോർഡ് മെമ്പർകൂടിയായ കെ.ഡി ഷൈബു മുണ്ടക്കലിന്റെയാണ് വിസ്മയാസ് മാക്സ് അനിമേഷൻ അക്കാദമി.
തിരുവനന്തപുരത്ത് വെള്ളയമ്പലത്താണ് മോഹന്‍ ലാലിന്റേതെന്ന പേരിൽ വിസ്മയാസ് മാക്സ് അനിമേഷൻ അക്കാദമി പ്രവർത്തിക്കുന്നത്. 2004 ൽ മോഹൻലാൽ തുടങ്ങിവെച്ചതാണെങ്കിലും ഇപ്പോൾ അദ്ദേഹത്തിന് ആ ക്യാമ്പസുമായി നേരിട്ട് ബന്ധമില്ലെന്നാണ് അറിയുന്നത്. തമിഴ്‌നാട്ടിലെ ഭാരതീയാർ യൂണിവേഴ്‌സിറ്റിയിൽ അഫിലിയേറ്റ് ചെയ്താണ് അക്കാദമി പ്രവർത്തിച്ചു വരുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാൽ യൂണിവേഴ്സിറ്റി നിലവാരങ്ങളെ മറികടന്ന് നൂറ്റിഅൻപതോളം വിദ്യാര്‍ത്ഥികള്‍ക്കാണ് ഇവിടെ പ്രവേശനം നല്‍കിയിരിക്കുന്നതെന്നും ഓരോരുത്തരില്‍ നിന്നും വന്‍തുകയാണ് ഫീസായി ഈടാക്കുന്നതെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.
ഡിഗ്രി അടിസ്ഥാനമാക്കി മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അനിമേഷൻ കോളേജുകൾ കേരളത്തിൽ ഉണ്ട്. ഇവയിൽ പരമാവധി നാൽപതു പേർക്കാണ് പ്രവേശനം നല്‍കുന്നത്. എന്നാൽ വിസ്മയാസ് മാക്സ് അനിമേഷൻ അക്കാദമിയിൽ ഈ വർഷം മാത്രം 144 പേർക്കാണ് അഡ്മിഷൻ നൽകിയിരിക്കുന്നത്. ഇത്രയും കുട്ടികള്‍ക്ക് പഠനം നടത്താനുള്ള ക്‌ളാസ് മുറി സൗകര്യങ്ങളോ ഫാക്കൽറ്റിമാരോ അക്കാദമിക്ക് ഇല്ലെന്നും പഠിച്ചിറങ്ങുന്ന വിദ്യാർഥികൾ തന്നെ എക്സ്പീരിയന്‍സിന് വേണ്ടി ഇവിടെ ഫാക്കൽറ്റിമാരായി ജോലി ചെയ്യുകയാണെന്നും ഇത് വിദ്യാര്‍ത്ഥികളുടെ പഠനനിലവാരത്തെ പ്രതികൂലമായി ബാധിക്കുകയാണെന്നും രക്ഷിതാക്കള്‍ പറയുന്നു. ഫാക്കൽറ്റിമാരെക്കൊണ്ട് കാര്യമായ പഠനം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നില്ല. പഠിക്കുന്ന വിദ്യാർത്ഥികളെക്കാൾ രണ്ടോ മൂന്നോ വയസ്സ് അധികം മാത്രമേ ഈ ഫാക്കൽറ്റികൾക്ക് ഉള്ളൂ അതിനാൽ വാടാ – പോടാ വിളികളോടെയാണ് ക്യാമ്പസ്സിൽ പഠനം നടക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ ഇംഗ്ലീഷ് , ഫ്രഞ്ച് എന്നീ വിഷയങ്ങൾക്ക് വർഷങ്ങളോളം എക്സ്പീരിയൻസ് ഉള്ള ഫാക്കൽറ്റികൾ വന്നു ക്‌ളാസ് എടുക്കുന്നതിനാൽ അവയ്ക്കു നിലവാരം ഉണ്ടെന്നും വിദ്യാർഥികൾ പറയുന്നു.
കോ ഓർഡിനേറ്റർമാരായി നിയമിച്ചിട്ടുള്ളവർ ഗുണ്ടകളെപ്പോലെയാണ് വിദ്യാർഥികളോട് പെരുമാറുന്നതെന്നും പരാതി ഉയരുന്നു. സമയത്തിന് ഫീസടച്ചില്ലെങ്കിൽ പിന്നീട് ഭക്ഷണം നിഷേധിക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് ചില വിദ്യാർത്ഥികളും അവരുടെ രക്ഷാകർത്താക്കളും പറഞ്ഞു. അഡ്വാൻസ് എന്ന പേരിൽ മുൻകൂറായി പണം അടച്ചിട്ടാണ് ഇത്തരം അവസ്ഥ നേരിടുന്നത്. ക്യൂ നിന്ന് ഊഴമെത്തുമ്പോള്‍ ഭക്ഷണത്തിനായി പാത്രം നീട്ടുമ്പോഴാണ് മറ്റെങ്ങും കാണാത്ത കാടത്വം ഇവിടെ കാണുന്നത്. ഫീസടക്കാത്തവര്‍ ഓഫീസിൽ പോയി അനുവാദം വാങ്ങി വരാന്‍ പറഞ്ഞ് വിദ്യാര്‍ത്ഥികളെ അപമാനിച്ചു തിരിച്ചയക്കുമെന്നും ഇത് മറ്റുള്ളവരുടെ മുമ്പില്‍ വെച്ചായതിനാല്‍ ഏറെ മനോവിഷമം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും ഒരു വിദ്യാര്‍ത്ഥി പറഞ്ഞു. മറ്റുള്ളവരുടെ മുന്നിൽവെച്ചുള്ള ഈ അവഹേളനം കുട്ടികൾക്ക് കടുത്ത മാനസിക ആഘാതമാണ് സൃഷ്ടിക്കുന്നത്. ഇങ്ങനെ മനസ്സുമടുത്ത നിരവധി വിദ്യാര്‍ത്ഥികള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചുപോയതായും അറിയാൻ കഴിഞ്ഞു.
150 സ്‌ക്വയർ ഫീറ്റ് വരുന്ന മുറിയിൽ നാലും അഞ്ചും കുട്ടികളെയാണ് താമസിപ്പിച്ചിരിക്കുന്നത്. 5500 രൂപയാണ് ഒരു മാസം ഒരു വിദ്യാര്‍ത്ഥിയില്‍ നിന്നും ഹോസ്റ്റൽ ഫീസായി ഈടാക്കുന്നത്. മുറികളിൽ ടോയ്‌ലറ്റ് സൗകര്യം പോലും ഇല്ലെന്നും തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണ് കുട്ടികൾ കഴിയുന്നതെന്നും ഹോസ്റ്റൽ മുറി നേരിട്ടു കണ്ട ഒരു രക്ഷിതാവ് പറയുന്നു. വൃത്തിഹീനമായ ഹോസ്റ്റൽ മുറിയും പരിസരവും പഠന സാഹചര്യങ്ങളും നേരിട്ട് മനസ്സിലാക്കിയ എറണാകുളം പറവൂർ സ്വദേശിയായ രക്ഷകർത്താവ് വിസ്മയാസ് മാക്സ് അക്കാദമിയിലെ തന്റെ മകന്റെ പഠനം ഉടനടി അവസാനിപ്പിച്ച് തിരികെ കൊണ്ടുപോകുകയായിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ വിദ്യാർത്ഥികൾക്ക് ഒരു വര്‍ഷം നഷ്ടപ്പെടുകയാണ്. എന്നാല്‍ മക്കളുടെ ദുരവസ്ഥ നേരില്‍ കാണുന്ന മാതാപിതാക്കള്‍ മറ്റൊന്നും ആലോചിക്കില്ലെന്നും തങ്ങള്‍ ചെയ്തത് ശരിയാണെന്നും പറവൂര്‍ സ്വദേശി പറഞ്ഞു.
പ്രവേശനം തേടിയെത്തുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അഡ്മിഷൻ നൽകി അവരിൽ നിന്നും പ്രാരംഭ ഫീസായി ഒരാളില്‍ നിന്ന് 25000 രൂപയോളം വാങ്ങുന്നു. ഈ വർഷം 144 വിദ്യാർത്ഥികളിൽ നിന്നും അഡ്മിഷൻ ഫീസിനത്തിൽ മാത്രം ലഭിച്ചത് 36 ലക്ഷം രൂപയാണ്. നല്‍കുന്ന അഡ്മിഷൻ ഫീസിന് രസീത് നൽകാറില്ലെന്നും പകരം കാർഡ് ആണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും രക്ഷിതാവ് പറഞ്ഞു. അക്കാദമി ഫീസിനും ഹോസ്റ്റൽ ഫീസിനും പ്രത്യേകം പ്രത്യേകം കാർഡുകൾ ആണ് നല്‍കുന്നത്. ഫീസ് അടക്കുമ്പോൾ അതിൽ ഒപ്പിട്ടു സീൽ ചെയ്തു നല്‍കുക മാത്രമാണ് വിസ്മയാസ് മാക്സ് അക്കാദമി അധികൃതർ ചെയ്യുന്നത്. പ്രതി വർഷം ഇരുപതു ലക്ഷത്തിനു മുകളിൽ ടേൺ ഓവർ ഉള്ള സ്ഥാപനങ്ങൾ നിർബ്ബന്ധമായും ജി എസ് ടി എടുത്തിരിക്കണം എന്ന നിയമം ഉള്ളപ്പോഴാണ് വാങ്ങുന്ന ഫീസിന് രസീത് നൽകാതെ നികുതിയിനത്തിൽ സർക്കാരിനെ കബളിപ്പിക്കുന്നത്. ഭരണ സിരാകേന്ദ്രമായ തിരുവനന്തപുരത്ത് നടക്കുന്ന ഈ നികുതിവെട്ടിപ്പ് പലരും കണ്ടില്ലെന്നു നടിക്കുകയാണ്.
ഒരു വിദ്യാർത്ഥി പ്രതിവര്‍ഷം ഒന്നര ലക്ഷമാണ് വിസ്മയാസ് മാക്സ് അക്കാദമിക്കു ഫീസിനത്തിൽ നൽകേണ്ട തുക. ഹോസ്റ്റൽ ഫീസും യൂണിവേഴ്സിറ്റി എക്സാം ഫീസും മറ്റു ഫീസുകളുമെല്ലാം വേറെ നൽകണം. മൂന്നു വര്‍ഷ കോഴ്സ് പഠിച്ചിറങ്ങുമ്പോള്‍ ഓരോ വിദ്യാര്‍ത്ഥിക്കും എട്ടു ലക്ഷം രൂപയിലധികം ചിലവ് വരും. ഫീസിനത്തിൽ മാത്രം ഒരു വർഷം 20 കോടിയിലധികം രൂപ അക്കാദമിക്ക് ലഭിക്കുമ്പോള്‍ നികുതിയിനത്തിൽ സർക്കാരിന് ഒന്നും ലഭിക്കുന്നില്ലെന്നാണ് വിവരം. വിസ്മയാ മാക്സ് അക്കാദമിയുടെ നിലവിലെ ചെയർമാൻ പിണറായി സർക്കാരില്‍ സ്വാധീനമുള്ള വ്യക്തിയാണ്. ചലച്ചിത്ര വികസന അക്കാദമിയുടെ ബോർഡ് മെമ്പർ കൂടിയാണ് ഇദ്ദേഹം എന്നറിയുമ്പോഴാണ് എന്തുകൊണ്ടാണ് ഇവിടെ ഇങ്ങനെയൊക്കെ നടക്കുന്നത് എന്ന് മനസ്സിലാകുന്നത്.
പഠനം നിർത്തിപ്പോകുന്ന വിദ്യാർത്ഥികളിൽ നിന്നും പലപേരില്‍ ഫീസും മറ്റു ചിലവുകളും ഈടാക്കിയാണ് സർട്ടിഫിക്കറ്റുകൾ തിരികെ നൽകുന്നത്. അൻപതിനായിരം രൂപയോളം അടച്ചെങ്കിൽമാത്രമേ സർട്ടിഫിക്കറ്റുകൾ തിരികെ നൽകൂ എന്ന നിലപാടാണ് വിസ്മയാ മാക്സ് അക്കാദമിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഇത് അടക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് തിരികെ നല്‍കില്ല. പഠനം ഉപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ ടി.സി നല്‍കാതെ ഇവര്‍ പിടിച്ചുവെച്ചിരിക്കുകയാണ്. ഇതുമൂലം എറണാകുളം കോതമംഗലം സ്വദേശിയായ ഒരു വിദ്യാർത്ഥിക്ക് തുടർ പഠനം മുടങ്ങിക്കഴിഞ്ഞു.
അക്കാദമി തുടങ്ങി വെച്ചത് മോഹൻലാൽ ആണെങ്കിലും നിലവിൽ അദ്ദേഹത്തിന് അക്കാദമി പ്രവർത്തനത്തിൽ പങ്കില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഇപ്പോള്‍ ചെയർമാൻ ആയിരിക്കുന്ന ആള്‍ മോഹൻലാലിൽ നിന്നും അക്കാദമി വാങ്ങുകയായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട കരാര്‍ പ്രകാരം മോഹൻലാലിന്റെ ചിത്രവും വാക്കുകളും അക്കാദമിയുടെ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയാണെന്നുമാണ് ലഭിക്കുന്ന വിവരം. അങ്ങനെയെങ്കിൽ മോഹൻലാൽ എന്ന ബ്രാൻഡിനെ വിശ്വസിച്ചു വിസ്മയാ മാക്സ് അക്കാദമിയിൽ ചേരുന്ന വിദ്യാർത്ഥികളോടും രക്ഷാകർത്താക്കളോടും മോഹന്‍ലാല്‍ എന്ന വലിയ കലാകാരന്‍ ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമായിരിക്കും ഇത്.