
പാലക്കാട്: കേരളത്തിൽ വീണ്ടും മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട കൊലപാതകം. പാലക്കാട് ഒലവക്കോട് ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖാണ് ആണ് മരിച്ചത്. ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു മർദ്ദനം. സംഭവത്തിൽ മൂന്ന് പേരെ പാലക്കാട് നോർത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. പ്രദേശത്തെ ക്ഷേത്രോൽസവം കഴിഞ്ഞ് മടങ്ങിയ സംഘമാണ് യുവാവിനെ ആക്രമിച്ചത് എന്നാണ് വിവരം. റഫീഖിനെ പിന്തുടർന്നെത്തിയാണ് സംഘം ആക്രമണം നടത്തിയത്. സംഘത്തിൽ കൂടുതൽ പേർ ഉണ്ടായിരുന്നതായും ദൃക്സാക്ഷികൾ പറയുന്നുണ്ട്.