കൊച്ചി-സമൂഹമാധ്യമങ്ങളിലൂടെ മി ടൂ കലാകാരനെതിരെ ലൈംഗിക പീഡനാരോപണം ഉന്നയിക്കുന്ന യുവതികളോടു നേരിട്ട് പരാതി നൽകാൻ പൊലീസിന്റെ അഭ്യർഥന. അടുത്തിടെയായി പാലാരിവട്ടത്തെ മേക്കപ്പ് ആർട്ടിസ്റ്റിക്കും ചേരാനെല്ലൂരിലെ ടാറ്റൂ കലാകാരനുമെതിരെ ഈയിടെ നിരവധി മീ ടൂ പരാതികളാണു് സമൂഹമാധ്യമങ്ങളിൽ ഉയർന്നു വന്നത്. ടാറ്റൂ കലാകാരൻ പി.എസ്.സുജീഷിനെതിരെ 6 കേസുകളാണ് പോലീസ് ചാർജ്ജ് ചെയ്തിരിക്കുന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ആരോപണം ഉന്നയിച്ച യുവതി പരാതി നൽകാൻ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണു് പൊലീസിൻ്റെ ഇത്തരമൊരു അഭ്യർത്ഥന.
ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗിക ഉദ്യേശ്യത്തോടെ തന്നെ ഇയാൾ കടന്നുപിടിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം. ഇത് ശരിവയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതിനെത്തുടർന്നു വീണ്ടും പരാതി നൽകാൻ യുവതിയോടു പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, യുവതി പരാതി നൽകാൻ തയ്യാറായില്ല. സുജീഷിനെതിരെ മറ്റ് ആറു യുവതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചേരാനെല്ലൂർ,പാലാരിവട്ടം, സ്റ്റേഷനുകളിലായി 6 കേസുകൾ പോലീസ് റജിസ്റ്റർ ചെയ്തു. ചേരാനെല്ലൂർ സ്റ്റേഷനിൽ 2 ബലാത്സംഗകേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്
പരാതിക്കാരായ യുവതികളുടെ വൈദ്യ പരിശോധനയ്ക്കായി പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു.എന്നാൽ ഇവർ ആദ്യം പരിശോധനക്ക് വിസമ്മതിച്ചുവെന്ന് ചേരാനല്ലൂർ എസ് എ ഒ ആർ.എസ്.വിപിൻ പറയുന്നു. വീണ്ടും യുവതികൾക്ക് കൗൺസിലിങ് നൽകിയ ശേഷമാണു ഇവർ വൈദ്യപരിശോധന സമ്മതിച്ചത്. ആറ് പേരുടെയും വൈദ്യ പരിശോധന പൂർത്തിയായി. പീഡനക്കേസുകളിൽ പ്രോസിക്യൂഷൻ കേസ് ദുർബലമാകാതിരിക്കണമെങ്കിൽ വൈദ്യ പരിശോധന ആവശ്യമാണ്. ഇതാണ് പൊലീസിനെ വലയ്ക്കുന്നത്.
കോടതിയിൽ രഹസ്യമൊഴി നൽകാനും യുവതികളിൽ ചിലർ എതിർപ്പു പ്രകടിപ്പിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. ആദ്യഘട്ടത്തിൽ പരാതി ലഭിക്കാതിരുന്നതാണ് മേക്കപ്പ് ആർട്ടിസ്റ്റിനെതിരായ കേസിലു പ്രതി രക്ഷപ്പെടാനിടയാക്കിയതെന്നാണു പൊലീസ് പറയുന്നത്.നേരത്തെ തന്നെ പരാതി ലഭിച്ചിരുന്നെങ്കിൽ പ്രതിക്ക് രക്ഷപെടാനുള്ള സാഹചര്യം ഉണ്ടാകില്ലായിരുന്നെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു