കരിങ്കടൽ ഫ്ലീറ്റിലെ തങ്ങളുടെ അഭിമാനചിഹ്നവും കൊടിക്കപ്പലുമായ മിസൈൽ ക്രൂസർ മോസ്ക്വയെ യുക്രെയ്ൻ ആക്രമിച്ചതും തകരാർ വരുത്തിയതും ഞെട്ടലോടെ കാണുകയാണു റഷ്യ. ഗുരുതരമായി ക്ഷതം നേരിട്ട മോസ്ക്വയെ കെട്ടിവലിച്ച് തുറമുഖത്തെത്തിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് റഷ്യ. ഇതിനിടയിൽ ഒരു പേര് മുഴങ്ങിക്കേൾക്കുന്നു. നെപ്റ്റ്യൂൺ മിസൈൽ

യുക്രെയ്ൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ വിഭാഗം സ്വതന്ത്രമായി രൂപകൽപന ചെയ്തു വികസിപ്പിച്ചെടുത്ത കപ്പൽവേധ മിസൈലാണു നെപ്ട്യൂൺ. സോവിയറ്റ് കാലഘട്ടത്തിലെ സ്വെസ്ഡ കെ–എച്ച് 35 ആന്റി–ഷിപ് മിസൈലിന്റെ ഒരു പുതിയ പതിപ്പാണ് നെപ്ട്യൂൺ. എന്നാൽ സ്വെസ്ഡയെക്കാൾ മികച്ച ഇലക്ട്രോണിക് സംവിധാനങ്ങളും കൂടുതൽ ബൃഹത്തായ റേഞ്ചും നെപ്റ്റ്യൂണിനുണ്ട്.
2013ലാണ് നെപ്ട്യൂൺ മിസൈലിന്റെ ഗവേഷണം തുടങ്ങിയത്. 2019 ആയതോടെ മിസൈൽ പൂർത്തീകരിച്ചു. അതേ വർഷം തന്നെ യുക്രെയ്ൻ സൈന്യം ഇവ ഉപയോഗത്തിനായി ഗവേഷണ സ്ഥാപനത്തിൽ നിന്നു വാങ്ങിച്ചുതുടങ്ങുകയും ചെയ്തു.
5 മീറ്ററോളം നീളമുള്ള ചെറുമിസൈലാണു നെപ്ട്യൂൺ. 140 കിലോ വരെ ഭാരമുള്ള പോർമുന ഇതിലുണ്ട്. 5000 ടൺ വരെ കേവുഭാരമുള്ള ഡിസ്ട്രോയറുകൾ, പടക്കപ്പലുകൾ തുടങ്ങിയവയെ മുക്കാൻ ഈ മിസൈലിനു കഴിയും. ഈ മിസൈലിനു സ്വന്തമായി ഒരു ഗതിനിയന്ത്രണ സംവിധാനമുണ്ട്. കടലിനു മുകളിൽ 10–15 മീറ്റർ ഉയരത്തിൽ പറക്കുന്ന ഈ മിസൈൽ പക്ഷേ ലക്ഷ്യവസ്തുവായ കപ്പലിനു സമീപമെത്തുമ്പോൾ ഏഴുമീറ്ററോളം താഴേക്കു പോകും. കപ്പലിന്റെ നിരീക്ഷണ സംവിധാനങ്ങളെ കബളിപ്പിക്കാനായാണ് ഇത്.
275 കിലോമീറ്ററോളം റേഞ്ചുള്ള മിസൈലാണ് നെപ്ട്യൂൺ. കര, വായു, വെള്ളം എന്നിവയിൽ എവിടെ നിന്നും ഇതു പ്രയോഗിക്കാം. നെപ്ട്യൂൺ വിക്ഷേപിക്കുന്ന 20 ലോഞ്ചറുകളാണ് ഇപ്പോൾ യുക്രെയ്ൻ സേനയുടെ പക്കലുള്ളത്. 90 എണ്ണം കൂടി വാങ്ങാൻ യുക്രെയ്നു പദ്ധതിയുണ്ടായിരുന്നെങ്കിലും റഷ്യൻ യുദ്ധം മൂലം അതു നടന്നില്ല.