യുക്രെയ്നിലെ റഷ്യൻ ആക്രമണത്തിനു പിന്നാലെ ലോകരാജ്യങ്ങൾക്കെല്ലാം മുന്നറിയിപ്പു നൽകി യുക്രെയൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ആണവായുധങ്ങൾ പ്രയോഗിച്ചേക്കാമെന്ന് സെലൻസ്കി പറയുന്നു.

യുക്രെയ്നിലെ ജനങ്ങളുടെ ജീവനെ പുട്ടിൻ ബഹുമാനിക്കുന്നില്ല. അതിനാൽ അണ്വായുധങ്ങളോ രാസായുധങ്ങളോ അദ്ദേഹം പ്രയോഗിച്ചേക്കും, യുഎസ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. പേടിക്കുകയല്ല, അതിനുവേണ്ടി സജ്ജരായിരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വീഡനും ഫിൻലൻഡും യുഎസ് നേതൃത്വം നൽകുന്ന നാറ്റോ സഖ്യത്തിൽ ചേരുകയാണെങ്കിൽ റഷ്യ അണ്വായുധങ്ങളും ഹൈപ്പർസോണിക് മിസൈലുകളും വിന്യസിക്കുമെന്ന് റഷ്യൻ സെക്യൂരിറ്റി കൗൺസിലിന്റെ ഉപ ചെയർമാൻ ദിമിത്രി മെദ്‌വെദേവ് മുന്നറിയിപ്പു നൽകിയിരുന്നു.