കൊച്ചി: ആശുപത്രിയിലെത്തുന്ന രോഗികൾക്കു സഹായ ഹസ്തം നീട്ടി നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന റോബോട്ട് ‘രാജഗിരി മിത്രി’. ആലുവ രാജഗിരി ആശുപത്രിയിലാണു രോഗികളെ സഹായിക്കാൻ റോബോട്ടിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്. ആശുപത്രിക്കുള്ളിൽ സ്വയം ചലിക്കാൻ കഴിയുന്ന റോബട്ടിനു രോഗികളുടെ മുഖം ഓർത്തുവയ്ക്കാനും അവർക്കു വഴികാട്ടിയാകാനും കഴിയും.
ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന കാഹോകോൺ സമ്മേളനത്തിന്റെ ഭാഗമായി രാജഗിരി ആശുപത്രിയുടെ പവലിയനിൽ റോമ്പോട്ടിനെ അവതരിപ്പിച്ചു. സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സമ്മേളന വേദിയിലേക്കു സ്വീകരിച്ചതും മിത്രി ആയിരുന്നു.