കീവ്: ഞായറാഴ്ചയോടെ കീഴടങ്ങണമെന്ന് കിഴക്കൻ തുറമുഖ നഗരമായ മരിയുപോളിലെ യുക്രെയ്ൻ സേനയ്ക്ക് റഷ്യ അന്ത്യശാസനം നൽകി. നഗരത്തിൽ റഷ്യൻ സേന വിനാശകരമായ ആക്രമണം തുടരുന്നതിനിടെയാണ് അന്ത്യശാസനം. എല്ലാ യുക്രെയ്ൻ സായുധ യൂണിറ്റുകളും വിദേശ കൂലിപ്പടയാളികളും ഞായറാഴ്ചയോടെ നഗരത്തിൽ നിന്ന് പുറത്തുകടക്കണമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യൻ സ്റ്റേറ്റ് മീഡിയ റിയ റിപ്പോർട്ട് ചെയ്തു. ഏകദേശം 100,000 ആളുകൾ മരിയുപോളിലും അതിന്റെ തൊട്ടടുത്ത പ്രദേശങ്ങളിലും ഉണ്ടെന്നാണ് റിപ്പോർട്ട്.

Zelensky calls situation in Mariupol "inhuman" https://t.co/HWM2GjGlln pic.twitter.com/odp9kSb4sj
— The Hill (@thehill) April 17, 2022
അതേസമയം, മരിയുപോളിലെ സ്ഥിതിഗതികൾ ‘മനുഷ്യത്വരഹിതം’ എന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. മരിയുപോളിൽ ഉള്ള എല്ലാവരേയും നശിപ്പിക്കാൻ റഷ്യ ബോധപൂർവം ശ്രമിക്കുന്നുവെന്നും അദ്ദേഹം വിഡിയോ സന്ദേശത്തിൽ ആരോപിച്ചു. അതിനിടെ, യുക്രെയ്ൻ തലസ്ഥാനമായ കീവിനടുത്തുള്ള വെടിമരുന്ന് ഫാക്ടറി റഷ്യൻ സേന തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു.

റഷ്യയ്ക്കെതിരായ യൂറോപ്യൻ യൂണിയൻ ഉപരോധത്തിന്റെ ഭാഗമായി റഷ്യൻ പതാക ഘടിപ്പിച്ച കപ്പലുകൾ കരിങ്കടൽ തുറമുഖങ്ങളിൽ പ്രവേശിക്കുന്നത് ബൾഗേറിയ നിരോധിച്ചു. റഷ്യൻ പതാകയുടെ കീഴിൽ റജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കപ്പലുകൾക്കും ബൾഗേറിയൻ കടൽ, നദി തുറമുഖങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. മാനുഷിക സഹായം നൽകാനുള്ള കപ്പലുകളെയും ഊർജ ഉൽപന്നങ്ങൾ, ഭക്ഷണം, ഫാർമസ്യൂട്ടിക്കൽസ് എന്നിവ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്ന കപ്പലുകളെയും നിരോധനത്തില്‍ നിന്ന് ഒഴിവാക്കും.