കൊച്ചി: പരീക്ഷാ ഹാളുകളിൽ അനുവദനീയമല്ലാത്ത വസ്തുക്കളിലൊന്നാണ് മൊബൈൽ ഫോൺ. എന്നാൽ ചില പ്രത്യേക സാഹചര്യത്തിൽ മൊബൈൽ ഫോണും പരീക്ഷാ ഹോളിൽ ഉപകാരപ്പെടുമെന്നാണ് മഹാരാജാസ് കോളേജിൽ നിന്ന് വ്യക്തമാകുന്നത്. സംസ്ഥാനത്തുടനീളം മഴയും ഇടിയും കാറ്റും കോളുമായിരുന്ന കഴിഞ്ഞ ദിവസം മഹാരാജ് കോളേജിൽ രണ്ടാം വര്‍ഷ ബിരുദ, ബിരുദാനന്തര പരീക്ഷകൾ നടക്കുകയായിരുന്നു.

മഴ ശക്തമായതോടെ വൈദ്യുതി മുടങ്ങി. പിന്നീടങ്ങോട്ട് വിദ്യാര്‍ത്ഥികൾ പരീക്ഷയെഴുതിയത് മൊബൈൽ ഫോൺ വെളിച്ചത്തിലാണ്. ഇരുട്ടിൽ പരീക്ഷയെഴുതാൻ കഴിയാതെ വന്നതോടെയാണ് മൊബൈൽ ഫോൺ എടുത്ത് ഫ്ലാഷിന്റെ വെളിച്ചത്തിൽ പരീക്ഷ എഴുതേണ്ടി വന്നതെന്നാണ് വിദ്യാര്‍ത്ഥികൾ പറയുന്നത്.
നിയമപ്രകാരം പരീക്ഷാ ഹോളിൽ മൊബൈൽ ഫോണുമായി പ്രവേശിക്കാൻ പാടില്ലെന്നിരിക്കെ വിദ്യാര്‍ത്ഥികൾ ഫ്ലാഷിന്റെ വെളിച്ചത്തിൽ പരീക്ഷയെഴുതിയത് വിവാദമായിരിക്കുകയാണ്. മൊബൈൽ ഫോൺ, സ്മാര്‍ട്ട് വാച്ച്, ഇയര്‍ഫോൺ ഉൾപ്പെടെയുള്ളവ ഹാളിൽ പ്രവേശിപ്പിക്കരുതെന്ന സര്‍ക്കുലര്‍ പരീക്ഷാ കൺട്രോളര്‍ പുറപ്പെടുവിച്ചിരുന്നു.
എന്നാൽ വൈദ്യുതി മുടങ്ങിയതോടെ വിദ്യാര്‍ത്ഥികൾക്ക് പരീക്ഷയെഴുതാനുള്ള സൗകര്യം ചെയ്ത് നൽകാൻ കോളേജ് അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. അതിനാൽ തന്നെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് വിദ്യാര്‍ത്ഥികൾക്കെതിരെ നടപടിയെടുക്കാനാകില്ലെന്നാണ് വിദഗ്ധാഭിപ്രായം.