മരിയുപോൾ നഗരം പിടിക്കാൻ ശക്തമായ ആക്രമണം തുടരുമ്പോൾ നഗരത്തിന്റെ തന്ത്രപ്രധാന മേഖലകളും റഷ്യൻ സേനയുടെ പിടിയിലായി. അസോവ് കടലിലേക്കുള്ള പാത പൂർണമായും റഷ്യ പിടിച്ചെടുത്തതായി യുക്രെയ്ൻ പറഞ്ഞു. അതേസമയം, നഗരം റഷ്യയുടെ നിയന്ത്രണത്തിലായതായി സ്ഥിരീകരണമില്ല. മരിയുപോൾ പിടിച്ചെടുത്താൽ റഷ്യയ്ക്ക് ക്രൈമിയയിലേക്കു കരമാർഗമുള്ള ഇടനാഴിയാകും. അസോവ് തീരത്തെ സുപ്രധാന തുറമുഖമെന്ന നിലയ്ക്ക് മരിയുപോൾ റഷ്യയ്ക്കും യുക്രെയ്നും പ്രധാനമാണ്.
ഇനിയും പതിനായിരക്കണക്കിനാളുകൾ കുടുങ്ങിക്കിടക്കുന്ന മരിയുപോളിൽ സ്ഥിതി വഷളായി. നഗരകേന്ദ്രങ്ങളിൽ റഷ്യൻ ടാങ്കുകൾ ശക്തമായ ആക്രമണം നടത്തുമ്പോൾ ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ കൊടുംതണുപ്പിൽ മരണത്തെ മുഖാമുഖം കണ്ടുകഴിയുന്നത് 3 ലക്ഷത്തോളം പേരാണ്. ഇവർക്കായി ശേഖരിച്ച ഭക്ഷണവും മരുന്നും എത്തിക്കാൻ റഷ്യൻ സൈന്യം അനുവദിക്കുന്നില്ലെന്നു യുക്രെയ്ൻ ആരോപിച്ചു. കഴിഞ്ഞ ദിവസം റഷ്യൻ ആക്രമണത്തിൽ തകർന്ന മരിയുപോൾ നാടകശാലയിൽ ഇനിയും 1300 പേർ കുടുങ്ങിക്കിടപ്പുണ്ടെന്നാണു സൂചന. ജനവാസമേഖലകളിലേത് ഉൾപ്പെടെ നഗരത്തിലെ 80% കെട്ടിടങ്ങളും ആക്രമണത്തിൽ തകർന്നു.


അതേസമയം, മരിയുപോളിലും കീവിലെ വിവിധ മേഖലകളിലും കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കാൻ പുതുതായി 10 സുരക്ഷിത പാതകൾ കൂടിയൊരുക്കാൻ റഷ്യയുമായി ധാരണയായെന്ന് യുക്രെയ്ൻ പറഞ്ഞു. ഹർകീവിലും ഏറ്റുമുട്ടൽ ശക്തമാണ്. എന്നാൽ, ഇവിടെ റഷ്യൻ സൈന്യത്തിന് ആയുധശേഷി കുറഞ്ഞിട്ടുണ്ട്. നേരത്തെ റഷ്യയുടെ നിയന്ത്രണത്തിലായ ഖേർസനിൽ യുക്രെയ്ൻ സൈന്യം ചെറുത്തുനിൽപിലേക്കു തിരിച്ചെത്തി.
പടിഞ്ഞാറൻ യുക്രെയ്നിലെ ഡെലിയാറ്റൻ ഗ്രാമത്തിലുള്ള സൈനിക ഡിപ്പോ തകർക്കാൻ ഹൈപ്പർസോണിക് മിസൈലുകൾ പ്രയോഗിച്ചതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗർ കൊനെഷെങ്കോവ് പറഞ്ഞു. 2000 കിലോമീറ്റർ പരിധിയും ശബ്ദത്തെക്കാൾ 10 മടങ്ങു വേഗവുമുള്ള ഹൈപ്പർസോണിക് മിസൈൽ റഷ്യ ആദ്യമായാണു യുക്രെയ്നിൽ പ്രയോഗിക്കുന്നത്. .