പൊള്ളാച്ചി: കാമുകന്റെ കൂടെ ജീവിതം ആരംഭിക്കാനായി വയോധികയെ കൊലപ്പെടുത്തി കവർച്ച നടത്തിയ പ്ലസ് ടു വിദ്യാർത്ഥിനി പിടിയിൽ. പൊള്ളാച്ചി മാരിയപ്പൻ വീഥിയിലെ നാഗലക്ഷ്മിയാണു (76) കൊല്ലപ്പെട്ടത്. പ്ലസ് ടു വിദ്യാർത്ഥിനി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ വിദ്യാർത്ഥിനി കുറ്റസമ്മതം നടത്തി.

കൊലപാതകത്തിന് ശേഷം വീട്ടിലുണ്ടായിരുന്ന ഇരുപത് പവൻ സ്വർണം മോഷ്ടിച്ചതായും പെൺകുട്ടി സമ്മതിച്ചു. കാമുകനുമൊത്ത് ജീവിക്കാൻ പണത്തിനായാണ് പെൺകുട്ടി തനിച്ചായ സമയത്ത് വയോധികയെ കൊലപ്പെടുത്തിയത്.
പുറത്തുപോയ മകൾ എത്തിയപ്പോഴാണു നാഗലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം അറിഞ്ഞെത്തിയ പോലീസ് നാട്ടുകാരെ ചോദ്യം ചെയ്യുന്നതിനോടൊപ്പം പെൺകുട്ടിയെയും ചോദ്യം ചെയ്തിരുന്നു. എന്നാൽ പോലീസിനെ വഴിതെറ്റിക്കുന്ന മൊഴി പെൺകുട്ടി നൽകുകയും ഇത് കണ്ടെത്തുകയും ചെയ്തതാണ് കേസിൽ വഴിത്തിരിവായത്.
നാഗലക്ഷ്മി മരിച്ച സമയത്ത് അതുവഴി ഒരു യുവാവ് ഓടിപ്പോകുന്നതു കണ്ടതായി വിദ്യാർത്ഥിനി പോലീസിനോട് പറഞ്ഞിരുന്നു. എന്നാൽ സംശയം തോന്നി പോലീസ് സിസിടിവി പരിശോധിച്ചപ്പോൾ വിദ്യാർത്ഥിനി വീടിനു സമീപം നിൽക്കുന്ന ദൃശ്യങ്ങളാണ് കണ്ടെത്താനായത്.
തുടർന്ന് എസ്പി ബദ്രിനാരായണൻ, ഡിവൈഎസ്പി തമിഴ് മണി എന്നിവരുടെ നേതൃത്വത്തിൽ വിശദമായി പെൺകുട്ടിയെ ചോദ്യം ചെയ്തു. ഇതോടെ വിദ്യാർത്ഥിനി കുറ്റം സമ്മതിക്കുക ആയിരുന്നു. സുഹൃത്തുമായുള്ള വിവാഹത്തിനായാണ് വയോധികയെ കൊലപ്പെടുത്തി 20 പവൻ മോഷ്ടിച്ചതെന്നു വിദ്യാർത്ഥിനി മൊഴി നൽകി.
നാഗലക്ഷ്മിയുടെ മകൻ ജോലിക്കു പോയ സമയം നോക്കി വീടിനുള്ളിൽ കയറുകയായിരുന്നെന്നും കൊലപാതകശേഷം മാല, വള, മൂക്കുത്തി ഉൾപ്പെടെ കൈക്കലാക്കി പെൺകുട്ടി കടന്നുകളഞ്ഞതായും പോലീസ് പറഞ്ഞു. പെൺകുട്ടി തനിച്ചാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.