ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില ഇന്നും വർധിച്ചു. പെട്രോള്‍ ലിറ്ററിന് 32 പൈസയും, ഡീസൽ 37 പൈസയുമാണ് വർധിച്ചത്. ഇതോടെ കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ ഇന്ധന വില ഉയർന്നത് നാലര രൂപയ്ക്ക് മുകളിലേക്കാണ്.
ഒരാഴ്ച പൂർത്തിയാകുന്നതിനിടെ ആറ് തവണയാണ് ഇന്ധനവില കുതിച്ചുയരുന്നത്. ഇന്നലെയും വില വർധിച്ചിരുന്നു. ഒരു ലിറ്റർ ഡീസലിന് 58 പൈസയും പെട്രോളിന് 55 പൈസയുമാണ് വർധിച്ചത്. അതിന് മുന്നത്തെ ദിവസം ഒരു ലിറ്റർ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് 87 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു.
ഇങ്ങനെ ഇന്ധനവില ദിനംപ്രതി കുതിക്കുന്നത് രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയും നിരക്കുകളും വർധിക്കാൻ കാരണമായേക്കും. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ആരംഭിച്ച ഇന്ധന വില വർധനവ് തുടർച്ചയായി വർധിക്കുകയാണ്.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ വില വർധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വിലയിൽ ഇനിയും വർധനവ് ഉണ്ടാകും എന്നാണ് റിപ്പോർട്ട്.
തിരഞ്ഞെടുപ്പിന് മുൻപ് അവസാനമായി ഇന്ധന വിലയിൽ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയിലിന്റെ വില 82 ഡോളറിനരികെയായിരുന്നുവെങ്കിൽ ഇപ്പോള്‍ ഇതിന്റെ വില 120 ഡോളറിന് അരികിലാണ് വില. അതുകൊണ്ടുതന്നെ വില ഇനിയും ഉയർന്നേക്കും. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ബിപിസിഎൽ, എച്ച്പിസിഎൽ തുടങ്ങിയ കമ്പനികൾക്ക് 2.25 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. അതായത് 19000 കോടി ഇന്ത്യൻ രൂപ.
Price of petrol & diesel in Delhi at Rs 99.41 per litre & Rs 90.77 per litre respectively today (increased by 30 & 35 paise respectively)
— ANI (@ANI) March 28, 2022
In Mumbai, the petrol & diesel prices per litre at Rs 114.19 & Rs 98.50 (increased by 31 paise & 37 paise respectively) pic.twitter.com/ciy6wIFsGe
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പെട്രോളിന് 30 പൈസയും ഡീസലിന് 35 പൈസയും വർധിച്ചിട്ടുണ്ട്. ഇതോടെ ഇവിടെ പെട്രോളിന്റെ വില 99.41 രൂപയും ഡീസലിന്റെ വില 90.77 രൂപയുമാണ്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 31, 37 പൈസ വർധിച്ച് 114.19 രൂപയും 98.50 രൂപയുമായിട്ടുണ്ട്.