പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ എ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. ആലത്തൂർ ഗവ. എൽ പി സ്കൂൾ അധ്യാപകനും പോപ്പുലർഫ്രണ്ട് ആലത്തൂർ ഡിവിഷണൽ പ്രസിഡന്റായ ബാവ മാസ്റ്ററാണ് അറസ്റ്റിലായത്. സഞ്ജിത് വധത്തിൽ ഗൂഡാലോചന നടന്നത് ബാവയുടെ നേതൃത്വത്തിലാണെന്നാണ് പൊലീസ് പറയുന്നത്. കൊലപാതക ശേഷം ഒളിവിൽ പോയ ബാവയെ തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് പിടികൂടിയത്. കേസിൽ ഇനിയും പ്രതികൾ ഒളിവിലുണ്ട്.
കഴിഞ്ഞവർഷം നവംബർ 15നാണ് ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ
വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജി ഇന്നലെ ഹൈക്കോടതി തള്ളി. അന്വേഷണ പുരോഗതി നേരിട്ടു വിലയിരുത്താൻ സംസ്ഥാന പൊലീസ്
മേധാവിയോട് ഹൈക്കോടതി നിർദേശിച്ചു. അവസാന പ്രതിയെ വരെ പിടികൂടും വരെ രണ്ടാഴ്ച കൂടുമ്പോൾ പൊലീസ് മേധാവി ഹൈക്കോടതിക്കു റിപ്പോർട്ട് നൽകണമെന്നും ഇന്നലെ ഉത്തരവിട്ടു.
കേസിൽ അറസ്റ്റിലായ 11 പ്രതികളിൽ പത്തു പേരെ ഉൾപ്പെടുത്തി പാലക്കാട് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. 350 സാക്ഷികൾ ആണ് ഉള്ളത്. രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. പ്രതികൾ എസ്ഡിപിഐ നേതാക്കളും പ്രവർത്തകരുമാണ്.ആയിരത്തിൽ ഏറെ ഫോൺവിളി രേഖകളും 10 ജിബി സിസിടിവി ദൃശ്യങ്ങളും അടങ്ങുന്നതാണ് കുറ്റപത്രം.