കൊച്ചി: അടുത്ത മാസം ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന സൂചനകള്‍ക്കിടെ തൃക്കാക്കരയില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമായി. പി.ടി.തോമസിന്‍റെ മണ്ഡലം നിലനിര്‍ത്താന്‍ പത്നി ഉമ തോമസിന്‍റേതല്ലാതെ മറ്റു പേരുകള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ മനസ്സിലില്ല. ഉമയെ തൃക്കാക്കരയില്‍ മത്സരിപ്പിക്കുന്ന കാര്യത്തില്‍ കെപിസിസി നേതൃത്വത്തിന് ഏകമനസ്സാണ്.

കെ.സുധാകരന്‍, വി.ഡി.സതീശന്‍, കെ.സി.വേണുഗോപാല്‍ എന്നിവര്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഉമയെ സന്ദര്‍ശിച്ചിരുന്നു. കൂടിക്കാഴ്ചയില്‍ സ്ഥാനാര്‍ഥിത്വം ചര്‍ച്ചയായില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. ഉമ സ്ഥാനാര്‍ഥിയായാല്‍ സീറ്റിനു വേണ്ടിയുള്ള പിടിവലി ഇല്ലാതാകുമെന്നതു കോൺഗ്രസിന് അനുകൂലഘടകമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ മൂന്നു മണിക്കൂറിനകം സ്ഥാനാര്‍ഥിയെ നിശ്ചയിക്കുമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയും ഉമയെ മനസ്സിൽ കണ്ടാണ്.
ആരായിരിക്കും സിപിഎം സ്ഥാനാര്‍ഥി എന്ന കാര്യത്തില്‍ ഇനിയും വ്യക്തത കൈവന്നിട്ടില്ല. കഴിഞ്ഞ തവണ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ കടുത്ത നടപടികളുണ്ടായ മണ്ഡലത്തില്‍ സംസ്ഥാന നേതൃത്വം നേരിട്ടാകും കാര്യങ്ങള്‍ നിയന്ത്രിക്കുക. പൊതുസ്വതന്ത്രന് പകരം പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താനും ആലോചനകളുണ്ട്.
ജില്ലയിലെ യുവനേതാക്കളുടെ പേരും പരിഗണിക്കപ്പെടുന്നു. കോണ്‍ഗ്രസില്‍നിന്ന് അച്ചടക്കനടപടി നേരിട്ട് കെ.വി.തോമസ് പുറത്തുവരുന്നതും കാത്തിരിക്കുകയാണ് സിപിഎം. എന്നാല്‍ തൃക്കാക്കരയില്‍ കെ.വി.തോമസ് മത്സരിക്കുമോയെന്നത് ചോദ്യചിഹ്നമാണ്. മണ്ഡലത്തില്‍ കാര്യമായ സ്വാധീനമില്ലെങ്കിലും, ത്രികോണ മത്സരമെന്ന സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്റെ പ്രഖ്യാപനത്തോടെ ബിജെപിയും കളം കൊഴുപ്പിക്കുന്നുണ്ട്.