പുതുക്കാട്: ‘1000 രൂപയുടെ കൂപ്പൺ അടിച്ചാൽ 68 സെന്റ് സ്ഥലം’ എന്ന തലക്കെട്ടിൽ ഇന്നലെ മനോരമ നൽകിയ വാർത്തയെത്തുടർന്നു ദമ്പതികൾക്കു ലോകത്തിന്റെ നാനാ ഭാഗത്തു നിന്നു മൊബൈലിൽ വിളികളെത്തി. സ്ഥലം മുഴുവൻ 30 ലക്ഷം രൂപയ്ക്കു വാങ്ങാൻ തയാറാണെന്നു ജപ്പാനിൽ നിന്നൊരു മലയാളി അറിയിച്ചു. അഞ്ഞൂറോളം ടിക്കറ്റ് വിറ്റു പോയതിനാൽ ഇനി വാക്കു മാറ്റാനാവില്ലെന്ന മറുപടി നൽകി ഇവർ. കല്ലൂർ നായരങ്ങാടി തുണിയമ്പ്രാലിൽ മുജി തോമസും ഭാര്യ ബൈസിയുമാണു വിൽപന നടക്കാതായ സ്ഥലം 1000 രൂപയുടെ 3000 കൂപ്പണുകൾ വിറ്റു നറുക്കെടുപ്പിനൊരുങ്ങുന്നത്.
നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നയാൾക്കു സ്ഥലം തീറെഴുതി നൽകുമെന്നാണു വാഗ്ദാനം. നാട്ടിലുള്ള വിലാസത്തിലേക്കു ടിക്കറ്റ് അയച്ചു നൽകാൻ ആവശ്യപ്പെട്ട് ഗൾഫിൽ നിന്നും വിളികളേറെയാണ്. കെ–റെയിൽ ഉദ്യോഗസ്ഥർ കുറ്റി സ്ഥാപിച്ച സ്ഥലമാണോ, സ്ഥിരമായി ആനയിറങ്ങുന്ന കുന്നിൻ ചെരുവാണോ തുടങ്ങി സംശയങ്ങളോടെ വിളിക്കുന്നവരും വിരളമല്ല.
പലരും ടിക്കറ്റ് ഉറപ്പാക്കാൻ പണം അയച്ചു തരുന്നുണ്ടെങ്കിലും ടിക്കറ്റ് അയച്ചുകൊടുക്കാൻ വിലാസം നൽകാത്തത് തലവേദനയാണെന്ന് ഇവർ പറയുന്നു. ചുരുക്കം ആളുകൾ വിലാസം ആവശ്യപ്പെട്ടിട്ടും നൽകുന്നില്ലെന്നും പറയുന്നുണ്ട്. നിലനിൽപിന്റെ ഭാഗമായി നടത്തിയ ഭാഗ്യപരീക്ഷണം ജനം സ്വീകരിച്ചതിന്റെ സന്തോഷത്തിലാണു മുജി തോമസും ബൈസിയും. 4 വർഷം നിരന്തരം പരിശ്രമിച്ചിട്ടും തരക്കേടില്ലാത്ത വിലക്ക് ഭൂമി വിറ്റഴിക്കാൻ സാധിക്കാതെ വന്നതോടെയാണ് ദമ്പതികൾ പുതിയ ആശയം പരീക്ഷിച്ചത്.