ന്യൂഡൽഹി: മുൻകൂർ നോട്ടീസ് നൽകാതെ ഏകപക്ഷീയമായി അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യാൻ സമൂഹ മാധ്യങ്ങൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ. പൗരന്റെ മൗലിക അവകാശങ്ങൾ സമൂഹ മാധ്യങ്ങൾ മാനിക്കണമെന്നും ഡൽഹി ഹൈക്കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കേന്ദ്ര ഐ ടി മന്ത്രാലയം വ്യക്തമാക്കി.
അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തതിന് ട്വിറ്ററിനെതിരെ രണ്ടുപേർ നൽകിയ ഹർജിയിലാണ് കേന്ദ്രം നിലപാട്
വ്യക്തമാക്കിയത്. അക്കൗണ്ട് സസ്പെൻഡ് ചെയ്യുക എന്നത് അവസാനത്തെ നടപടി ആയിരിക്കണം. നിയമ വിരുദ്ധമായ ഉള്ളടക്കങ്ങളുള്ള പോസ്റ്റുകൾ നീക്കാൻ സമൂഹ മാധ്യമങ്ങൾക്ക് അധികാരം ഉണ്ട്. ഒരു വ്യക്തി അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് നിരന്തരം നിയമവിരുദ്ധ പോസ്റ്റുകളാണ് ഇടുന്നതെങ്കിൽ ആ അക്കൗണ്ട് സസ്പെൻഡ് ചെയ്യാവുന്നതാണ്. എന്നാൽ മുൻകൂർ നോട്ടീസ് നൽകിയ ശേഷമാകണം സസ്പെൻഷനെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഭരണഘടനയുടെ 14, 19, 21 അനുച്ഛേദങ്ങൾ മുന്നോട്ട്
വയ്ക്കുന്ന മൗലിക
അവകാശങ്ങൾ ഉറപ്പ് വരുത്താൻ തങ്ങൾക്ക് ഭരണഘടനപരമായ ബാധ്യതയുണ്ടെന്ന് കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹികവും സാങ്കേതികവുമായ പുരോഗതി കാരണം പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കാനോ ഉപേക്ഷിക്കാനോ
കഴിയില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഏകപക്ഷീയമായി അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുന്നത് അഭിപ്രായ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതിന് തുല്യമാണെന്നും സത്യവാങ്മൂലത്തിൽ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, അഖണ്ഡത, പൊതുക്രമം, വിദേശ രാജ്യങ്ങളുമായുള്ള സുഹൃദ് ബന്ധങ്ങളെ ബാധിക്കുന്ന തരത്തിലുള്ള ഇടപെടൽ, ലൈംഗീക പീഡനമുൾപ്പടെ നിരോധിത ഉള്ളടക്കങ്ങൾ എന്നിവയെ ബാധിക്കുന്ന പോസ്റ്റുകൾ ഇടുന്ന അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യാൻ സാമൂഹിക മാധ്യമങ്ങൾക്ക് അധികാരമുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.