കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് തടഞ്ഞ് ഹൈക്കോടതി . പണിമുടക്ക് വിലക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റെ ഉത്തരവ്. സർക്കാർ ജീവനക്കാർ സമരം ചെയ്യുന്നത് നിയമവിരുദ്ധം. പണിമുടക്കുന്നത് വിലക്കി ഇന്നുതന്നെ ഉത്തരവ് ഇറക്കണമെന്നുമാണ് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
സംസ്ഥാനത്ത് പൊതുജനങ്ങളെ വലച്ച് ദേശീയ പണിമുടക്കിന്‍റെ ഒന്നാം ദിവസം. 48 മണിക്കൂർ സമരം ആദ്യ പന്ത്രണ്ട് മണിക്കൂർ പിന്നിടുമ്പോൾ കേരളത്തിൽ അത് എല്ലാ അർത്ഥത്തിലും ഹർത്താലായി മാറി. കടകൾ തുറന്നില്ല, ഒട്ടുമിക്ക സർക്കാർ ഓഫീസുകളും വ്യവസായ സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്. അത്യാവശ്യ കാര്യങ്ങൾക്ക് യാത്രയ്ക്കിറങ്ങിയവർ നന്നായി ബുദ്ധിമുട്ടി. കെഎസ്ആർടിസി സർവ്വീസുകൾ നാമമാത്രമായിരുന്നു. നാല് ദിവസത്തെ ബസ് സമരം അവസാനിച്ചെങ്കിലും പൊതുപണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് അവരും ഇന്ന് നിരത്തിലിറങ്ങിയില്ല.