പോത്തൻകോട്: ടിപ്പർ ലോറി മോഷണം ഉൾപ്പെടെ നൂറോളം കേസുകളിൽ പ്രതികളായ നെടുമങ്ങാട് പഴകുറ്റി നഗരിക്കുന്ന് ചിറത്തലക്കൽ പുത്തൻവീട്ടിൽ വാള് ഗോപു എന്ന ഗോപു (36), പൗഡിക്കോണം മുക്കിൽകട വി.എസ്.നിവാസിൽ ടിപ്പർ അനീഷ് എന്ന അനീഷ് (31) എന്നിവരെ തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും മംഗലപുരം പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. മംഗലപുരം ജംക്‌ഷനു സമീപം തൗഫീഖിന്റെ പച്ചക്കറിക്കട കുത്തിതുറന്ന് 75,000 രൂപ മോഷ്ടിച്ച സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

ആറ്റിങ്ങൽ ആലംകോട് കൊച്ചുവിളമുക്കിലെ ബാറ്ററി കട, നരുവാമൂട് പളളിച്ചലിൽ അനന്തുവിന്റെ മൊബൈൽ ഷോപ്പ്, ശ്രീകാര്യം പാങ്ങപ്പാറയിൽ പ്രഭാകരന്റെ ഉടമസ്ഥതയിലുള്ള കാർ വർക്ക് ഷോപ്പ്, ആലംകോട് തന്നെയുള്ള ഫിംഗർ സ്റ്റിച്ച്, പവർ ടൂൾസ് എന്നീ കടകളിൽ നിന്നും ലക്ഷങ്ങൾ വിലപിടിപ്പുള്ള സാധനങ്ങൾ കവർന്നിരുന്നു. ആറ്റിങ്ങൽ കാർത്തികയിൽ പ്രഭയുടെ വീടും ആലംകോട് കേരളാ ബാങ്കിന് സമീപം അൻസാദിന്റെ വീടും കുത്തിത്തുറന്ന് പണവും സാധനങ്ങളും മോഷ്ടിച്ചതായും തെളിഞ്ഞിട്ടുണ്ട്. ഭവനഭേദനം, ക്ഷേത്ര കവർച്ച, വ്യാപാരസ്ഥാപനങ്ങളിലെ മോഷണം ഉൾപ്പെടെ കേസുകളിൽ വാള് ഗോപു ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ജാമ്യത്തിലിറങ്ങിയാണ് വീണ്ടും കവർച്ച നടത്തിയത്. വിവിധ ജില്ലകളിൽ നിന്നായി പതിനഞ്ചിലധികം ടിപ്പർ ലോറികൾ മോഷ്ടിച്ച കേസിലെ പ്രതിയാണ് ടിപ്പർ അനീഷ്. മോഷ്ടിച്ച ലോറികൾ തമിഴ്നാട്ടിൽ പൊളിച്ച് വിൽക്കുകയായിരുന്നു. മ്യൂസിയം , തമ്പാനൂർ, കഴക്കൂട്ടം, ശ്രീകാര്യം, നരുവാമൂട്, മംഗലപുരം, ആറ്റിങ്ങൽ, നെടുമങ്ങാട് സ്റ്റേഷനുകളിൽ ഇവരുടെ പേരിൽ കേസുണ്ട്.ഒളിവിൽ പോയ പ്രതികളെ പട്ടാമ്പിക്ക് അടുത്തുള്ള ഒളിസങ്കേതത്തിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ആറ്റിങ്ങൽ ഡിവൈഎസ്പി സുനീഷ് ബാബു, നർകോട്ടിക്സ് സെൽ ഡിവൈഎസ്‌പി രാസിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.