
ആണവ വിസ്ഫോടനം നടന്ന സ്ഥലമായ യുക്രെയ്നിലെ ചേർണോബിലിൽ നിലയുറപ്പിച്ച റഷ്യൻ സൈനികർക്ക് ആണവ വികിരണമേറ്റെന്നും ഇവർ അവിടെ ട്രെഞ്ചുകൾ കുഴിച്ചെന്നും വെളിപ്പെടുത്തൽ. അഞ്ച് ആഴ്ചകളോളം ചേർണോബിൽ റഷ്യയുടെ നിയന്ത്രണത്തിലായിരുന്നു. ചേർണോബിലിൽ സ്ഥിതി ചെയ്തിരുന്ന റഷ്യൻ സേന ഇപ്പോൾ അവിടെ നിന്നു അയൽപക്കത്തുള്ള റഷ്യയുടെ സുഹൃത്‌രാജ്യമായ ബെലാറൂസിലേക്കു കടന്നിട്ടുണ്ട്.
ചേർണോബിൽ ആണവ റിയാക്ടറിനു ചുറ്റുമുള്ള സംരക്ഷിത മേഖലയുടെ ഡയറക്ടറായ എവ്‌ഗെൻ ക്രാമരെൻകോയാണു വിവരങ്ങൾ പുറത്തറിയിച്ചത്. ഇതിന്റെ ചിത്രങ്ങളും ക്രാമരെൻകോ പങ്കുവച്ചു. അധിനിവേശം ഒഴിഞ്ഞശേഷം ചേർണോബിൽ ക്രാമരെൻകോ സന്ദർശിച്ചപ്പോഴാണു വിവരങ്ങളും ചിത്രങ്ങളും ശേഖരിച്ചത്.
റേഡീയോവികിരണശേഷിയുള്ള മണ്ണിലാണ് വലിയ മെഷീനുകൾ ഉപയോഗിച്ച് റഷ്യൻ സൈന്യം ട്രെഞ്ചുകൾ കുഴിച്ചത്. ഇതിന്റെ ഭാഗമായി പുല്ലുപിടിച്ചു കിടന്ന മേൽമണ്ണ് ഇളകുകയും ആണവമാലിന്യമടങ്ങിയ പൊടിപടലങ്ങൾ ആകാശത്തേക്ക് ഉയരുകയും ചെയ്തു. മനുഷ്യർക്കും പരിസ്ഥിതിക്കും വലിയ അപായമുണ്ടാക്കുന്ന ഒരു നടപടിയാണു റഷ്യ ചെയ്തതെന്നാണ് യുക്രെയ്ന്റെ ആരോപണം.
ഇതിനിടെ ചേർണോബിലിലും അതിനു ചുറ്റുമുള്ള റെഡ് ഫോറസ്റ്റിലുമായി നിലയുറപ്പിച്ചിരുന്ന റഷ്യൻ സൈനികർക്ക് ആണവ വികിരണമേറ്റുവെന്നും റിപ്പോർട്ടുകളുണ്ട്.ഇതെത്തുടർന്ന് അസുഖങ്ങളുണ്ടായതിന്റെ ഭീതിയിലാണ് ചേർണോബിലിൽ നിന്ന് റഷ്യ ഉടനടി പിന്മാറിയതെന്നും യുക്രെയ്നിയൻ മാധ്യമങ്ങൾ പറയുന്നു. ആൽഫ, ബീറ്റ, ഗാമ വികിരണങ്ങൾ മൂലം മലിനപ്പെട്ട മണ്ണാണു ചേർണോബിലിലെ നാലം റിയാക്ടറിനു ചുറ്റും. ഇതു ശ്വസിച്ച റഷ്യൻ സൈനികർക്ക് ഭാവിയിൽ ഗുരുതര രോഗങ്ങൾ പോലും വരാമെന്നും ചില ശാസ്ത്രജ്ഞർ പറയുന്നു.
Video proof. russian command did order its soldiers to dig fortifications near the Chornobyl nuclear power plant in the radioactive Red Forest in March, 2022. Complete neglect of human life, even of one's own subordinates, is what a killer-state looks like. pic.twitter.com/VLjNTaW3T3
— Defence of Ukraine (@DefenceU) April 6, 2022
യുക്രെയ്ൻ സോവിയറ്റ് യൂണിയന്‌റെ ഭാഗമായ റിപ്പബ്ലിക്കായി നിന്ന 1986ലാണു ചേർണോബിൽ വിസ്‌ഫോടനം നടന്നത്. ചേർണോബിലിലെ നാലാം റിയാക്ടറിന്റെ ഘടനാപരമായ പാളിച്ചകളും മോശമായ പ്രവർത്തന സംവിധാനങ്ങളുമാണു ദുരന്തത്തിനു വഴിവച്ചത്. ഇതെത്തുടർന്ന് ചുറ്റും തഴച്ചുവളർന്നു നിന്നിരുന്ന മരങ്ങളുടെ ഇലകൾ ചുവന്നു. അങ്ങനെയാണു റെഡ് ഫോറസ്റ്റ് എന്ന പേര് ഈ മരക്കൂട്ടത്തിന് വന്നുചേർന്നത്.
നിരവധി പേരുടെ മരണത്തിനിടയാക്കിയ ചേർണോബിൽ സംഭവത്തിൽ നിന്നുയർന്ന ആണവ അവശിഷ്ടങ്ങളും വികിരണങ്ങളും തലമുറകളുടെ ആരോഗ്യത്തെ ബാധിച്ചു. ചേർണോബിൽ മേഖലയിലെ ഭൂമി പോലും ആണവവസ്തുക്കളാൽ മലീമസമായി. ഇന്നും നൂറു ടണ്ണോളം ഭാരമുള്ള ആണവ അവശിഷ്ടങ്ങൾ റിയാക്ടർ നിലനിന്നിരുന്ന മേഖലയിലുണ്ടെന്നാണു റിപ്പോർട്ട്. റഷ്യയിലും ബെലാറസിലും യുക്രെയ്നിലും ഇതിന്റെ പ്രത്യാഘാതങ്ങൾ ബാധിച്ചിരുന്നു. കാലങ്ങളോളം ചേർണോബിലിലെ ഭൂമി താമസയോഗ്യമാകില്ലെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്.