കീവ്: ക്രെമിന പട്ടണം പിടിച്ചതിനു പിന്നാലെ കിഴക്കൻ യുക്രെയ്നിലെ കൂടുതൽ മേഖലകളിൽ ആധിപത്യമുറപ്പിക്കാനായി റഷ്യൻ സേന പോരാട്ടം ശക്തമാക്കി. ലുഹാൻസ്കിലെ ക്രെമിനയിൽനിന്ന് യുക്രെയ്ൻ സൈനികരെല്ലാം പിന്മാറി. കിഴക്കൻ യുക്രെയ്നിൽ പൂർണമായും റഷ്യയുടെ നിയന്ത്രണത്തിലാകുന്ന ആദ്യത്തെ പട്ടണമാണിത്.

ലുഹാൻസ്കും ഡോനെട്സ്കും ചേർന്നുള്ള ഡോൺബാസ് മേഖല മുഴുവൻ കൈപ്പിടിയിലൊതുക്കി, നേരത്തേ തന്നെ സ്വന്തമാക്കിയിട്ടുള്ള ക്രൈമിയയിലേക്ക് ഇടനാഴിയാക്കി മാറ്റാനാണ് റഷ്യയുടെ ശ്രമമെന്ന് യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. ഹർകീവ് പട്ടണത്തിൽ കനത്ത ഷെല്ലാക്രമണം തുടരുകയാണ്. 3 പേർ മരിച്ചു. 16 പേർക്കു പരുക്കേറ്റു.
വ്യാവസായിക പ്രാധാന്യമുള്ള കിഴക്കൻ യുക്രെയ്നിലെ നഗരങ്ങളും പട്ടണങ്ങളും ആക്രമിച്ചുള്ള റഷ്യയുടെ മുന്നേറ്റം യുദ്ധം പുതിയ ഘട്ടത്തിലേക്കു മാറിയെന്ന സൂചനയാണ്. ജനങ്ങൾ ഭൂരിഭാഗവും റഷ്യൻ ഭാഷ സംസാരിക്കുന്ന ഡോൺബാസ് വീണാൽ യുദ്ധത്തിൽ വഴിത്തിരിവാകും. ഇവിടെ റഷ്യയോടു കൂറുളള തീപ്പൊരി വിമത നേതാക്കളുടെ സാന്നിധ്യവും യുക്രെയ്ൻ ഭരണകൂടത്തിനു വെല്ലുവിളിയാണ്. ക്രെമിനയ്ക്കു ശേഷം സ്ലോവ്യാൻസ്ക്, മരിയുപോൾ എന്നീ കിഴക്കൻ നഗരങ്ങളിലാണ് കണ്ണ്. മരിയുപോളിൽ കീഴടങ്ങാൻ യുക്രെയ്ൻ സേനയ്ക്ക് പുതിയ അന്ത്യശാസനം ഇന്നലെ നൽകി. നേരത്തെയുള്ള മുന്നറിപ്പുകളെല്ലാം യുക്രെയ്ൻ അവഗണിച്ചിരുന്നു.