ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്നു തോന്നിയാൽ അതു നേരിട്ടു ചോദിക്കുമെന്നും അതിനെയാണ് മീ ടൂ എന്ന് വിളിക്കുന്നതെങ്കിൽ താൻ അത് വീണ്ടും ചെയ്യുമെന്നും നടൻ വിനായകൻ.
ഒരുത്തീ എന്ന സിനിമയുടെ ഭാഗമായുള്ള വാർത്താ സമ്മേളനത്തിൽ
സംസാരിക്കുകയായിരുന്നു അദ്ദേഹം. മീ ടൂ എന്നാൽ എന്താണെന്ന് തനിക്കറിയില്ലെന്നും നിങ്ങൾക്കറിയാമെങ്കിൽ പറഞ്ഞു തരണമെന്നും മാധ്യമപ്രവർത്തകരോട് വിനായകൻ പറഞ്ഞു.
“എന്താണ് മീ ടൂ? എനിക്ക് അറിയില്ല. പെണ്ണിനെ കയറിപ്പിടിക്കുന്നതാണോ? ഞാൻ ചോദിക്കട്ടെ, ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്തു ചെയ്യും? എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് ഞാനാണു ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടൂ എങ്കിൽ ഞാൻ ഇനിയും ചോദിക്കും. ഒരു സ്ത്രീയോട് സെക്സ് ചെയ്യണമെന്ന് തോന്നിയാൽ ഞാൻ നേരിട്ട് ചോദിക്കും. അപ്പോൾ അവർ മാന്യമായി എന്നോട് പറയും, ‘നോ’. ഞാൻ വീണ്ടും ചോദിക്കുന്നു, എന്താണ് മീ ടൂ.? – വിനായകൻ പറഞ്ഞു.
“ഞാൻ പങ്കുവയ്ക്കുന്ന എല്ലാ പോസ്റ്റും ചില ആളുകൾ വിട്ടുകളയുന്ന കാര്യങ്ങളാണ്. ലക്ഷക്കണക്കിന് ആളുകൾ എന്നെ ഫോളോ ചെയ്യുന്നുണ്ട്. ഏതെങ്കിലും ഒരുത്തനു കൊള്ളാൻ വേണ്ടിയാണ് ഞാൻ പോസ്റ്റ് ഇടുന്നത്. കൊണ്ടു കഴിഞ്ഞാൽ ഞാൻ ആ പോസ്റ്റ് കളയും. വിമർശനമാണ് ഞാൻ ഇടുന്നത്. അത് അവർ ഏറ്റെടുത്താൽ അത് ഞാൻ മാറ്റും.
മാന്യന്മാരെന്നു നടിക്കുന്നവരെ താൻ എന്നും വിമർശിക്കുമെന്നും അതിന്റെ പേരിൽ തന്റെ സിനിമാ ജീവിതത്തിന് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“ഈ ലോകത്ത് മാന്യൻ എന്നു പറയുന്ന അമാന്യനെ ഞാൻ ചീത്ത പറയും. മാന്യൻ എന്നു പറയുന്ന വെള്ളപൂശിയ കുഴിമാടങ്ങളെ ഞാൻ എന്നും മുഖത്ത് നോക്കി ചീത്ത പറയും. അത് ഒരിക്കലും സിനിമാ ജീവിതത്തെ ബാധിക്കില്ല എന്നാണ് ഒരുത്തീ, പട എന്നീ സിനിമകൾ വ്യക്തമാക്കുന്നത്. കോവിഡിന്റെ മരുന്ന് ഏറ്റവും ഡേർട്ട് ആയ വിനായകൻ ആണ് ഉണ്ടാക്കുന്നത് എങ്കിൽ എല്ലാവരും എന്റെ അടുത്ത് വരും. എന്റെ പഴ്സനൽ ലൈഫിന് യാതൊരു പ്രസക്തിയുമില്ല. ഇതാണ് റിയാലിറ്റി. ഐ ആം എ ഡേർട്ട്. ഞാൻ അതിൽത്തന്നെ ജീവിക്കാൻ ആഗ്രഹിക്കുന്നു. ഇത് നിങ്ങൾ പറയുന്നതാണ്. എനിക്ക് അങ്ങനെയല്ല. ഐ ആം നോട്ട് എ ഡേർട്ട്. ഞാൻ ഭയങ്കരനാണ്.” വിനായകൻ കൂട്ടിച്ചേർത്തു.
സിനിമാ നടൻമാരുടെ ഫാൻസിനെക്കുറിച്ചും ഫാൻ കൾച്ചറിനെ കുറിച്ചും വിനായകൻ നടത്തിയ പ്രതികരണം സിനിമാ ഗ്രൂപ്പുകളിലടക്കം ചർച്ചയായിരുന്നു. ഫാൻസുകാർ വെറും പൊട്ടന്മാരാണെന്നും അവർ വിചാരിച്ചാൽ ഇവിടെ ഒന്നും നടക്കാൻ പോകുന്നില്ലെന്നുമായിരുന്നു വിനായകന്റെ പ്രതികരണം.