വടക്കഞ്ചേരി: ‘ടിക്കറ്റെടുത്ത് യാത്രചെയ്യുന്ന ഞങ്ങൾ എന്തുചെയ്യണമെന്നു കൂടി പറഞ്ഞു തരൂ…’ പന്നിയങ്കര ടോൾ പ്ലാസയിൽ അമിത ടോൾ ഈടാക്കുന്നതായി ആരോപിച്ചു പ്രതിഷേധിക്കുന്ന സ്വകാര്യ ബസ് ജീവനക്കാർ ഒരു വശത്തും ടോൾ നൽകാതെ പോകാൻ സമ്മതിക്കില്ലെന്ന് ഉറപ്പിച്ച് ടോൾ പ്ലാസ അധികൃതർ മറുവശത്തും നിലയുറപ്പിച്ചപ്പോൾ കുഴങ്ങിപ്പോയതു യാത്രക്കാരാണ്. അവരുടെ ഈ വിലാപത്തിനായിരുന്നു ഇന്നലെ പന്നിയങ്കര ടോൾ പ്ലാസ സാക്ഷ്യം വഹിച്ചത്.
ഒന്നാം തീയതി മുതൽ ഇവിടെ ടോൾ പിരിവ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീടു ചർച്ചകൾക്കൊടുവിൽ അത് അഞ്ചാം തീയതിയിലേക്കു നീട്ടുകയായിരുന്നു. ഇന്നലെ രാവിലെ കൃത്യം 10 മുതൽ ടോൾ പിരിവ് ആരംഭിച്ചു. ഇതോടെ ടോൾ പ്ലാസയിലെ ട്രാക്കുകളിൽ സ്വകാര്യ ബസുകൾ നിർത്തിയിട്ടു പ്രതിഷേധിച്ചു.വൻ തുക ടോൾ നൽകാൻ സാധിക്കില്ലെന്നു ബസ് ജീവനക്കാർ നിലപാടെടുത്തതോടെ പൊലീസ് ഇടപെട്ടു. ബസുകൾ ട്രാക്കിൽ നിന്നു മാറ്റി. തുടർന്ന് ബസുകളിൽ നിന്നു യാത്രക്കാരെ ഇറക്കിവിട്ടു. പരീക്ഷയ്ക്കു പോകേണ്ട വിദ്യാർഥികൾ ഉൾപ്പെടെ ഇതോടെ പെരുവഴിയിലായി.
യാത്രക്കാരും പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ ടോൾ നൽകാതെ കടന്നുപോകാൻ സാധിക്കില്ലെന്നു അധികൃതർ തറപ്പിച്ചു പറഞ്ഞു. ഭൂരിഭാഗം ബസുകളും ടോൾ പ്ലാസയുടെ ഇരുവശവുമായി സർവീസ് അവസാനിപ്പിച്ചു മടങ്ങി. ഫാസ്റ്റ് ടാഗ് ഇല്ലാത്ത കെഎസ്ആർടിസി ബസുകളെയും മടക്കിയയച്ചു. ടോൾ നിരക്കിൽ പ്രതിഷേധിച്ച് ഇന്നുമുതൽ ടോൾ പ്ലാസയിൽ റിലേ നിരാഹാര സമരം നടത്തുമെന്ന് ബസുടമകൾ അറിയിച്ചു.
പ്രതിമാസം 10,000 രൂപ !
പന്നിയങ്കര ടോൾ പ്ലാസയിൽ നിലവിലുള്ള നിരക്കനുസരിച്ച് ഒരു ബസിന് (രണ്ട് ആക്സിൽ) ഒരു തവണ കടന്നുപോകാൻ 315 രൂപയാണു ടോൾ നൽകേണ്ടത്. 24 മണിക്കൂറിനുള്ളിൽ തിരികെ സർവീസ് നടത്തുകയാണെങ്കിൽ 475 രൂപ നൽകിയാൽ മതിയാകും. ഇനി ഒരു മാസത്തേക്കുള്ള പാസ് എടുക്കുകയാണെങ്കിൽ നൽകേണ്ടത് 10,540 രൂപയും. നിലവിലെ ഇന്ധന വിലയും യാത്രക്കാരുടെ എണ്ണവും പരിഗണിക്കുമ്പോൾ ജീവനക്കാർക്കു വേതനം നൽകാൻ പോലും സാധിക്കാത്ത സാഹചര്യത്തിൽ ഇത്രയും ഭീമമായ തുക എങ്ങനെ ടോൾ നൽകുമെന്നു ബസ് ഉടമകൾ ചോദിക്കുന്നു.
രക്ഷയില്ല, കെഎസ്ആർടിസിക്കും
ഫാസ്റ്റ് ടാഗ് ഇല്ലാതെ ടോൾ പ്ലാസയിൽ എത്തുന്ന കെഎസ്ആർടിസി ബസുകളും ഇന്നലെ അധികൃതർ തടഞ്ഞു. ചുരുക്കം ചില കെഎസ്ആർടിസി ബസുകൾക്കു മാത്രമാണു ഫാസ്റ്റ് ടാഗ് ഇല്ലാത്തത്. ഇവ ടോൾ പ്ലാസയ്ക്കു സമീപം സർവീസ് അവസാനിപ്പിച്ചു യാത്രക്കാരെ പിന്നാലെയെത്തിയ ബസുകളിൽ കയറ്റിവിട്ടു. കാത്തിരുന്ന മുഷിഞ്ഞ യാത്രക്കാരിൽ ചിലർ പ്രതിഷേധിച്ചു. ഇതുവഴി സർവീസ് നടത്തുന്ന മുഴുവൻ കെഎസ്ആർടിസി ബസുകളിലും ഉടൻ തന്നെ ഫാസ്റ്റ് ടാഗ് സ്ഥാപിക്കുമെന്നും അതുവരെ ആവശ്യമെങ്കിൽ ടോൾ നൽകി സർവീസ് നടത്തുമെന്നും കെഎസ്ആർടിസി അധികൃതർ അറിയിച്ചു.