ഹെയ്തിയില്‍ വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭം അക്രമാസക്തമായി. ക്ഷുഭിതരായ ജനക്കൂട്ടം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു വിമാനം പുറത്തേക്ക് തള്ളിക്കൊണ്ടുപോയി തെരുവില്‍വെച്ച് കത്തിച്ചു. അമേരിക്കന്‍ മിഷനറി സംഘടനയുടെ ഉടമസ്ഥതയിലുള്ള വിമാനത്തിനാണ് ആള്‍ക്കൂട്ടം തീയിട്ടതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ തുടര്‍ന്ന് രാജ്യത്തെ വ്യോമഗതാഗതം തടസ്സപ്പെട്ടു. പ്രമുഖ കമ്പനികള്‍ ഇവിടേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഹെയ്തിയിലെ തെക്കന്‍ നഗരമായ ലേ കയേസിലാണ് സംഭവം. പ്രധാനമന്ത്രി ഏരിയല്‍ ഹെന്റിയുടെ ഭരണത്തിന് എതിരെ രാജ്യത്ത് നടന്നു വരുന്ന ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് ഇവിടെയും ജനക്കൂട്ടം തെരുവിലിറങ്ങിയത്. സമാധാനപരമായി നടന്നുവന്ന പ്രക്ഷോഭം ലേ കയേസിലെ വിമാനത്താവളത്തിലേക്ക് നീങ്ങിയതിനെ തുടര്‍ന്നാണ് അക്രമാസക്തമായത്. വിമാനത്താവളത്തിന് കാവല്‍ നിന്നിരുന്ന പൊലീസുകാര്‍ പ്രകടനക്കാര്‍ക്കെതിരെ കണ്ണീര്‍ വാതക പ്രയോഗം നടത്തി. എന്നാല്‍, പൊലീസിനെ വകവെക്കാതെ നൂറുകണക്കിന് ആളുകള്‍ വിമാനത്താവളത്തിലേക്ക് തള്ളിക്കയറുകയായിരുന്നു. എണ്ണത്തില്‍ കുറവായ പൊലീസുകാരെ ഓടിച്ചശേഷം ആള്‍ക്കൂട്ടം വിമാനത്താവളത്തിന്റെ റണ്‍വേയില്‍ നിര്‍ത്തിയിട്ട എഗേയ്പ് ഫ്‌ളൈറ്റ്‌സ് വിമാനത്തിനു നേര്‍ക്ക് തിരിഞ്ഞു. തുടര്‍ന്ന് വിമാനത്തിനു മുകളിലേക്ക് കയറിയ പ്രക്ഷോഭകര്‍ അത് തല്ലിത്തകര്‍ക്കാന്‍ ആദ്യം ശ്രമിച്ചു. അതിനുശേഷം വിമാനം ഉന്തി തെരുവിലേക്ക് എത്തിച്ചു. അതിനു ശേഷമാണ്, ആള്‍ക്കൂട്ടം, വിമാനത്തിന് തീയിട്ടത്. വിമാനം കത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.

കരീബിയന്‍ രാജ്യങ്ങളിലേക്ക് സഹായങ്ങള്‍ എത്തിക്കുന്ന എഗേയ്പ് മിഷനറി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതയാണ് ഈ വിമാനം. ഫ്‌ളോറിഡ ആസ്ഥാനമായ ഈ അമേരിക്കന്‍ മിഷനറി ഗ്രൂപ്പ് ഹെയ്തിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്നതാണ്. തങ്ങള്‍ക്ക് നേരെ ആക്രമണം തിരിഞ്ഞതിന്റെ കാരണം എന്തെന്ന് വ്യക്തമല്ലെന്ന് ഗ്രൂപ്പ് പ്രസ്താവനയില്‍ അറിയിച്ചു. വിമാനത്തിനു പുറത്തായിരുന്നതിനാല്‍ ജീവനക്കാര്‍ക്കാര്‍ക്കും സംഭവത്തില്‍ പരിക്കില്ല. എന്നാല്‍, വിമാനം പൂര്‍ണ്ണമായി നശിച്ചതായി പ്രസ്താവന വ്യക്തമാക്കുന്നു. ആക്രമ സംഭവത്തെ അപലപിക്കുന്നതായി പ്രധാനമന്ത്രി ഏരിയല്‍ ഹെന്റി ട്വിറ്ററിലൂടെ വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുെമന്നും അദ്ദേഹം അറിയിച്ചു.
2021 ജുലൈയില്‍ പ്രസിഡന്റ് ഹേവനല്‍ മോയിസിനെ ഒരു സംഘമാളുകള്‍ വെടിവെച്ചു കൊന്നതിനു ശേഷം, കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ അരാജകത്വം നിലനില്‍ക്കുകയാണ്. വസതിക്കുള്ളിലേക്ക് ഇരമ്പിക്കയറിയ സായുധ കൊലയാളി സഘത്തിന്റെ ആക്രമണത്തിലാണ് പ്രസിഡന്റ് കൊല്ലപ്പെട്ടത്. അമേരിക്കന്‍ ലഹരി വിരുദ്ധ ഏജന്‍സിയായ ഡി ഇ എയുടെ യൂനിഫോമണിഞ്ഞ് എത്തിയ സായുധ സംഘം, പ്രസിഡന്റിനെയും ഭാര്യയും തുരുതുരാ വെടിവെക്കുകയായിരുന്നു. 12 വെടിയുണ്ടകള്‍ തറച്ചുകേറിയ പ്രസിഡന്റ് തല്‍ക്ഷണം മരിച്ചു.

പ്രസിഡന്റിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഹെയ്തിയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായിരുന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചുവെങ്കിലും പല സ്ഥലങ്ങളിലും ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. പ്രതിഷേധം ചിലയിടങ്ങളില്‍ അക്രമാസക്തമായി. അതിനിടെയാണ്, ഭരണഘടനാപരമായ വലിയ പ്രതിസന്ധിയിലേക്ക് രാജ്യം കടന്നത്. പരമാധികാരിയായ പ്രസിഡന്റ് മരിച്ചുകഴിഞ്ഞാല്‍, അധികാരം സുപ്രീം കോടതി പ്രസിഡന്റിന് കൈമാറണം എന്നാണ് ഹെയ്തി ഭരണഘടന അനുശാസിക്കുന്നത്. എന്നാല്‍ സുപ്രീം കോടതി പ്രസിഡന്റ് റെനെ സില്‍വെസ്‌ട്രെ തൊട്ടുമുമ്പത്തെ മാസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. പകരം ആളെ നിയമിച്ചിരുന്നില്ല. പാര്‍ലമെന്റിന്റെ കാലാവധി അവസാനിച്ചതിന് ശേഷവും തിരഞ്ഞെടുപ്പ് നടക്കാത്തതിനാല്‍ ദേശീയ അസംബ്ലിയും ഇല്ലായിരുന്നു. ഭരണഘടന പ്രകാരം ഇത്തരം സാഹചര്യത്തില്‍ പ്രധാനമന്ത്രിക്കായിരിക്കും അധികാരം.
എന്നാല്‍, നിലവിലെ പ്രധാനമന്ത്രി ക്ലോഡ് ജോസഫിനെ മാറ്റി ഏരിയല്‍ ഹെന്‍ട്രിയെ പ്രധാനമന്ത്രിയാക്കിയെങ്കിലും അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പാണ് പ്രസിഡന്റ് കൊല്ലപ്പെട്ടത്. പുതിയ സാഹചര്യത്തില്‍, താന്‍ അധികാരം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് ഏരിയല്‍ ഹെന്‍ട്രി അധികാരമേല്‍ക്കുകയായിരുന്നു. എന്നാല്‍, ഭരണഘടനാപരമായി അതിനു സാധുതയില്ലെന്ന് വ്യക്തമാക്കി മുന്‍ പ്രധാനമന്ത്രി ക്ലോഡ് ജോസഫ് രംഗത്തുവന്നു. തുടര്‍ന്ന് പുതിയ ഭരണപ്രതിസന്ധിക്ക് പരിഹാരമായി തെരഞ്ഞെടുപ്പ് നടത്താനും അതുവരെ ഹെന്‍ട്രി പ്രധാനമന്ത്രിയായി തുടരാനും ഐക്യരാഷ്ട്ര സഭ നിര്‍ദ്ദേശിച്ചു. എന്നാല്‍, ഹെന്‍ട്രി അധികാരമേറ്റെങ്കിലും തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

അതിനിടെയാണ്, രാജ്യമാകെ കനത്ത സംഘര്‍ഷാവസ്ഥ നിലവില്‍ വന്നത്. സായുധസംഘങ്ങള്‍ ഇവിടെ കണ്ണില്‍കണ്ടവരെയെല്ലാം തട്ടിക്കൊണ്ടുപോവുകയും ആക്രമണം നടത്തുകയാണ്. നൂറു കണക്കിന് സ്ത്രീകളെയാണ് ഈയടുത്ത കാലത്തായി ഇവിടെ സായുധ സംഘങ്ങള്‍ തട്ടിക്കൊണ്ടുപോയത്. ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടു. ഈ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോള്‍ രാജ്യമാകെ ജനങ്ങള്‍ തെരുവില്‍ പ്രതിഷേധവുമായി ഇറങ്ങിയത്. അതിനിടെയാണ് വിമാനത്തിന് തീയിട്ട സംഭവം.