ചെങ്കൽപ്പട്ട്: ഓടുന്ന ബസിൽ ബിയർ കുടിച്ച് വിദ്യാർഥിനികൾ ബഹളം വെച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ. തമിഴ്നാട്ടിലെ ചെങ്കൽപ്പട്ട് ജില്ലയിൽ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലായിരുന്നു. ഇതിനെ തുടർന്നാണ് പോലീസും ജില്ലാ വിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അന്വേഷണ ശേഷം നടപടിയുണ്ടാകുമെന്നും അവർ അറിയിച്ചു.
വിദ്യാർഥികളിലൊരാൾ പകർത്തിയ വീഡിയോയിൽ പെൺകുട്ടികളും ആൺകുട്ടികളും ബിയർ കുടിക്കുന്നത് കാണാം. ചെങ്കൽപ്പാട്ട് പൊൻവിളൈന്തകളത്തൂരിലെ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ട വിദ്യാർഥികളാണ് ദൃശ്യത്തിലുള്ളത്. ഒരു വിദ്യാർഥി കുപ്പിയെടുത്ത് കുടിക്കാൻ തുടങ്ങിയതോടെ മറ്റുള്ളവരും വാങ്ങി കുടിക്കുകയായിരുന്നു. തുടർന്ന് ഇവർ ബഹളം വെച്ചത് ഇതര യാത്രക്കാർ ചോദ്യം ചെയ്തിരുന്നു.
വീഡിയോ വൈറലായപ്പോൾ പഴയതാണെന്ന് ധരിച്ചെങ്കിലും ചൊവ്വാഴ്ച നടന്നതാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. സ്കൂൾ യൂണിഫോമിലുള്ള കുട്ടികൾ നി തിരുക്കഴുകുൺറത്ത് നിന്ന് താളൂരിലേക്കുള്ള ബസ്സിൽ വെച്ചാണ് ബിയർ ഉപയോഗിച്ചത്. സംഭവത്തിൽ തിരുക്കഴുകുൺറം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരെ വിളിച്ച് ഉപദേശിക്കാനാണ് ആലോചിക്കുന്നത്. സ്കൂൾ വിട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവം ഉണ്ടായതെന്നും വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകുമെന്നും ജില്ലാ പ്രിൻസിപ്പൽ എഡ്യുക്കേഷൻ ഓഫീസർ മേരി റോസ് നിർമല, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ദാമോദരൻ എന്നിവർ വ്യക്തമാക്കി.