എർട്ടിഗയുടെ പുതിയ മോഡൽ വിപണിയിലെത്തിച്ച് മാരുതി സുസുക്കി. പെട്രോൾ മാനുവൽ, ഓട്ടമാറ്റിക്, സിഎൻജി വകഭേദങ്ങളിൽ ലഭിക്കുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 8.35 ലക്ഷം രൂപ മുതൽ 12.79 ലക്ഷം രൂപ വരെയാണ്. ഡ്യുവൽ ജെറ്റ് ടെക്നോളജിയും മൈൽഡ് ഹൈബ്രിഡ് സാങ്കേതിക വിദ്യയുമുള്ള 1.5 ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിൽ. പാഡിൽ ഷിഫ്റ്റോടു കൂടിയ 6 സ്പീഡ് ടോർക്ക് കൺവേർട്ടർ ഗിയർബോക്സും നൽകിയിരിക്കുന്നു.

പുതിയ മുൻ ഗ്രില്ലാണ് എർട്ടിഗയ്ക്ക്. ക്രോം ഫിനിഷുള്ള ഗ്രിൽ മികച്ച ലുക്ക് നൽകുന്നു. കൂടാതെ ഡ്യുവൽ ടോൺ അലോയ് വീലുകൾ, ക്രോം ഗാർണിഷുള്ള ടെയിൽ ലാംപ് എന്നിവയുണ്ട്. സ്പ്ലെൻഡിഡ് സിൽവർ, ഡിഗ്നിറ്റി ബ്രൗൺ എന്നീ പുതിയ നിറങ്ങളിൽ പുതിയ എർട്ടിഗ ലഭിക്കും. ഡാഷ്ബോർഡിൽ പുതിയ മെറ്റാലിക്ക് ടീക്ക് വുഡ് ഫിനിഷും ഡ്യുവൽ ടോൺ സീറ്റ് ഫാബ്രിക്കും.

കരുത്ത്, ഇന്ധനക്ഷമത
സ്റ്റാർട്ട്, സ്റ്റോപ് ടെക്നോളജിയോടു കൂടിയ 1.5 ലീറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ എൻജിനാണ് എർട്ടിഗയിൽ. രണ്ട് ഇൻജക്റ്റർ ഉപയോഗിക്കുന്ന എൻജിൻ മികച്ച കരുത്തും ഇന്ധനക്ഷമതയും നൽകും. 103 ബിഎച്ച്പി കരുത്തും 136.8 എൻഎം ടോർക്കുമുണ്ട്. പെട്രോൾ മാനുവലിന് ലീറ്ററിന് 20.51 കിലോമീറ്ററും ഓട്ടമാറ്റിക്കിന് 20.30 കിലോമീറ്ററും സിഎൻജിക്ക് 26.11 കിലോമീറ്ററുമാണ് മാരുതി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

പഴയ നാലു സ്പീഡ് ഗിയർബോക്സിന് പകരം പുതിയ 6 സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടമാറ്റിക്ക് ഗിയർബോക്സാണ് ഉപയോഗിക്കുന്നത്. പാഡിൽ ഷിഫ്റ്റും പുതിയ മോഡലിനുണ്ട്. മാനുവലിൽ 5 സ്പീഡ് ഗിയർബോക്സ്. സിഎൻജി വകഭേദത്തിന് 87 ബിഎച്ച്പി കരുത്തും 121.5 എൻഎം ടോർക്കുമുണ്ട്. പെട്രോൾ മോഡിൽ ഓടുമ്പോൾ കരുത്ത് 100 ബിഎച്ച്പിയായി വർധിക്കും.

ഫീച്ചറുകൾ
ഉയർന്ന വകഭേദമായ ഇസഡ്എക്സ്ഐ പ്ലസിൽ 7 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. ഓൺബോർഡ് വോയിസ് അസിസ്റ്റ് അടക്കം 40 ഫീച്ചറുകളുള്ള സുസുക്കി കണക്റ്റുമുണ്ട്. കൂടാതെ 4 എയർബാഗുകൾ, എബിഎസ്, ഇബിഡി, ബിഎ, ഹിൽഹോൾഡ് അസിസ്റ്റ്, ഇഎസ്‍പി, പാർക്കിങ് ക്യാമറ, ക്രൂസ് കൺട്രോൾ, ഓട്ടോ ഹെഡ്‌ലാംപ്, എയർകൂൾഡ് കപ്പ്ഹോൾഡറുകൾ എന്നിവയുണ്ട്.