പത്തനംതിട്ട : പതിനൊന്ന് വയസ്സുകാരിയായ മകളോട് ലൈംഗികാതിക്രമം കാട്ടിയതിന് പിതാവിനെ 11 വർഷം കഠിന തടവിനും നാൽപതിനായിരം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു. പത്തനംതിട്ട പോക്സോ പ്രിൻസിപ്പൽ കോടതി ജഡ്ജി ജയകുമാർ ജോണിന്റെതാണ് വിധി. പെൺകുട്ടിയുടെ പിതാവായ തിരുവല്ല സ്വദേശി ഷിജു കുമാർ (43) നാണ് ശിക്ഷ ലഭിച്ചത് (നിയമപ്രകാരം ഇരയെ തിരിച്ചറിയുന്ന തരത്തിൽ യാതൊന്നും പ്രസിദ്ധീകരിക്കാൻ പാടില്ല എന്നുള്ളതിനാൽ വിലാസം പ്രസിദ്ധീകരിക്കാൻ കഴിയില്ല).
2016 കാലയളവിൽ പ്രതിയായ പിതാവും നാല് പെൺമക്കളും ഒരുമിച്ച് താമസിച്ചു വന്നിരുന്ന ഷെഡിൽ വെച്ചാണ് പിതാവ് പതിവായി മൂത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയത്. പ്രതിയുടെ ഭാര്യ അയാളുടെ ശാരീരിക ഉപദ്രവം മൂലം പിണങ്ങി വീട് വിട്ട് താമസിച്ചു വന്നിരുന്ന വേളയിലാണ് മൂത്ത പെൺകുട്ടി പീഡനത്തിനിരയായത്. പിതാവ് ജോലി ചെയ്ത് മടങ്ങിവരുമ്പോൾ മയക്കുമരുന്ന് കലർത്തിയ ജൂസ് മകൾക്ക് കൊടുത്ത ശേഷം പീഢിപ്പിച്ചു വരികയായിരുന്നു. സ്കൂളിൽ പോയ സമയം കുട്ടി അമ്മയെ കാണണമെന്ന് പറഞ്ഞ് കരയുകയും പുരുഷൻമാരെയെല്ലാം ഭയമാണെന്ന് ടീച്ചറോട് പറയുകയും ചെയ്തതിൽ തോന്നിയ സംശയം കാരണം ടീച്ചർ അമ്മയെ വിളിച്ചു വരുത്തുകയും കുട്ടിയെ ഒരു കൗൺസിലിംഗ് സെന്ററിൽ കൗൺസിലിംഗിന് വിധേയമാക്കുകയും ചെയ്തതോടെയാണ് പിതാവിന്റെ പീഢന വിവരം പുറത്തറിയുന്നത്.
പിന്നീട് ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും തുടർന്ന് പോലീസിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി തിരുവല്ല പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. കേസിന്റെ വിചാരണ വേളയിൽ ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ച് തെളിവെടുപ്പ് പൂർത്തിയാക്കുകയായിരുന്നു. കോടതി കുറ്റക്കാരനാണെന്നു കണ്ട് പോക്സോ ആക്ട് എട്ടാം വകുപ്പും പ്രകാരം 5 വർഷം കഠിന തടവിനും ഇരുപതിനായിരം രൂപ പിഴയും വകുപ്പ് 12 പ്രകാരം 3 വർഷം കഠിന തടവിനും പതിനായിരം രൂപ പിഴയും ഇന്ത്യൻ ശിക്ഷാനിയമം 506 വകുപ്പ് പ്രകാരം 3 വർഷം കഠിന തടവിനും പതിനായിരം രൂപ പിഴയും വിവിധ വകുപ്പുകളിലായി ശിക്ഷ വിധിച്ചു.
എന്നാൽ പ്രതി ഒരു പിതാവിന്റെ കടമ നിറവേറ്റാതെ സ്വന്തം മകളെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയത് വളരെ ഗൗരവമുള്ളതാണെന്ന് പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി ശിക്ഷ പ്രത്യേകം പ്രത്യേകം അനുഭവിക്കണമെന്ന് എടുത്തു പറഞ്ഞിട്ടുള്ളതിനാൽ പ്രതി ആകെ 11 വർഷം കഠിന തടവുശിക്ഷ അനുഭവിക്കുകയും നാൽപതിനായിരം രൂപ പിഴ ഒടുക്കുകയും വേണം. പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസ് അന്വേഷിച്ച് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത് പോലീസ് ഇൻസ്പെക്ടർ കെ.എ വിദ്യാധരനാണ്