കീവ്: മരിയുപോളിനു സമീപം റഷ്യൻ നിയന്ത്രണത്തിലുള്ള ബെർദ്യാൻസ്ക് തുറമുഖത്ത് റഷ്യൻ കപ്പലുകൾ തകർത്ത് യുക്രെയ്ൻ സേന. യുക്രെയ്ൻ സൈന്യം പങ്കുവച്ച വിഡിയോയിൽ തുറമുഖത്ത് കിടക്കുന്ന റഷ്യൻ യുദ്ധക്കപ്പലായ ഓർസ്ക് കത്തിയമരുന്ന ദൃശ്യങ്ങൾ കാണാം. സമീപമുള്ള രണ്ടു കപ്പലുകൾക്കും കേടുപാടുണ്ട്.
സൈന്യത്തിനാവശ്യമായ സാമഗ്രികൾ എത്തിക്കാൻ റഷ്യ ഉപയോഗിച്ചിരുന്ന തുറമുഖമാണ് ബെർദ്യാൻസ്ക്. ഓർസ്ക് കപ്പൽ തുറമുഖത്തെത്തി നങ്കൂരമിടുന്ന ദൃശ്യങ്ങൾ കഴിഞ്ഞയാഴ്ച റഷ്യൻ ടിവി ചാനലുകൾ വലിയ നേട്ടമായി അവതരിപ്പിച്ചിരുന്നു. സ്ഫോടനത്തിൽ ഓർസ്ക് പൂർണമായും നശിച്ചു. തുറമുഖത്തെ മറ്റു കപ്പലുകളുടെ നാശനഷ്ടം എത്രയെന്നു വ്യക്തമല്ല. സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു
നാറ്റോ കൂടുതൽ സൈനികസഹായം നൽകണമെന്നു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആവശ്യപ്പെട്ടു. പോരാടുന്നതു മുഴുവൻ യൂറോപ്പിനും വേണ്ടിയാണെന്നു പറഞ്ഞ സെലെൻസ്കി, യുക്രെയ്നിനു യൂറോപ്യൻ യൂണിയനിൽ പൂർണ അംഗത്വം നൽകണമെന്നും ആവശ്യപ്പെട്ടു. മറ്റൊരു വിഡിയോയിൽ ജീവൻ നഷ്ടമാകും മുൻപ് റഷ്യക്കാരോടു യുക്രെയ്ൻ വിട്ടുപോകാൻ സെലെൻസ്കി ആഹ്വാനം ചെയ്തു.
അതേ സമയം, നാറ്റോ പ്രകോപിപ്പിച്ചാൽ ആണവായുധം ഉപയോഗിക്കാൻ മടിക്കില്ലെന്നു ഐക്യരാഷ്ട്രസംഘടനയിലെ റഷ്യൻ ഡപ്യൂട്ടി അംബാസഡർ ദിമിത്രി പോള്യാൻസ്കി പറഞ്ഞു.
റഷ്യ – യുക്രെയ്ൻ യുദ്ധം പ്രധാന അപ്ഡേറ്റുകൾ
>മരിയുപോളിൽ നിന്ന് റഷ്യൻസേന പിടിച്ചുകൊണ്ടുപോയത് 15,000 പേരെയാണെന്ന് യുക്രെയ്ൻ അധികൃതർ പറഞ്ഞു. ഇവരെ റഷ്യയിൽ കോൺസെൻട്രേഷൻ ക്യാംപുകളിൽ പാർപ്പിച്ച് നിർബന്ധിത ജോലിക്കു നിയോഗിക്കുമെന്ന് ആശങ്കയുള്ളതായി യുഎന്നിലെ യുഎസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡും പറഞ്ഞിരുന്നു.
>റഷ്യൻ സെൻട്രൽ ബാങ്ക് ഡേറ്റ ഹാക്ക് ചെയ്തെന്ന് അവകാശപ്പെട്ട ഹാക്കർ ഗ്രൂപ്പ് അനോണിമസ്, രഹസ്യരേഖകൾ ഉൾപ്പെടെ ബാങ്കിൽ നിന്നുള്ള 35,000 ഫയലുകൾ 48 മണിക്കൂറിനുള്ളിൽ പ്രസിദ്ധീകരിക്കുമെന്നു പ്രഖ്യാപിച്ചു.
>മോസ്കോയിലെ പ്ലാന്റിൽ കാറുൽപാദനം അവസാനിപ്പിക്കുമെന്നു ഫ്രഞ്ച് കമ്പനിയായ റെനോ അറിയിച്ചു. കഴിഞ്ഞ ദിവസം മോസ്കോ പ്ലാന്റിൽ ഉൽപാദനം തുടരുമെന്ന് കമ്പനി പ്രഖ്യാപിച്ചത് വലിയ വിമർശനങ്ങൾക്കു വഴിവച്ചിരുന്നു.
>കരിങ്കടലിലെ ദ്വീപിൽ കീഴടങ്ങാൻ ആവശ്യപ്പെട്ട റഷ്യൻ സൈന്യത്തോട് ‘പോയി തുലയാൻ’ മറുപടി പറഞ്ഞ് വൈറലായ സൈനികർ യുക്രെയ്നിൽ തിരികെയെത്തി. റഷ്യയുദ്ധത്തടവുകാരായി കൊണ്ടുപോയ ഇവരെ 10 റഷ്യൻ യുദ്ധത്തടവുകാർക്കു പകരമായാണ് കൈമാറിയത്.