ശവസംസ്കാര ചടങ്ങിനിടെ ശവപ്പെട്ടിക്കുള്ളിൽ നിന്ന് മുട്ടിവിളിച്ച് മരിച്ചെന്ന് കരുതിയ സ്ത്രീ. കഴിഞ്ഞയാഴ്ച പെറുവിലെ ലാംബെയ്ക് നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കാറപകടത്തെ തുടർന്ന് റോസ ഇസബെൽ സെസ്പെഡസ് കലാസ എന്ന സ്ത്രീക്ക് ഗുരുതര അപകടം പറ്റിയിരുന്നു. മരണം ഉറപ്പിച്ച ബന്ധുക്കൾ റോസയുടെ ശവസംസ്കാരം നടത്താനൊരുങ്ങുകയായിരുന്നു. അവിടെ കൂടിയ ഏവരെയും ഞെട്ടിച്ചാണ് ജീവന്റെ അടയാളങ്ങൾ റോസ് കാണിച്ചത്.

അപകടത്തിൽ റോസയുടെ സഹോദരീ ഭർത്താവും മരിച്ചിരുന്നു. മറ്റ് മൂന്ന് ബന്ധുക്കൾക്ക് സാരമായി പരുക്കേറ്റു. കഴിഞ്ഞ ചൊവ്വാഴ്ച ശവസംസ്കാര ചടങ്ങുകൾക്ക് മുന്നോടിയായി റോസയെ ഒരു ശവപ്പെട്ടിയിലാക്കി. എന്നാൽ അവൾ ശവപ്പെട്ടിയുടെ ഉള്ളിൽ നിന്ന് മുട്ടുകയായിരുന്നു. ഇതോടെ കൂടിനിന്നവരെല്ലാം ഞെട്ടിപ്പോയി. മുട്ടൽ കേട്ടതോടെ ശവപ്പെട്ടി ഉയർത്തിപ്പിടിച്ചിരുന്നവർ അത് താഴെയിറക്കി. നോക്കിയപ്പോൾ റോസ അവർക്ക് നേരെ നോക്കുന്നതാണ് കണ്ടത്. അവർ കണ്ണ് തുറന്നിട്ടുണ്ടായിരുന്നു. ആകെ വിയർത്തിട്ടുണ്ടായിരുന്നു.
ഉടൻ തന്നെ വിവരം പൊലീസിനെ അറിയിച്ചു. കുടുംബാംഗങ്ങൾ റോസയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജീവൻ രക്ഷാ സംവിധാനത്തിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചു. എന്നാൽ കുറച്ച് മണിക്കൂറുകൾക്ക് ശേഷം അവർ മരിച്ചു. അവർ കോമയിലായിരുന്നിരിക്കാം. അതാവാം അവർ മരിച്ചതായി കണക്കാക്കാൻ ഡോക്ടർമാരെ പ്രേരിപ്പിച്ചത് എന്ന് കരുതുന്നുവെന്നാണ് റിപ്പോർട്ട്.