കൊച്ചി: നിയമങ്ങളുണ്ട്, ചട്ടങ്ങളുണ്ട്, സംവിധാനമുണ്ട്, എന്നിട്ടും ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ അനാസ്ഥയാണോ അഴിമതിയാണോ പുകയുന്നതെന്നു വീണ്ടും അന്വേഷിക്കുകയാണ് ജനം. ഭക്ഷണ രീതികളിലും ഭക്ഷണശാലകളുടെ കെട്ടിലും മട്ടിലും മാറ്റങ്ങൾ പ്രകടമെങ്കിലും വിദ്യാർഥിനി ഷവർമ കഴിച്ചു മരിച്ചതുപോലെയുള്ള സംഭവങ്ങൾ ആശങ്കയുണ്ടാക്കുകയാണ്. അതിനാലാണു വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ഭക്ഷ്യ സുരക്ഷ കമ്മിഷണർ നിലവിലെ സ്ഥിതിഗതികളും സ്വീകരിക്കുന്ന നടപടികളും വ്യക്തമാക്കി റിപ്പോർട്ടും ഹൈക്കോടതിയിൽ നൽകി.
എന്നാൽ, അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതെല്ലാം കെട്ടടങ്ങുമ്പോൾ പതിവുപോലെ വീണ്ടും അനധികൃത ഭക്ഷ്യശാലകൾ മുളച്ചുപൊന്തുമെന്നാണ് ആരോപണം. ഭക്ഷണത്തിന്റെ നിലവാരവും സുരക്ഷയും ഭക്ഷണശാലകളിലെ ശുചിത്വവും ഉറപ്പാക്കാൻ സംസ്ഥാനത്ത് 32 സ്ക്വാഡുകൾ പ്രവർത്തിക്കുന്നതിനിടെയാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് അനധികൃത ഭക്ഷണവിൽപനശാലകൾ പ്രവർത്തിക്കുന്നത്.
ദേവനന്ദ ഷവർമ കഴിച്ച ചെറുവത്തൂരിലെ ഐഡിയൽ കൂൾ ബാർ ആൻഡ് ഫുഡ് പോയിന്റിന്റെ ലൈസൻസ് കാലാവധി 2021 ഒക്ടോബർ 30ന് അവസാനിച്ചതാണ്. ഈ സ്ഥാപനം ഭക്ഷ്യസുരക്ഷ നിലവാരനിയമം 2006 പ്രകാരം ശുചിത്വം സംബന്ധിച്ചുള്ള വ്യവസ്ഥകൾ പാലിച്ചിരുന്നില്ലെന്നു പരിശോധനയിൽ വ്യക്തമായിരുന്നെന്നു ഭക്ഷ്യസുരക്ഷ കമ്മിഷണർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.
ഐഡിയൽ കൂൾബാറിൽനിന്ന് ചിക്കൻ ഷവർമ കഴിച്ചയാളിൽനിന്ന് മേയ് ഒന്നിന് രാവിലെ 10നാണ് പരാതി ലഭിച്ചതെന്നു കമ്മിഷണർ നൽകിയ റിപ്പോർട്ടിൽ പറയുന്നു. അസി.കമ്മിഷണർക്കാണു പരാതി ലഭിച്ചത്. തൃക്കരിപ്പൂർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫിസർ കൂൾ ബാർ ഉടൻ പരിശോധിച്ച് ഭക്ഷ്യ വസ്തുക്കളുടെയും ചിക്കൻ ഷവർമയുടെയും സാംപിളുകൾ ശേഖരിച്ചു. ഇവ റീജനൽ അനലിറ്റിക്കൽ ലബോറട്ടറിക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇവിടെനിന്നു ജല സാംപിളുകളും എടുത്തിട്ടുണ്ട്. ഇതിന്റെ പരിശോധന റിപ്പോർട്ട് കാത്തിരിക്കുകയാണ്. സാധുവായ ലൈസൻസ് ഇല്ലാത്തതിനെ തുടർന്നു കൂൾബാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പൂട്ടിച്ചു.
80 കിലോഗ്രാം ചിക്കൻ ഷവർമയാണ് ഏപ്രിൽ 29ന് ഇവിടെ തയാറാക്കിയത്. വൈകിട്ട് ഏഴോടെ ഇവയെല്ലാം വിറ്റുതീർന്നു. ഈ ദിവസം ചില വിദ്യാർഥികളും ചിക്കൻ ഷവർമ കഴിച്ചിരുന്നു. ബദരിയ ചിക്കൻ സെന്റർ എന്ന സ്ഥാപനത്തിൽനിന്നാണ് കൂൾബാർ ചിക്കൻ വാങ്ങിയത്. ശുചിത്വക്കുറവുമൂലവും സാധുവായ ലൈസൻസില്ലാത്തതിനാലും ഈ സ്ഥാപനവും അധികൃതർ പൂട്ടി.
നിയമമുണ്ട്, സംവിധാനമുണ്ട്, പക്ഷേ…
പൊതുജനങ്ങൾക്ക് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷ നിലവാരം നിയമം 2006 പ്രകാരം ഭക്ഷ്യസുരക്ഷ വകുപ്പിലെ രണ്ടുവിഭാഗങ്ങളാണു സംയുക്തമായി പ്രവർത്തിക്കുന്നത്. എൻഫോഴ്സ്മെന്റ്, അനാലിസ് വിങ്ങുകളാണ് ഇവ. ഓരോ ഘട്ടത്തിലും ഹോട്ടലുകൾ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതുമുണ്ട്. ഭക്ഷ്യസുരക്ഷ നിയമത്തിന്റെ 26–ാം സെക്‌ഷനിൽ ഫുഡ് ബിസിനസ് ഓപ്പറേറ്ററിന്റെ ഉത്തരവാദിത്തങ്ങൾ എണ്ണിയെണ്ണി വ്യക്തമാക്കിയിട്ടുണ്ട്.
സുരക്ഷിതമല്ലാത്തത്, തെറ്റായി ബ്രാൻഡ് ചെയ്തത്, ബാഹ്യമായ സാധനങ്ങൾ ചേർത്തത്, അധികൃതർ നിരോധിച്ചത് തുടങ്ങിയവ നിർമിക്കുകയോ, സൂക്ഷിക്കുകയോ, വിൽക്കുകയോ, വിതരണം ചെയ്യുകയോ ചെയ്യരുതെന്നു നിയമത്തിൽ നിഷ്കർഷിക്കുന്നു. നിർമാതാക്കൾ, പാക്കേഴ്സ്, മൊത്തക്കച്ചവടക്കാർ, വിതരണക്കാർ തുടങ്ങിയവർ കാലാവധി കഴിഞ്ഞത്, സുരക്ഷിതമല്ലാത്തത്, തെറ്റായി ബ്രാൻഡ് ചെയ്തത്, നിയമം ലംഘിച്ചു സ്റ്റോർ ചെയ്തത്, സുരക്ഷിതമല്ലെന്ന് അറിഞ്ഞു സ്വീകരിച്ചത് തുടങ്ങിയവ വിതരണം ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. ഇതുകൂടാതെ, ശുചിത്വമില്ലാത്ത സാഹചര്യങ്ങളിൽ സൂക്ഷിച്ചിട്ടുള്ള വസ്തുക്കൾ വിൽക്കുന്നതും കുറ്റകരമാണ്.
സംസ്ഥാനത്ത് ഭക്ഷ്യ നിലവാരം സംരക്ഷിക്കാനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുമായി എല്ലാ ജില്ലകളിലും ഫുഡ് സേഫ്റ്റി സ്ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ട്. 32 സ്ക്വാഡുകളാണ് പ്രവർത്തിക്കുന്നത്. ഇവയിൽ ഓരോന്നിലും രണ്ടു മുതൽ മൂന്നുവരെ സേഫ്റ്റി ഓഫിസർമാരുമുണ്ട്. ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മിഷണറുടെ കീഴിലാണ് ഇവരുടെ പ്രവർത്തനം. പരിശോധനയ്ക്കായി സ്ക്വാഡ് സാംപിളുകൾ ശേഖരിക്കുകയാണു ചെയ്യുന്നത്. സുരക്ഷിതമല്ലാത്തത്, നിലവാരമില്ലാത്തത്, തെറ്റായി ബ്രാൻഡ് ചെയ്തത് എന്നിവയിലേതെങ്കിലുമാണെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കും. കഴിഞ്ഞ രണ്ടുവർഷങ്ങളിലായി 12,683 സാംപിളുകളാണു ശേഖരിച്ചിരിക്കുന്നതെന്നു ഭക്ഷ്യ സുരക്ഷ കമ്മിഷണർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. 538 പ്രോസിക്യൂഷൻ കേസുകളും 832 അഡ്ജുഡിക്കേഷൻ കേസുകളുമാണു കുറ്റക്കാർക്കെതിരെ ഫയൽ ചെയ്തിരിക്കുന്നത്. ഈ രണ്ടുവർഷങ്ങളിലായി ഭക്ഷ്യശാലകൾക്കായി 58,948 ലൈസൻസുകളും 2,25,317 റജിസ്ട്രേഷനും നൽകിയിട്ടുണ്ട്.
2011ലെ ഭക്ഷ്യസുരക്ഷ നിലവാര ചട്ടപ്രകാരം ഭക്ഷ്യശാലകൾ ശുചിത്വം, സാനിറ്ററി സംവിധാനം എന്നിവ കൃത്യമായി പാലിക്കേണ്ടതുണ്ട്. വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അധികാരവുമുണ്ട്. ചട്ടങ്ങൾ പാലിച്ചില്ലെന്നു കണ്ടാൽ ഉദ്യോഗസ്ഥന് ഭക്ഷ്യശാലകൾക്കു മെച്ചപ്പെടുത്താനുള്ള നോട്ടിസ് നൽകാം. ഭക്ഷ്യശാലകളുടെ ചട്ടലംഘനം നോട്ടിസിൽ പ്രതിപാദിച്ചിരിക്കണം. ചട്ടങ്ങൾ പാലിക്കാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും വിശദമാക്കണം. നിർദിഷ്ട ദിവസത്തിനുള്ളിൽ ഇവ പാലിക്കാനും നിർദേശം നൽകണം. മെച്ചമാക്കൽ നോട്ടിസിലെ നിർദേശങ്ങൾ പാലിക്കാതിരുന്നാൽ ഉദ്യോഗസ്ഥനു ലൈസൻസ് സസ്പെൻഡ് ചെയ്യാൻ അധികാരമുണ്ട്. കാരണം കാണിക്കലിന് അവസരം നൽകിയശേഷം വേണമെങ്കിൽ ലൈസൻസ് റദ്ദാക്കാനും ഉദ്യോഗസ്ഥന് അധികാരമുണ്ട്. കാരണങ്ങൾ ഉദ്യോഗസ്ഥൻ രേഖാമൂലം വ്യക്തമാക്കുകയും വേണം. ഇതുസംബന്ധിച്ച് 59,474 പരിശോധനകളാണ് കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷങ്ങളിലായി നടത്തിയതെന്ന് കമ്മിഷണർ അറിയിച്ചു. മെച്ചപ്പെടുത്തൽ നോട്ടിസുകൾ നൽകിയത് 811 എണ്ണമാണ്.
നിയമവും സംവിധാനവുമുണ്ടായിട്ടും നിലവാര തകർച്ചയും സുരക്ഷിതത്വമില്ലായ്മയും ഭക്ഷ്യമേഖലയെ വിടാതെ പിന്തുടരുകയാണ്. അന്യസംസ്ഥാനങ്ങളെക്കാൾ മുന്നിലാണെങ്കിലും വൃത്തിയുടെയും നിലവാരത്തിന്റെയും കാര്യത്തിൽ കേരളത്തിന്റെ അവകാശവാദങ്ങൾ യഥാർഥ കണക്കുകൾക്കു മുൻപിൽ പതറുകയാണ് ചെയ്യുന്നത്. അതിനാലാണ് ഇത്തരം സംഭവങ്ങൾക്കു നേരെ കണ്ണടയ്ക്കാനാവില്ലെന്നു ഹൈക്കോടതി പറഞ്ഞത്. ഈ വിഷയത്തിൽ സ്വമേധയാ എടുത്ത കേസിലായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവരുടെ പരാമർശം. പരിശോധനകൾ നാലു ദിവസം നടത്തിയാൽ പോരാ, വർഷം മുഴുവൻ നടത്തണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തു ചെയ്യാനാവുമെന്ന് സർക്കാരും ഭക്ഷ്യ സുരക്ഷാ വകുപ്പും വിശദീകരിക്കണമെന്നാണു കോടതി നിർദേശം. ഹർജി 25 നു വീണ്ടും പരിഗണിക്കും.