മോസ്കോ: റഷ്യൻ മിസൈലുകളിൽ ഏറ്റവും കരുത്തുറ്റതും ലോകത്തിലെ ഏറ്റവും നശീകരണശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലെന്നു കരുതപ്പെടുന്നതുമായ ആർഎസ്–28 സാർമാറ്റ് റഷ്യ പരീക്ഷിച്ചു. രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയായ പ്ലെസെറ്റ്സ്കിൽ നിന്നാണു മിസൈൽ വിജയകരമായി പരീക്ഷിച്ചത്. ദീർഘനാളുകളായി വികസനഘട്ടത്തിലുണ്ടായിരുന്ന ഈ മിസൈൽ ഇതുവരെ റഷ്യൻ സേനയുടെ ഭാഗമായിട്ടില്ല.

രാജ്യത്തിന്റെ ശത്രുക്കളെ ചിന്താകുലരാക്കുന്ന ആയുധമാണിതെന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞു. 18,000 കിലോമീറ്റർ ആക്രമണ റേഞ്ചുള്ള മിസൈലിന് 10 ആണവ പോർമുനകൾ വഹിക്കാൻ സാധിക്കും. 10 ടണ്ണോളമാണ് ഇതിന്റെ മൊത്തം വാഹകശേഷി. യുഎസിന്റെ വിഖ്യാത ഐസിബിഎം ആയ എൽജിഎം 30 മിനിറ്റ്മാനെ എല്ലാ രീതിയിലും നിഷ്പ്രഭമാക്കുന്ന മിസൈലാണ് സാർമാറ്റെന്ന് യുദ്ധവിദഗ്ധർ അഭിപ്രായപ്പെടുന്നു.