കൊച്ചി: ലൈംഗിക പീഡനക്കേസില്‍ പൊലീസ് തിരയുന്ന നടന് വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നതായി വിവരം. ദുബായിയില്‍നിന്നാണ് ജോര്‍ജിയയിലേക്ക് പോയത്. ദുബായിയില്‍നിന്ന് റീജിയണല്‍ പാസ്പോര്‍ട്ട് ഓഫിസറെ കഴിഞ്ഞദിവസം വിജയ് ബാബു ബന്ധപ്പെട്ടിരുന്നു. താന്‍ 24ന് കേരളത്തിലെത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച ഹാജരാകുമെന്നാണ് ഏറ്റവുമൊടുവില്‍ വിജയ് ബാബു അറിയിച്ചിരുന്നത്. എന്നാല്‍ താന്‍ ഒരു ബിസിനസ് പരട്യനത്തിലാണെന്നും ഇപ്പോള്‍ എത്താന്‍ കഴിയില്ലെന്നും വിജയ് ബാബു ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് 24ന് എത്തുമെന്ന് അറിയിച്ചത്.
കൊച്ചി സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിജയ് ബാബു ദുബായിയില്ലെന്നും ജോര്‍ജിയയിലേക്ക് കടന്നതായും വിവരം ലഭിച്ചത്. നിലവില്‍ ജോര്‍ജിയയുമായി ഇന്ത്യക്ക് കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ ഇല്ലെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ അവിടെനിന്ന് വിജയ് ബാബുവിനെ നാടുകടത്തി ഇന്ത്യയിലെത്തിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീര്‍പ്പാകാത്ത പശ്ചാത്തലത്തിലാണ് വിജയ് ബാബു മാറിനില്‍ക്കുന്നതെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു.
ബുധനാഴ്ചയോ, വ്യാഴാഴ്ചയോ ഹൈക്കോടതി വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമെന്നായിരുന്നു കരുതിയിരുന്നത്. ഇതില്‍ തീരുമാനമായാല്‍ ഉടനെ കേരളത്തിലെത്താമെന്നാണ് വിജയ് ബാബു കരുതിയിരുന്നത്. എന്നാല്‍ ഈ ദിവസങ്ങളില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ, ഹൈക്കോടതി പരഗണിക്കുന്ന കേസുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് യുഎഇയില്‍നിന്ന് വിജയ് ബാബു പോയതെന്നാണ് വിവരം. ജോര്‍ജിയയില്‍ എത്തിയശേഷം വിജയ് ബാബു ചിലരെ ബന്ധപ്പെട്ടിരുന്നതായി പറയപ്പെടുന്നുണ്ട്.
അവരില്‍നിന്ന് കൂടി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിജയ് ബാബു ദുബായ് വിട്ടതായി പൊലീസ് പറയുന്നത്. രാജ്യാന്തരതലത്തില്‍ ഒളിവില്‍ കഴിയുന്ന കുറ്റവാളികളെ കണ്ടെത്താനുള്ള റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാനുള്ള പൊലീസിന്റെ നടപടികള്‍ തുടരുകയാണ്. 24നും ഹാജരായില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാനുള്ള നിര്‍ദേശം വിദേശകാര്യമന്ത്രാലയം വഴി ഇന്റര്‍പോളിന് കൈമാറുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു വെള്ളിയാഴ്ച അറിയിച്ചു.