വടക്കഞ്ചേരി: തുടർച്ചയായി രണ്ടാം ദിവസവും പന്നിയങ്കര ടോൾ പ്ലാസയിലെ ബാരിയർ തകർത്ത്, ടോൾ നൽകാതെ സ്വകാര്യബസുകൾ കടന്നുപോയി. അമിത ടോൾ ഈടാക്കുന്നതായി ആരോപിച്ച് സ്വകാര്യ ബസുകൾ ഉൾപ്പെടെ നടത്തിവരുന്ന പ്രതിഷേധത്തിന്റെ തുടർച്ചയായാണ് രണ്ടാം ദിവസവും ‘ബാരിയർ തകർക്കൽ സമരം’ നടന്നത്. ഇത്തരത്തിൽ കടന്നുപോയ 12 ബസുകൾക്കെതിരെ പരാതി നൽകിയതായി ടോൾ പ്ലാസ അധികൃതർ പറഞ്ഞു.

ശനിയാഴ്ച വൈകുന്നേരം ടോൾ പ്ലാസയിൽ ബാരിയർ തള്ളിമാറ്റി കടന്നുപോയ 29 ബസുകൾക്കെതിരെ വടക്കഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്. കരാർ കമ്പനി അധികൃതർ നൽകിയ പരാതിയെത്തുടർന്നായിരുന്നു നടപടി. സിസിടിവി ദൃശ്യങ്ങൾ അടക്കം തെളിവായി നൽകി. ഇവ പരിശോധിച്ച ശേഷമാണു കേസെടുത്തത്. ഇതിനിടെ ബസുടമകളും തൊഴിലാളികളും നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ആറാം ദിവസത്തിലേക്കു കടന്നു. ഇന്നലെയും ഭൂരിഭാഗം സ്വകാര്യ ബസുകളും ടോൾ പ്ലാസ ഒഴിവാക്കി ഗ്രാമവഴിയിലൂടെയാണു സർവീസ് നടത്തിയത്.
ഇന്നുമുതൽ ലോറിത്തൊഴിലാളികളും സമരത്തിൽ
പന്നിയങ്കരയിൽ അമിത ടോൾ വാങ്ങുന്നതായി ആരോപിച്ച് ഇന്നു മുതൽ ലോറിത്തൊഴിലാളികളും ഉടമകളും അനിശ്ചിതകാല സമരം തുടങ്ങും. കേരള ടോറസ്, ടിപ്പർ അസോസിയേഷന്റെ നേതൃത്വത്തിലാണു സമരം. തിരുവനന്തപുരത്തെ ചർച്ചയിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്നു ലോറി ഉടമകൾ പറഞ്ഞു.
നാളത്തെ യോഗം നിർണായകം
പന്നിയങ്കരയിലെ ടോൾ വിഷയം ചർച്ച ചെയ്യുന്നതിനു നാളെ തിരുവനന്തപുരത്തു മന്ത്രിമാരും സ്ഥലം എംഎൽഎയും ആലത്തൂർ, തൃശൂർ എംപിമാരും ഉൾപ്പെടെയുള്ളവരുടെ യോഗം ചേരുന്നുണ്ട്. പ്രദേശവാസികൾക്ക് സൗജന്യ പാസ്, സ്കൂൾ വാഹനങ്ങൾക്ക് സൗജന്യ പാസ്, സ്വകാര്യ ബസ്, ലോറി എന്നിവയുടെ അമിത ടോൾ നിരക്ക് ഒഴിവാക്കുക എന്നീ ആവശ്യങ്ങളിൽ തീരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷ.
ദേശീയപാത അതോറിറ്റി അധികൃതരും നിർമാണക്കമ്പനിയും ചർച്ചയിൽ പങ്കെടുക്കും. ചർച്ച ഫലം കണ്ടില്ലെങ്കിൽ ഈ റൂട്ടിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നു ബസ് ഉടമ സംയുക്ത സമിതി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, ചർച്ച നടക്കുന്ന സാഹചര്യത്തിൽ നാളെ മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്കു മാറ്റിവച്ചിട്ടുണ്ട്. നാളത്തെ യോഗത്തിനു ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നു പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.