ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് നടത്തിയ വെടിനിർത്തൽ നിർത്തലാക്കി മോദി സർക്കാർ. നാലു മാസത്തെ ഇടവേളയ്ക്ക് ശേഷം ഇതാദ്യമായി ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില വീണ്ടും ഉയർന്നു. ഇനി ഇന്ധനവിലയുടെ വർദ്ധനവിന്റെ കാലം എന്ന സൂചന നൽകി 87 പൈസ പെട്രോളിനും 85 പൈസ ഡീസലിനും ഉയർത്തി ചെറുതായി തുടക്കം കുറിച്ചിരിക്കുകയാണ്.
അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് ‘മരവിപ്പിക്കപ്പെട്ട’ ഇന്ധന വിലയാണ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൂടിയിരിക്കുന്നത്. തിരഞ്ഞെടുപ്പ ഫലത്തിനു പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായെങ്കിലും, ഫലം വന്ന് ഒരാഴ്ചയിലേറെ കഴിഞ്ഞതിനു ശേഷമാണ് ഇപ്പോഴത്തെ വർധന. ഇനി അനുദിനം നേരിയ തോതിൽ സർക്കാർ വില വർദ്ധിപ്പിച്ചു കൊണ്ടേയിരിക്കുമെന്നാണ് കണക്കു കൂട്ടൽ.
137 ദിവസം ‘അനക്കമില്ലാതിരുന്ന ഇന്ധനവിലയിലെ പുതിയ മാറ്റം മാർച്ച് 22നു രാവിലെ ആറു മുതൽ മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡീലർമാരെ അറിയിച്ചു. ക്രൂഡ് ഓയിൽ വില ബാരലിന് 130 ഡോളർ എന്ന റെക്കോർഡ് കടന്നിട്ടും ഇതുവരെ ഇന്ത്യയിൽ ഇന്ധനവില വർധിച്ചിരുന്നില്ല. റഷ്യ യുക്രെയ്ൻ സംഘർഷവും ആഗോള എണ്ണ വിപണിയെ ബാധിച്ചിട്ടുണ്ട്.
2021 നവംബറിലായിരുന്നു രാജ്യത്ത് അവസാനമായി ഇന്ധന വിലയിൽ വർധന വരുത്തിയത്. നിലവിൽ, കൊച്ചിയിൽ പെട്രോൾ വില 104.31 ആയിരുന്നത് 87 പൈസ വർധിച്ച് 105.186 യും, ഡീസലിന് 91.55 രൂപയായിരുന്നത് 85 പൈസ വർധിച്ച് 92.40 രൂപയായി. സാധാരണക്കാരന് അപ്രാപ്യമാകുന്ന രീതിയിൽ ഇന്ധന വില കുത്തനെ ഉയർന്നു കൊണ്ടിരിക്കുകയാണ്. ഇത് വരും ദിവസങ്ങളിൽ ഇനിയും ഉയർന്നു കൊണ്ടിരിക്കുമെന്ന സൂചനയാണ് സർക്കാർ നൽകുന്നത്. രാജ്യത്ത് പെട്രോൾ വിലയിൽ ഒറ്റയടിക്ക് 25 രൂപ വരെ ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ നാല് മാസമായി മാറ്റമുണ്ടായിട്ടില്ല. നവംബർ നാലിനാണ് പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും എക്സൈസ് തീരുവ കുറച്ചത്. ഇതിന് പിന്നാലെ ഉത്തർപ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് വന്നതോടെ ദിനേനയുള്ള വില നിശ്ചയിക്കലിൽ നിന്ന് എണ്ണക്കമ്പനികൾ പിന്നോട്ട് പോയി.