
ജനീവ: യുക്രെയ്ന്‍ തലസ്ഥാനമായ കീവിനു സമീപം ബുച്ചയില്‍ കൂട്ടക്കുരുതി നടത്തിയ റഷ്യയ്ക്കെതിരെ നടപടിയുമായി ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി. റഷ്യയെ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് സസ്പെൻഡ് ചെയ്തതായി രാജ്യാന്തര വാർത്ത ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
യുഎന്നിന്റെ നടപടിയിൽ നന്ദിയുണ്ടെന്ന് യുക്രെയ്ൻ അറിയിച്ചു.‘മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള യുഎന്നിന്റെ വിഭാഗത്തിൽ യുദ്ധക്കുറ്റവാളികൾക്കു സ്ഥാനമില്ല.’–യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ട്വിറ്ററിൽ പറഞ്ഞു. ബുച്ചയില്‍ മൂന്നൂറിലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയ്ന്‍ പറയുന്നു. തെരുവുകളിലടക്കം മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
കൈകൾ കെട്ടിവച്ച നിലയിലാണ് ബുച്ച കൂട്ടക്കൊലയ്ക്ക് ഇരയായവരുടെ ശരീരങ്ങൾ കിടന്നതെന്നും ഇവരിൽ പലരും പീഡനങ്ങൾക്ക് ഇരയായിരുന്നുവെന്നും കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നെന്നും വെളിപ്പെടുത്തലുകളുണ്ട്. റഷ്യ– യുക്രെയ്ന്‍ യുദ്ധത്തില്‍ ഇതുവരെ നിഷ്പക്ഷത പാലിച്ച ഇന്ത്യയടക്കം ലോകരാഷ്ട്രങ്ങള്‍ ശക്തമായ ഭാഷയിലാണു കൂട്ടക്കുരുതിയെ അപലപിച്ചത്.എന്നാൽ, സിവിലിയന്‍മാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്‍ പറഞ്ഞു. യുക്രെയ്‌ന്റേതു സംസ്‌കാരമില്ലാത്ത നീക്കമാണെന്ന് പുട്ടിൻ ആരോപിച്ചു.