കൊച്ചി: അരിഗോഡൗണിൻ്റെ മറവിൽ ബാറുകളിലേക്ക് വ്യാജമദ്യം നിർമിക്കുന്ന വൻ സംഘം ഒക്കലിൽ പിടിയിലായി.
ഒക്കൽ ആൻ്റോപുരത്ത് വ്യാജമദ്യം നിർമ്മിക്കുന്നതിനായി കൊണ്ടുവന്ന 850 ലിറ്റർ സ്പിരിറ്റും 250 ലിറ്റർ മദ്യവും പിടികൂടി. തൃശൂർ സ്വദേശി വാടകക്ക് എടുത്ത ഗോഡൗണിലാണ് വ്യാജമദ്യം നിർമ്മിച്ച് വിൽപന നടത്തിയിരുന്നത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. രണ്ടു മാസം മുമ്പാണ് ഇവർ ഗോഡൗൺ വാടകക്ക് എടുത്തത്.
തൃശൂർ എക്സൈസ് സംഘത്തിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വ്യാജമദ്യം കടത്തിയ വാഹനം പിടികൂടിയിരുന്നു. ഇതേ തുടർന്ന് നടത്തിയ റെയ്ഡിലാണ് വ്യാജമദ്യം പിടികൂടിയത് .സംഭവത്തിൽ രണ്ടു പേരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പുതുക്കാട് സ്വദേശി ഡിംസൺ ആൻ്റണി ,ചേർപ്പ് സ്വദേശി ജിംസൺ ജോസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
.