spot_img
- Advertisement -spot_imgspot_img
Saturday, April 20, 2024
ADVERT
HomeBREAKING NEWSഫീസ് അടയ്ക്കണമെന്ന് യുക്രെയ്നിൽ നിന്ന് അറിയിപ്പ്; മലയാളി വിദ്യാർഥികൾ ആശങ്കയിൽ

ഫീസ് അടയ്ക്കണമെന്ന് യുക്രെയ്നിൽ നിന്ന് അറിയിപ്പ്; മലയാളി വിദ്യാർഥികൾ ആശങ്കയിൽ

- Advertisement -

കൊച്ചി: യുദ്ധം തുടങ്ങിയതോടെ യുക്രെയ്നിൽനിന്ന് മലയാളി വിദ്യാർഥികൾ ഉൾപ്പെടെ നാട്ടിലെത്തിയിട്ട് ഒരു മാസം കഴിഞ്ഞു. ഇനിയെന്ന് തിരികെ പോകാൻ കഴിയുമെന്ന് അറിയില്ല. യുക്രെയ്നിലെ സ്ഥാപനങ്ങളിൽനിന്ന് അക്കാര്യത്തിൽ അറിയിപ്പൊന്നുമില്ല. ചില സർവകലാശാലകൾ ഓൺലൈനായി ക്ലാസുകൾ തുടങ്ങിയിട്ടുണ്ട്. പക്ഷേ, ചിലരുടെ പരീക്ഷ എന്നു നടക്കുമെന്ന് അറിയില്ല.ദിവസം 3 ഓൺലൈൻ ക്ലാസുകൾ വരെ നടക്കുന്നുണ്ട്. ഒരു ക്ലാസ് ഒന്നേകാൽ മണിക്കൂറോളം. യുദ്ധസാഹചര്യം മാറിയാൽ ക്ലാസുകൾ സാധാരണ നിലയിലാകുമെന്ന് ചില കോളജ് അധികൃതർ അറിയിച്ചിട്ടുണ്ട്. തിയറി ക്ലാസുകൾ ഓൺലൈനായി ലഭിക്കുന്നുണ്ടെങ്കിലും പ്രാക്ടിക്കൽ ക്ലാസിന് എന്തു ചെയ്യുമെന്ന ആശങ്കയുണ്ട് പലർക്കും.

- Advertisement -

ഫീസ് അടയ്ക്കാൻ നിർദേശം

- Advertisement -

ഓൺലൈൻ ക്ലാസുകൾ എല്ലാ വിഷയത്തിനും തുടങ്ങിയിട്ടില്ലെന്ന് വിന്നിറ്റ്ഷ്യ നാഷനൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനി കാർത്തികപ്പള്ളി കൊച്ചുപുരയ്ക്കൽ അബിയ ശാമുവേൽ പറഞ്ഞു. റഗുലർ ക്ലാസുകൾ എന്നു തുടങ്ങുമെന്ന് അറിയിച്ചിട്ടില്ലെങ്കിലും ഫീസ് അടയ്ക്കണമെന്ന നിർദേശം ചിലർക്കു ലഭിച്ചിട്ടുണ്ട്.

- Advertisement -

സർട്ടിഫിക്കറ്റുകളെല്ലാം യുക്രെയ്നിൽ

ആറു മാസത്തിനകം തിരികെ പോകാമെന്ന പ്രതീക്ഷയിലാണ് ഹർകീവ് നാഷനൽ യൂണിവേഴ്സിറ്റി വിദ്യാർഥി കായംകുളം മുക്കവല ചന്ദനവേലിൽ ഹസ്ന. ഓൺലൈൻ ക്ലാസ് നടക്കുന്നുണ്ട്. ഒന്നാം വർഷത്തെ ഫീസ് മുഴുവൻ അടച്ചിരുന്നു. ക്ലാസ് മുടങ്ങിയതിനാൽ അതിൽ ഇളവുണ്ടാകുമോ എന്നറിയില്ല. സർട്ടിഫിക്കറ്റുകളെല്ലാം അവിടെയായതിനാൽ നാട്ടിൽ വേറെ കോഴ്സിനൊന്നും ചേരാൻ കഴിയുന്നില്ല.

അധ്യാപകരെല്ലാം സഹായത്തിനുണ്ട്

യുദ്ധത്തിന്റെ ആദ്യനാളുകളിൽ 30 കിലോമീറ്റർ നടന്ന് റെയിൽവേ സ്റ്റേഷനിൽ എത്തിയ 300 വിദ്യാർഥികളിൽ ഒരാളാണ് കായംകുളം കൊറ്റുകുളങ്ങര സൽമാൻസിൽ സഫ്‌വാൻ. വിഎൻ കരാസിൻ ഹർകീവ് നാഷനൽ യൂണിവേഴ്സിറ്റി വിദ്യാർഥി. ഓൺലൈൻ ക്ലാസ് തുടങ്ങിയതോടെ പഠനാന്തരീക്ഷം വീണ്ടെടുത്തു. അധ്യാപകർ നന്നായി സഹായിക്കുന്നുണ്ടെന്ന് സഫ്‌വാൻ പറയുന്നു.

•പോളണ്ടിലേക്കും മറ്റും പോയ അധ്യാപകർ അവിടെയിരുന്ന് ഓൺലൈൻ ക്ലാസ് നടത്തുന്നുണ്ടെന്ന് വി.എൻ.കരാസിൻ കാർക്കി നാഷനൽ യൂണിവേഴ്സിറ്റി നാലാം വർഷ മെഡിക്കൽ വിദ്യാർഥിനി കണ്ണനാകുഴി അമൃതം വീട്ടിൽ അമൃത അമൃതേശ്വരൻ പറഞ്ഞു. നേരിട്ടുള്ള ക്ലാസുകൾ എന്നു തുടങ്ങുമെന്ന് അറിയില്ല.
•വി.എൻ.കരാസിൻ ഹർകീവ് നാഷനൽ യൂണിവേഴ്സിറ്റി കോളജിലെ എംബിബിഎസ് രണ്ടാം വർഷ വിദ്യാർഥി അർജുൻ ഹരി മാന്നാറിലെ വീട്ടിലിരുന്ന് ഓൺലൈൻ ക്ലാസിൽ പഠിക്കുന്നു. അധ്യാപകർ ഇങ്ങോട്ടു വിളിച്ച് സൗകര്യങ്ങൾ ചെയ്യുന്നുണ്ട്.

അയൽരാജ്യങ്ങളിൽ തുടർപഠനം ?

അടുത്ത വർഷം യുക്രെയ്ന്റെ അയൽരാജ്യങ്ങളിൽ തുടർപഠനത്തിന് അവസരമൊരുക്കുമെന്ന സൂചനയിലാണ് ഒഡേസ നാഷനൽ മെഡിക്കൽ കോളജിലെ എംബിബിഎസ് നാലാം വർഷ വിദ്യാർഥി കലവൂർ മധുരിമയിൽ എം.അനുപമയുടെ പ്രതീക്ഷ. ഇപ്പോൾ ദിവസവും ഓൺലൈൻ ക്ലാസുണ്ട്. നാലാം വർഷത്തെ സെമസ്റ്റർ പരീക്ഷകളും ഓൺലൈനായി നടത്തുമെന്നാണ് കോളജ് അധികൃതർ പറഞ്ഞത്.

യുക്രെയ്നിലെത്തി പഠനം തുടരണം

ഉസ്ഹറോദ് നാഷനൽ സർവകലാശാലയിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനികളായ മാവേലിക്കര പടിഞ്ഞാറേനട മംഗലത്ത് ആർ.അനഘ, ചെട്ടികുളങ്ങര ഈരേഴ തെക്ക് അമ്പക്കാട്ട് ആദ്യ, ഉഡഫേ നാഷനൽ സർവകലാശാലയിൽ അഞ്ചാം വർഷ എംബിബിഎസ് വിദ്യാർഥിയായ മാവേലിക്കര കോടതിക്കു സമീപം പച്ചടിക്കാവിൽ പി.ആർ.ആനന്ദ് ശങ്കർ, സർപ്രോസിയ സർവകലാശാല ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനി മാവേലിക്കര വഴുവാടി ഫേബ്സ് വില്ലയിൽ ഫേബ എന്നിവരും ക്യാംപസിലേക്കു മടങ്ങാമെന്ന പ്രതീക്ഷയിലാണ്.

‘സെപ്റ്റംബറിൽ കോളജ് തുറക്കും’

സെപ്റ്റംബറിൽ കോളജ് തുറക്കുമെന്ന അറിയിപ്പിൽ പ്രതീക്ഷയർപ്പിക്കുകയാണ് ടെർഫിൻ നാഷനൽ മെഡിക്കൽ യൂണിവേഴ്സിറ്റി രണ്ടാം സെമസ്റ്റർ വിദ്യാർഥി പച്ച മെതിക്കളത്തിൽ പുത്തൻപുരയിൽ കെവിൻ ഫ്രാൻസിസ്. രണ്ടാഴ്ചയായി ഓൺലൈൻ ക്ലാസുണ്ട്. മേയിൽ മൂന്നാം സെമസ്റ്റർ പക്ഷീയുണ്ടാകുമെന്നാണ് അറിയിപ്പ്. ജൂൺ മുതൽ ഓഗസ്റ്റ് വരെ വെക്കേഷനാണ്.

പ്രാക്ടിക്കൽ ക്ലാസുകളില്ല

•ഓൺലൈൻ പഠനം നടക്കുന്നുണ്ടെങ്കിലും പ്രാക്ടിക്കൽ ക്ലാസുകൾ നഷ്ടമാകുന്നതിന്റെ ആശങ്കയുണ്ട് ആര്യാട് പുന്നമട ചെമ്പന്തറ കണ്ടത്തിൽ ഗോകുൽ ഗിരീഷിന്. ഹർകീവിലെ യൂണിവേഴ്സിറ്റിയിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയാണ്. 80 പേരുള്ള ക്ലാസിൽ 55 പേരും മലയാളികളാണ്.
•ആദ്യ വർഷം ഏറെയും തിയറി ക്ലാസുകളായതിനാൽ ഓൺലൈൻ പഠനം മതിയാകും. പക്ഷേ, അടുത്ത വർഷം പ്രാക്ടിക്കൽ ക്ലാസുകൾ തുടങ്ങണം. തിരികെ പോകാൻ കഴിഞ്ഞില്ലെങ്കിൽ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് ഹർകീവ് സർവകലാശാലയിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥി ആലപ്പുഴ തുമ്പോളി ഏഴരയിൽ സൂരജ് സുവി. തുടർപഠനം സാധ്യമാക്കാൻ കേന്ദ്ര സർക്കാർ നടപടിയെടുക്കുമെന്നു കേട്ടതിൽ പ്രതീക്ഷയുണ്ട്.
•മറ്റു രാജ്യങ്ങളിലേക്കു പഠനം മാറ്റാൻ ഇപ്പോൾ പഠിക്കുന്ന സർവകലാശാലയിൽനിന്ന് എൻഒസി വേണം. അതാണ് രണ്ടാം വർഷ വെറ്ററിനറി വിദ്യാർഥി തുമ്പോളി ഗൗരീശങ്കരത്തിൽ ഗൗതമന്റെ ആശങ്ക. ഓൺലൈൻ ക്ലാസ് നടക്കുന്നുണ്ട്. പക്ഷേ, പ്രാക്ടിക്കൽ ക്ലാസില്ല.

ലിവിവിൽ ബിഎസ്‌സി നഴ്സിങ് ക്ലാസ് തുടങ്ങി 3 മാസം കഴിഞ്ഞപ്പോഴാണ് മനക്കോടം കമ്മിഷൻതറ, രഞ്ജിത്തിന്റെ മകൻ അമൽജിത്ത് തിരികെ പോന്നത്. ഇടയ്ക്കൊക്കെ ഓൺലൈൻ ക്ലാസുണ്ട്. യുദ്ധം കഴിഞ്ഞ് തിരിച്ചു പോകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അമൽജിത്ത്.

അരൂർ ജയനിവാസ് രാധാകൃഷ്ണന്റെ മകൻ ജെ.ആർ.ജയകൃഷ്ണൻ അവസാന വർഷ എംബിബിഎസ് എംഡി വിദ്യാർഥിയായിരുന്നു. കോഴ്സ് കഴിയാൻ ഒന്നരമാസമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഓൺലൈൻ ക്ലാസുണ്ട്.

ഓൺലൈൻ ക്ലാസുകൾ നടക്കുന്നുണ്ടെന്നും തുടർന്നുള്ള കാര്യങ്ങൾ അറിയിക്കാമെന്നാണ് സർവകലാശാലയിൽനിന്നുള്ള മറുപടിയെന്നും ഹർകീവ് നാഷനൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയായ ചെങ്ങന്നൂർ ഇടവങ്കാട് കല്ലൂർ വടക്കേതിൽ നിതിൻ മാത്യു ഫിലിപ്പ് പറഞ്ഞു. യുദ്ധം രൂക്ഷമായതോടെ കഴിഞ്ഞ മാസം ഏഴിനാണു നിതിൻ നാട്ടിലെത്തിയത്.

സാപൊറീഷ്യ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയായ ചെന്നിത്തല സ്വദേശിനി കാവ്യ സുരേഷ് ഓൺലൈൻ പഠനം നടത്തുന്നുണ്ട്. എന്നു യുക്രെയ്നിലേക്കു മടങ്ങാനാകുമെന്ന് അറിയില്ല.

കാർക്കി നാഷനൽ മെഡിക്കൽ കോളജിൽ എല്ലാ വിഷയത്തിനും ഓൺലൈൻ ക്ലാസ് തുടങ്ങിയിട്ടില്ലെന്ന് രണ്ടാം സെമസ്റ്റർ വിദ്യാർഥിനി നൂറനാട് പാലവിളയിൽ കെ.എസ്.അലീന പറയുന്നു. അധ്യാപകരുടെ കുറവാണ് കാരണം. അടുത്ത വർഷത്തെ കാര്യം പിന്നീട് അറിയിക്കാമെന്നാണ് പറഞ്ഞിട്ടുള്ളത്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -