
റഷ്യന്‍ സൈന്യം കരയിലും ആകാശത്തിലും കടലിലും നിന്നായി അതിക്രൂരമായ ആക്രമണം അഴിച്ചുവിടുന്ന യുക്രൈനില്‍നിന്നും പുറത്തുവരുന്നത് ആരെയും കരയിക്കുന്ന വാര്‍ത്തകളാണ്. ചെറിയ പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നതിന്റെയും വീടുകളില്‍ കുടുങ്ങിയ വളര്‍ത്തുപട്ടികളെ കൊന്ന് തിന്നുകയും ചെയ്യുന്ന വാര്‍ത്തകള്‍ക്കൊപ്പം, റഷ്യന്‍ സൈന്യം ആളുകളെ കൊല ചെയ്ത് കൂട്ടമായി കുഴികളിലടക്കുന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. അതിനിടയിലാണ്, ഈ യുക്രൈന്‍ അമ്മയുടെ കരളലിയിക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്.
സ്വന്തം മകളുടെ ദേഹത്ത് പേരും ഫോണ്‍നമ്പറുമടക്കം വിലാസം എഴുതിവെച്ച ചിത്രമാണ് സാഷ മകോവി എന്ന യുക്രൈന്‍ അമ്മ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. റഷ്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഏതുനിമിഷവും കൊല്ലപ്പെട്ടേക്കാമെന്ന ആധിയാണ് ഈയമ്മ പോസ്റ്റ് ചെയ്ത ചിത്രത്തിലുള്ളത്. റഷ്യന്‍ ആക്രമണത്തില്‍ തങ്ങളെല്ലാം കൊല്ലപ്പെട്ടാലും, മക്കള്‍ രക്ഷപ്പെടണമെന്ന ആഗ്രഹത്തിലാണ് ഇവര്‍ മകളുടെ പുറത്ത് പേരും വിലാസവും എഴുതിയത്. രക്ഷപ്പെട്ടു കഴിഞ്ഞാല്‍, മറ്റുള്ളവര്‍ക്ക് തിരിച്ചറിയാനുള്ള വിവരങ്ങളാണ് ഈ പിഞ്ചുകുട്ടിയുടെ ദേഹത്ത് അമ്മ എഴുതിവെക്കുന്നത്.
Ukrainian mothers are writing their family contacts on the bodies of their children in case they get killed and the child survives. And Europe is still discussing gas. pic.twitter.com/sK26wnBOWj
— Anastasiia Lapatina (@lapatina_) April 4, 2022
യുക്രൈന്‍ പ്രാദേശിക ഭാഷയിലാണ് ഈ അമ്മയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. അത് വിവര്‍ത്തനം ചെയ്ത് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നത്. ”ഞങ്ങള്‍ക്ക് വല്ലതും സംഭവിച്ചാല്‍ മകളെ അതിജീവിത എന്ന നിലയില്‍ സ്വീകരിക്കണം” എന്നാണ് അവര്‍ എഴുതിയതിന്റെ അര്‍ത്ഥം. കുട്ടിയുടെ ജനനതിയതി, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ഇവര്‍ എഴുതി വെച്ചത്.
യുക്രൈനില്‍ അധിനിവേശം നടത്തുന്ന റഷ്യന്‍ സൈന്യം കുട്ടികളെ മനുഷ്യകവചമായി ഉപേയാഗിക്കുന്നതായി നേരത്തെ ബ്രിട്ടനിലെ ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുക്രൈന്‍ സേനയുടെ പ്രത്യാക്രമണം തടയാന്‍, കുട്ടികളെ കയറ്റിയ ബസ് തങ്ങളുടെ യുദ്ധ ടാങ്കുകള്‍ക്ക് മുന്നില്‍ ഓടിക്കുകയാണ് റഷ്യന്‍ സൈന്യമെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞത്.
റഷ്യന്‍ സൈന്യം നടത്തുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം യുക്രൈന്‍ പാര്‍ലമെന്റ് അംഗമായ ലെസിയ വാസിലേന്‍ക് കഴിഞ്ഞ ദിവസം ചിത്രങ്ങള്‍ സഹിതം പുറത്തുവിട്ടിരുന്നു. പത്തു വയസ്സുള്ള പെണ്‍കുട്ടികളെ പോലും റഷ്യന്‍ സൈന്യം വെറുതെ വിടുന്നില്ലെന്നാണ് ലെസിയ ട്വീറ്റ് ചെയ്തത്. റഷ്യന്‍ സൈനികര്‍ യുക്രൈനില്‍ കൊള്ളയടിയും ബലാല്‍സംഗവുമായി അഴിഞ്ഞാടുകയാണെന്ന് ലെസിയ ആരോപിച്ചു. പത്തു വയസ്സു പ്രായമുള്ള പെണ്‍കുട്ടികളെ പോലും അവര്‍ ബലാല്‍സംഗം ചെയ്യുന്നു. കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പല പെണ്‍കുട്ടികളുടെയും ജനനേന്ദ്രിയത്തിലും പിന്‍ഭാഗത്തും ആഴത്തിലുള്ള മുറിവുകളുണ്ട്. പല സ്ത്രീകളുടെയും ദേഹത്ത് സിഗരറ്റ് കൊണ്ട് പൊള്ളലേല്‍പ്പിച്ചതിന്റെയും മറ്റും അടയാളങ്ങളുണ്ടെന്നും യുക്രൈന്‍ എം പി പറഞ്ഞു. സ്വസ്തികയുടെ ആകൃതിയിലുള്ള പൊള്ളലുകളും സ്ത്രീകളുടെ ദേഹത്ത് കണ്ടെത്തി. ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ട ശേഷം കൊന്നുകളഞ്ഞ ഒരു സ്ത്രീയുടെ ഫോട്ടോയും അവര്‍ ട്വീറ്റ് ചെയ്തിരുന്നു.