കോഴിക്കോട്: മോഡല്‍ ഷഹാനയുടെ മരണം ആത്മഹത്യയല്ലെന്ന് സഹോദരൻ ബിലാൽ . ചായ കുടിക്കാത്ത ഷഹാന രണ്ട് കപ്പ് ചായ ഉണ്ടാക്കി വച്ചത് സംശയം ഉണ്ടാക്കുന്നുവെന്ന് ബിലാല്‍ ന്യൂസ് ലൈനോട് പറഞ്ഞു. ഭർത്താവ് സജാദിനെ കൂടാതെ മറ്റാരോ പറമ്പിൽ ബസാറിലെ വീട്ടിൽ എത്തിയിരുന്നെന്ന് സംശയിക്കുന്നു. ഫോറൻസിക് ഫലം വന്നതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ബിലാൽ പറഞ്ഞു.
അതേസമയം, മോഡൽ ഷഹാനയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കുടുംബാംഗങ്ങളുടെ മൊഴി എടുത്തു. മോഡൽ ഷഹാനയുടെ മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടുണ്ടെങ്കിലും അന്വേഷണ സംഘം അന്തിമ നിഗമനത്തിൽ എത്തിയിട്ടില്ല. ഫോറൻസിക് റിപ്പോർട്ടും വരാനുണ്ട്.
ഇനി സുഹൃത്തുകളുടേയും മൊഴി എടുക്കാനുണ്ടെന്നും എ സി പി കെ.സുദർശൻ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ ഫോറൻസിക് ഫലം പ്രതീക്ഷിക്കുന്നുണ്ട്. ഷഹാനയുടെത് ആത്മഹത്യയെന്നായിരുന്നു പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ടിലെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ ഭർത്താവ് സജാദിനെതിരെ ആരോപണങ്ങളുമായി ഷഹാനയുടെ കുടുംബാംഗങ്ങൾ രംഗത്തെത്തിയതോടെയാണ് പൊലീസ് ശാസ്ത്രീയ പരിശോധന നടത്തിയത്.