പുനരുപയോഗിക്കാന്‍ സാധിക്കുന്ന റോക്കറ്റുകള്‍ നിര്‍മിക്കുക എന്നത് സ്വകാര്യ ബഹിരാകാശ കമ്പനികളുടെയെല്ലാം പ്രധാന ലക്ഷ്യമാണ്. ഇക്കാര്യത്തില്‍ സ്‌പേസ് എക്‌സ് പോലുള്ള ബഹിരാകാശ കമ്പനികളുടെ പാത പിന്തുടരുകയാണ് റോക്കറ്റ് ലാബ്. സ്‌പേസ് എക്‌സ് റോക്കറ്റുകള്‍ തിരികെ ഭൂമിയിലേക്ക് സുരക്ഷിതമായി ഇറക്കുകയാണ് ചെയ്യുന്നതെങ്കില്‍ റോക്കറ്റ് ലാബ് അല്‍പം വ്യത്യസ്തമായാണ് റോക്കറ്റിനെ രക്ഷിച്ചെടുക്കുന്നത്. തിരികെ ഭൂമിയിലേക്ക് വിഴുന്ന റോക്കറ്റിനെ ഹെലിക്കോപ്റ്ററിന്റെ സഹായത്തില്‍ റാഞ്ചിയെടുക്കാനാണ് റോക്കറ്റ് ലാബ് പദ്ധതി.

ഭൂമിയില്‍ വീണ് തകരാന്‍ പോകുന്ന റോക്കറ്റിനെ ഹെലിക്കോപ്റ്റര്‍ റാഞ്ചിയെടുക്കുക! കേള്‍ക്കുമ്പോള്‍ ഒരു ഹോളിവുഡ് സിനിമയിലെ ദൃശ്യം പോലെയൊക്കെ തോന്നുമെങ്കിലും അതു തന്നെയാണ് റോക്കറ്റ് ലാബിന്റെ പരിപാടി. ഇവരുടെ റോക്കറ്റ് വിക്ഷേപണശേഷമുള്ള ആദ്യ ഘട്ടത്തില്‍ 70 കിലോമീറ്റര്‍ ദൂരമാണ് മറികടക്കുക. രണ്ട് മിനിറ്റും 32 സെക്കൻഡും കൊണ്ട് ഈ ദൂരെ മറികടന്നശേഷം റോക്കറ്റിന്റെ ഭാഗം ഭൂമിയിലേക്ക് വീണ് തകരുകയാണ് പതിവ്. ഇതിന് സമ്മതിക്കാതെ റോക്കറ്റ് ബൂസ്റ്റര്‍ വീണ്ടെടുത്ത് പിന്നെയും ഉപയോഗിക്കുകയാണ് ലക്ഷ്യം.
മണിക്കൂറില്‍ 8,300 കിലോമീറ്റര്‍ വേഗത്തിലാവും ഇവ ഭൂമിയിലേക്ക് വീഴുക. ഇത്രയേറെ വേഗത്തില്‍ വീഴുമ്പോള്‍ ഘര്‍ഷണം മൂലം താപനില 2400 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തും. റോക്കറ്റ് ഈ വീഴ്ചയില്‍ കത്തിപ്പോവാതിരിക്കാനായി പ്രത്യേകം നിര്‍മിച്ച സുരക്ഷാ കവചവും ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഭൂമിയിലേക്ക് 13 കിലോമീറ്റര്‍ കൂടി ദൂരമുള്ളപ്പോള്‍ പ്രത്യേകം നിര്‍മിച്ച പാരച്യൂട്ട് കൂടി റോക്കറ്റ് വിടര്‍ത്തും. ഇതോടെ മണിക്കൂറില്‍ 36 കിലോമീറ്റര്‍ എന്ന താരതമ്യേന വളരെ ചെറിയ വേഗത്തിലേക്ക് റോക്കറ്റിന്റെ വീഴ്ച മാറുകയും ചെയ്യും. അപ്പോഴും സുരക്ഷിതമായി കേടുപാടുകളില്ലാതെ ഭൂമിയിലേക്കിറങ്ങാന്‍ സാധിക്കുകയുമില്ല.
ഈ സാഹചര്യത്തിലായിരിക്കും ഹെലിക്കോപ്റ്ററിന്റെ വരവ്. പ്രദേശത്ത് വട്ടമിട്ട് പറക്കുന്ന ഹെലിക്കോപ്റ്റര്‍ ഇതിനകം തന്നെ റോക്കറ്റിന്റെ വീഴുന്ന ഭാഗം പിടിച്ചെടുക്കും. റോക്കറ്റിന്റെ പാരച്യൂട്ട് കേബിള്‍ ഉപയോഗിച്ച് കൊളുത്തിയ ശേഷം വീഴാതെ റാഞ്ചിയെടുക്കാനാണ് ശ്രമം. പലഘട്ടങ്ങളിലായി ഈ ലക്ഷ്യത്തിന്റെ പരീക്ഷണങ്ങള്‍ അവര്‍ നടത്തിക്കഴിഞ്ഞു.
ഭൂമിയിലേക്ക് വീഴുന്ന റോക്കറ്റ് റാഞ്ചിയെടുക്കുക എന്നത് എളുപ്പമല്ലെന്ന് റോക്കറ്റ് ലാബ് സിഇഒ പീറ്റര്‍ ബെക്ക് തന്നെ സമ്മതിക്കുന്നുണ്ട്. സാധ്യതകളുടെ പരമാവധി ശ്രമിക്കുകയന്നത് നമ്മുടെ ഡിഎന്‍എയിലുള്ളതാണെന്നും പീറ്റര്‍ ബെക്ക് കൂട്ടിച്ചേര്‍ക്കുന്നു. പുനരുപയോഗിക്കാവുന്ന റോക്കറ്റ് പ്രാവര്‍ത്തികമാക്കിയാല്‍ വലിയ തോതില്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ റോക്കറ്റ് ലാബിനാകും. ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഏല്‍പിക്കുന്ന കമ്പനികള്‍ക്കും രാജ്യങ്ങള്‍ക്കും കൂടുതല്‍ കുറഞ്ഞ നിരക്കില്‍ സേവനം നല്‍കാനും ഇതുവഴി റോക്കറ്റ് ലാബിന് കഴിയും.