ഗുവാഹത്തി: അസമിൽ പ്രളയത്തെ തുടർന്ന് ട്രെയിനിൽ കുടുങ്ങിയ 1500 യാത്രക്കാരെ വ്യോമസേന എയർ ലിഫ്റ്റ് ചെയ്ത് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ദിമ ഹസ്സോ ജില്ലയിലെ മലയോര മേഖലയായ ദിച്ചോരയിലാണ് സിൽച്ചാർ ഗുവാഹത്തി എക്സ്പ്രസ് കുടുങ്ങിയത്. ശനിയാഴ്ച രാത്രിയോടെ, കനത്ത മഴയെത്തുടർന്ന് ട്രെയിൻ മുന്നോട്ടുപോകാൻ സാധിക്കാതെ നിർത്തിയിടുകയായിരുന്നു. ന്യൂ ഹാങ് റെയിൽവെ സ്റ്റേഷനിലാണ് ട്രെയിൻ നിർത്തിയിട്ടത്.
വെള്ളപ്പാച്ചിലിനെ തുടർന്ന് യാത്രക്കാർക്ക് റെയിൽവെ പാലം മറികടക്കാൻ പറ്റാത്ത സാഹചര്യമുണ്ടായത് കൊണ്ട് അധികൃതർ വ്യോമസേനയുടെ സഹായം തേടുകയായിരുന്നു.സംസ്ഥാനത്തെ 94 ഗ്രാമങ്ങളെയാണ് മിന്നൽ പ്രളയം ബാധിച്ചിരിക്കുന്നത്.24,681 ആളുകളെ മാറ്റി പാർപ്പിച്ചു. ദിമ ഹസ്സോ ജില്ലയിലെ ഹാങ് പ്രദേശത്ത് മണ്ണിടിച്ചിലിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കാച്ചർ, ധേമാജി, ഹോജായ്, കർബി ആംഗ്ലോങ് വെസ്റ്റ്, നാഗോൺ, കാംരൂപ് ജില്ലകളാണ് പ്രളയക്കെടുതി നേരിടുന്നത്.
#WATCH | Indian Air Force airlifted and evacuated civilians who were stranded in a train at Ditokcherra railway station in Dima Hasao district of Assam at the request of the civil administration: IAF pic.twitter.com/FfVRa4S7M6
— ANI (@ANI) May 15, 2022
വിവിധയിടങ്ങളിലെ 12 ഗ്രാമങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഹാങ് മേഖലയിൽ കുത്തൊഴുക്കിൽ റോഡ് ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അയൽ സംസ്ഥാനങ്ങളായ മേഘാലയ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലും രണ്ടു ദിവസമായി ശക്തമായ മഴ തുടരുകയാണ്. പല നദികളും കരകവിഞ്ഞു.