അടൂർ: പതിനഞ്ചുകാരിയായ വിദ്യാർഥിനി സുഹൃത്തിനൊപ്പം സഹപാഠിയുടെ വീട്ടിലിരുന്നു മദ്യപിക്കുന്നതായി പുറത്തറിയിച്ച ആൾ പീഡനക്കേസിലും വിദ്യാർഥിനിക്കും സഹപാഠിക്കും മദ്യം വാങ്ങിക്കൊടുത്തതുമായി ബന്ധപ്പെട്ട് യുവാവും അറസ്റ്റിലായി. ചെങ്ങന്നൂർ പാണ്ടനാട് വൻമഴി മായിക്കൽ വീട്ടിൽ അനന്തു(23) ആണ് വിദ്യാർഥിനിയെ നേരത്തെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായത്. വിദ്യാർഥിനിക്ക് മദ്യം വാങ്ങിക്കൊടുത്ത കേസിൽ തെങ്ങമം ചെറുകുന്നം സ്വദേശി സഞ്ജുവാണ്(26) പിടിയിലായത്.

ബുധനാഴ്ച മുണ്ടപ്പള്ളി ഭാഗത്തുള്ള സഹപാഠിയുടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് വിദ്യാർഥിനിക്കും സഹപാഠിക്കും മദ്യം നൽകി സഞ്ജുവും അവർക്കൊപ്പമിരുന്ന് മദ്യപിച്ചതെന്നു പൊലീസ് പറഞ്ഞു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ അനന്തുവാണ് സംഭവം പുറത്തറിയിച്ചത്. സംഭവ സ്ഥലത്തെത്തിയപ്പോൾ പെൺകുട്ടി അബോധാവസ്ഥയിലായിരുന്നവെന്ന് പൊലീസ് പറഞ്ഞു. സഞ്ജു കടന്നുകളയാൻ ശ്രമിച്ചെങ്കിലും പൊലീസ് ഓടിച്ചിട്ടു പിടികൂടുകയായിരുന്നു.
പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ മദ്യപിച്ചിരുന്ന സമയത്ത് പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും നേരത്തേ പീഡനമുണ്ടായിട്ടുള്ളതായും തെളിഞ്ഞു. പിന്നീട് വിദ്യാർഥിനിയെ ചോദ്യം ചെയ്തപ്പോഴാണ് നേരത്തേ അനന്തു പീഡിപ്പിച്ചതായി പൊലീസിന് വിവരം ലഭിച്ചത്. തുടർന്നാണ് അനന്തുവിനെ എസ്ഐമാരായ വിമൽ രംഗനാഥ്, മനീഷ്, ബിജു ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.