കെ റെയിൽ പദ്ധതിക്കെതിരെയുള്ള ജനരോഷം ശക്തമാവുന്നതിനിടെ ജനങ്ങൾക്കിടയിലേക്കിറങ്ങി ബോധവത്കരണം നടത്താൻ ഒരുങ്ങുകയാണ് സിപിഎം . ജനങ്ങളെ വീണ്ടും പൊള്ളത്തരങ്ങൾ പറഞ്ഞ് വിഡ്ഢികളാക്കി അവരെ കുടിയൊഴിപ്പിക്കാമെന്ന ധാരണയിലാണ് സർക്കാരും സി പി എമ്മും. ഇത്രയും നാളുകൾ ഒരു കിറ്റിന്റെ പേരിൽ വിഡ്ഢികളാക്കിയതുപോലെ ഇനിയും അവരെ പറ്റിക്കാം എന്ന അമിത ആത്മവിശ്വാസമാണ് അവരെ നയിക്കുന്നതെന്ന ആക്ഷേപം ശക്തമാകുന്നുമുണ്ട്.
ഇതിനിടയിൽ ജനങ്ങളെ തെറ്റിധരിപ്പിക്കാനിറങ്ങിയ മന്ത്രി സജി ചെറിയാന് പണി കിട്ടിയ അവസ്ഥയിലാണ്. മന്ത്രി സ്ഥാനവും എം എൽ എ സ്ഥാനവും സ്വന്തം വിഡ്ഡിത്തങ്ങൾ കൊണ്ട് തുലാസിലാക്കി അദ്ദേഹം .
കെ റെയിലിന്റെ ബഫർ സോൺ വിവാദത്തിൽ പെട്ട് പരിഹാസ്യനായതിനു പിന്നാലെ നടത്തിയ മുഖം മിനുക്കൽ ശ്രമമാണ് ഇപ്പോൾ സജി ചെറിയാനെ വെട്ടിലാക്കിയിരിക്കുന്നത് .
കെ റെയില്‍ പദ്ധതിക്കനുകൂലമായി പ്രതിപക്ഷത്തെയും പ്രതിക്ഷേധക്കാരെ അക്ഷേപിച്ച മന്ത്രി സജി ചെറിയാന്‍ തനിക്ക് അഞ്ചു കോടി രൂപ മൂല്യമുള്ള വീടും സ്ഥലവും ഉണ്ടെന്നും കെ റെയിലിനായി വിട്ടു നല്‍കേണ്ടിവന്നാൽ ലഭിക്കുന്ന അഞ്ചു കോടി കരുണ പാലിയേറ്റീവ് സൊസൈറ്റിക്ക് കൈമാറും എന്നുമാണ് കഴിഞ്ഞ ദിവസം പറഞ്ഞത് . എന്നാൽ ഈ പരാമർശത്തിലൂടെ ശ്രീ സജി ചെറിയാൻ തന്നെ സ്വന്തം കുഴി തോണ്ടുകയായിരുന്നു.
കെ റെയിൽ സമരക്കാരോടും കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനോടും ഉള്ള വാശിക്ക് മന്ത്രി പറഞ്ഞ പ്രസ്‌താവനയിൽ തന്റെ ആസ്തി 5 കോടി രൂപയാണ് എന്ന് പരസ്യമായി തന്നെ വ്യക്തമാക്കുന്നുണ്ട് . പരമ്പരാഗതമായി തന്നെ ഭൂസ്വത്തുക്കളും മറ്റുമുള്ള സജി ചെറിയാന് 5 കോടിയിൽ കുറയാതെ ആസ്തി ഉണ്ടാകുമെന്ന് ചെങ്ങന്നൂർ നിവാസികൾക്ക് കണ്ണടച്ചു തന്നെ പറയാനുമാവും.എന്നാൽ ഇതേ സജി ചെറിയാൻ ഇലക്ഷൻ കമ്മീഷന് മുന്നിൽ ഹാജരാക്കിയ സത്യവാങ്മൂലത്തിൽ രേഖപെടുത്തിയിരിയ്ക്കുന്ന ആസ്തി ഈ പറഞ്ഞ അഞ്ചു കൊടിയേക്കാളൊക്കെ വളരെ ചെറിയൊരു തുകയാണ് .
അതായത് തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ സജി ചെറിയാൻ പറഞ്ഞിരിക്കുന്നത് തനിക്കും ഭാര്യയ്ക്കും ചേര്‍ന്ന് വെറും 35,47,191.87 രൂപയുടെ ആസ്തി മാത്രമെ ഉള്ളൂവെന്നാണ് . സജി ചെറിയാന് 25,06,140.87 രൂപയുടെ ആസ്തിയും ഭാര്യയ്ക്ക് 10,41,051 രൂപയുടെയും ആസ്തിയാണ് ആകെയുള്ളത്. 1,14,651 രൂപ കടവും സജി ചെറിയാനുണ്ട്. ആസ്തിയായി പറഞ്ഞിരിക്കുന്നതില്‍ 26 സെന്റ് സ്ഥലം പുരയിടമാണ്. ഇതടക്കം വീടിന് കാണിച്ചിരിക്കുന്ന കമ്പോള വില വെറും 28 ലക്ഷം മാത്രം. ഭാര്യയുടെ പേരില്‍ 4, 41000 രൂപയുടെ കൃഷിഭൂമി ഉണ്ട്. ഈ 28 ലക്ഷം രൂപയുടെ ഭൂമിക്കാണ് ഇപ്പോള്‍ അഞ്ചു കോടി മുല്യമുണ്ടെന്ന് സജി ചെറിയാന്‍ പറയുന്നത്. കമ്മീഷന് നല്‍കിയ കണക്കു പ്രകാരം വെറും 8 ഗ്രാം സ്വര്‍ണം മാത്രമാണ് സജി ചെറിയാനുള്ളത്. ഭാര്യയ്ക്ക് 64 ഗ്രാം സ്വര്‍ണവും ഉണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് സജി ചെറിയാന്റെ കൈവശം ഉണ്ടായിരുന്നത് വെറും 3250 രൂപ മാത്രമായിരുന്നു. ഭാര്യയുടെ കൈവശമാകട്ടെ 2100 രൂപയും.
തെരഞ്ഞെടുപ്പ് കമ്മീഷൻ രേഖയിൽ സജി ചെറിയാൻ നൽകിയ സത്യവാങ്ങ്മൂലത്തിൽ ഒന്നുകിൽ ഇദ്ദേഹം
കമ്മിഷനെയും ജനങ്ങളേയും കബളിപ്പിച്ചതാകാം അല്ലെങ്കിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മന്ത്രിയായതിനു ശേഷം സജി ചെറിയാന്റെ ആസ്തി വലിയ തോതില്‍ വര്‍ധിച്ചതാകാം. എന്തായാലും സജി ചെറിയാൻ ഈ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടതുണ്ട് . കമ്മീഷനെ തെറ്റിധരിപ്പിച്ചതാണെങ്കിൽ അയോഗ്യനാക്കപ്പെടും. ഇനി തിരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം ആസ്തി ഉയർന്നതാണെങ്കിൽ, അധികാരത്തിൽ കയറി വെറും 10 മാസം കൊണ്ട് 35 ലക്ഷം രൂപയുടെ ആസ്തി 5 കോടിയാക്കി മാറ്റിയതിൻ്റെ കണക്ക് മന്ത്രി കാണിക്കേണ്ടി വരും. ഏതു തരത്തിലായാലും മന്ത്രി കുടുങ്ങിയ അവസ്ഥയാണ്