കൊച്ചി: ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയില്‍ ക്യാമറ വെച്ച ചരിത്രമാണ് എറണാകുളം ജില്ലയിലെ സിപിഐഎമ്മിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റേതെന്ന പേരില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതില്‍ ചവറയില്‍ അറസ്റ്റിലായത് സിപിഐഎം പ്രവര്‍ത്തകനാണെന്നും പാലക്കാട് അറസ്റ്റിലായ കെടിഡിസി ജീവനക്കാരന് സിഐടിയു അംഗമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വീഡിയോ വ്യാജമാണെങ്കില്‍ അപ്ലോഡ് ചെയ്തവരേയാണ് അറസ്റ്റ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ ആ വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. ഒരു കാരണവശാലും ന്യായീകരിക്കാനാകില്ല. സിപിഐഎമ്മുകാരും ബിജെപിക്കാരും പ്രചരിപ്പിച്ചിട്ടുണ്ട്. അപ്ലോഡ് ചെയ്തത് ആരാണെന്ന് അന്വേഷിച്ചാല്‍ വാദി പ്രതിയാവും. ലെനിന് സെന്ററില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി വിശ്രമിക്കുന്ന കട്ടിലിനടിയില്‍ ക്യാമറ വെച്ച ചരിത്രമാണ് സിപിഐഎമ്മിനുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാക്കുകള്‍:
ഇന്നലെ ഞാന്‍ നടത്തിയ പത്ര സമ്മേളനത്തെ സിപിഐഎം സൈബര്‍ സംഘങ്ങള്‍ എങ്ങനെയെല്ലാമാണ് തെറ്റായി വ്യാഖ്യാനിച്ച് കൊടുത്തത്. ഞാന്‍ മാധ്യമ പ്രവര്‍ത്തകരെ വളരെ മോശമായ തെറിവിളിച്ചു എന്ന് വരെ സൈബര്‍ സംഘം പ്രചരിപ്പിച്ചു. എകെ ആന്റണിയോട് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ ഇത് ശരിയല്ല, മുഖ്യമന്ത്രിയോട് ഇങ്ങനെ ചെയ്യുമോ എന്ന് ചോദിച്ചു. ഞാന്‍ വലിയ തെറി മാധ്യമപ്രവര്‍ത്തകനെ വിളിച്ചു എന്ന് അവര്‍ പ്രചരിപ്പിച്ചു. അവര്‍ എന്തും പ്രചരിപ്പിക്കും. ഞാന്‍ പറഞ്ഞു ഇതൊക്കെ സാധാരണയാണ്, എല്ലാവരും ഇത് കിട്ടിയാല്‍ പ്രചരിപ്പിക്കും എന്ന് പറഞ്ഞെന്ന് അവര്‍ പ്രചരിപ്പിച്ചു. അങ്ങനെയാണോ ഞാന്‍ പറഞ്ഞത്. ആ അശ്ലീല വീഡിയോ പ്രചരിപ്പിച്ചവരെയെല്ല, അപ്ലോഡ് ചെയ്തവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്. വീഡിയോ വ്യാജമാണെങ്കില്‍ അപ്ലോഡ് ചെയ്തവരേയാണ് അറസ്റ്റ് ചെയ്യേണ്ടത്. ഒത്തിരിപ്പേര് ആ വീഡിയോ പ്രചരിപ്പിച്ചിട്ടുണ്ട്. ബിജെപിക്കാരും സിപിഐഎമ്മുകാരും പ്രചരിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിച്ചിട്ടുണ്ടാവും. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. ഒരു കാരണവശാലും ന്യായീകരിക്കില്ല. ഇതില്‍ മുന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്.
ഇതില്‍ ചവറയില്‍ ശക്തികുളങ്ങരയില്‍ അറസ്റ്റ് ചെയ്ത ജേക്കബ് ഹെന്റി സിപിഐഎമ്മുകാരനാണ്. പാലക്കാട് അറസ്റ്റ് ചെയ്ത ശിവദാസ് കൊഴിഞ്ഞാമ്പാറയിലെ കെടിഡിസിയിലെ സിഐടിയു പ്രവര്‍ത്തകനാണ്. ഞങ്ങള്‍ അന്വേഷിച്ചതാണ്. അപ്ലോഡ് ചെയ്തത് അന്വേഷിച്ചാല്‍ വാദി പ്രതിയാവും. സ്വന്തം ജില്ലാ സെക്രട്ടറി കിടക്കുന്ന കട്ടിലിന്റെ അടിയില്‍ ക്യാമറ കൊണ്ടുവെച്ച വിരുതന്മാരുള്ള ജില്ലയാണിത്. പ്രളയ ഫണ്ട് തട്ടിച്ചവരെ ഒളിവില്‍ താമസിപ്പിച്ച ജില്ലയാണിത്. എനിക്കെതിരായിട്ടുള്ള വീഡിയോ പ്രചരിപ്പിച്ചിരുന്നു. എന്തും ചെയ്യാന്‍ മടിക്കാത്ത ആളുകളാണ് സിപിഐഎമ്മിലെന്ന് നിങ്ങള്‍ക്ക് തന്നെ അറിയാമല്ലോ. അന്ന് ജില്ലാ സെക്രട്ടറി പുറത്ത് പോയതും തിരിച്ചുവന്നതും നിങ്ങള്‍ക്ക് അറിയാമല്ലോ. ജില്ലാ സെക്രട്ടറിയുടെ കട്ടിലിന്റെ അടിയില്‍ ക്യാമറ വെക്കുന്നവര്‍ ഇതല്ല ഇതിനപ്പുറവും ചെയ്യും. ഇവിടെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് തര്‍ക്കമുണ്ടായിരുന്നു. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ മാറ്റിയിട്ടാണ് വേറൊരു സ്ഥാനാര്‍ത്ഥിയെ ഇവിടെ കൊണ്ടുവന്നത്. ആ സ്ഥാനാര്‍ത്ഥിക്കെതിരായ വികാരം അവര്‍ക്കിടയില്‍ തന്നെയുണ്ട്. അതുകൊണ്ടാണല്ലോ മുഖ്യമന്ത്രി വന്ന് ഇവിടെ പാര്‍ട്ടി മീറ്റിംഗുകള്‍ നടത്തിയത്.