കോട്ടയം: സിൽവർലൈൻ യാത്രയ്ക്കുവേണ്ടി നിശ്ചയിച്ച കുറഞ്ഞനിരക്കും പദ്ധതിയുടെ വരുമാനം കണക്കാക്കാൻ എടുത്ത കുറഞ്ഞ യാത്രക്കൂലിയും തമ്മിൽ അന്തരം. സിസ്ട്ര തയ്യാറാക്കിയ വിശദപഠനരേഖയിലാണ് വ്യത്യസ്ത കണക്കുകൾ.
ഒരു ഗതാഗതപദ്ധതിയുടെ യാത്രാവരുമാനം കണക്കാക്കാൻ ഉപയോഗിച്ച കുറഞ്ഞനിരക്ക് തന്നെയാകണം ആ പദ്ധതിയുടെ യഥാർഥ യാത്രക്കൂലിയും. വരുമാനം ഉയർത്തിക്കാണിക്കാൻ കുറഞ്ഞനിരക്കിൽ വർധനവരുത്തി മറ്റൊരു കണക്ക്
ഉണ്ടാക്കുകയായിരുന്നെന്ന സംശയമാണുയരുന്നത്.
ബോധപൂർവമല്ലെങ്കിൽ
സിസ്ട്രയുടെ വിശദപഠനരേഖയിൽവന്ന മറ്റൊരു പിഴവായിക്കണ്ട് ഇതും തിരുത്തേണ്ടിവരും.
യാത്രക്കാരുടെ എണ്ണത്തിൽ പ്രാഥമിക, അന്തിമ, വിശദ പദ്ധതിരേഖകളിൽ വലിയ അന്തരം വന്നത് ഇതിനോടകം ചർച്ചയായിട്ടുണ്ട്.
കിലോമീറ്ററിന് 2.75 രൂപ നിരക്കിലാണ് കുറഞ്ഞ യാത്രക്കൂലി കണക്കാക്കിയത്. ഇതുപ്രകാരം വാർഷികവരുമാനം 1602 കോടിയാണ്. എന്നാൽ, വരുമാനക്കണക്ക് പ്രത്യേകമായി പറയുന്നിടത്ത് കുറഞ്ഞ യാത്രക്കൂലി കിലോമീറ്ററിന് 3.91 രൂപയാണ്. ഇതുപ്രകാരം വരുമാനം 2276 കോടി ലഭിക്കും. 42 ശതമാനം വർധനയാണ് കുറഞ്ഞനിരക്കിൽ വരുത്തിയിരിക്കുന്നത്. ഇത് 2025-26ൽ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതാണ്. അഞ്ചുവർഷത്തിനുശേഷം കുറഞ്ഞ യാത്രക്കൂലി 3.58 രൂപ നിരക്കിൽ ആയിരിക്കുമെന്ന് റിപ്പോർട്ട് കണക്കാക്കുന്നു. വരുമാനം 2451 കോടിയും. വരുമാനക്കണക്കിന്റെ പ്രത്യേകഭാഗത്ത് കുറഞ്ഞ യാത്രക്കൂലി ഈ സമയത്ത് 6.58 രൂപയാക്കി നിശ്ചയിച്ചു. വരുമാനം 4504 കോടിയാക്കി ഉയർത്തി.
2041-42ൽ കുറഞ്ഞനിരക്ക് 7.20 രൂപയും വരുമാനം 6926 കോടിയുമാണ്. എന്നാൽ, വരുമാനം മാത്രം വിലയിരുത്തുന്ന ഭാഗത്ത് കുറഞ്ഞനിരക്ക് 10.77 രൂപയും വരുമാനം 10,361 കോടിയും കാണിക്കുന്നു.