തിരുവനന്തപുരം: മൂകാംബിക ദര്‍ശനത്തിന് പോയവരെ ഗോവയിലെ ബീച്ചിലെത്തിച്ച് കെ സ്വിഫ്റ്റിന്റെ സര്‍പ്രൈസ് സര്‍വീസ്. ആരംഭിച്ചത് മുതല്‍ അപകടങ്ങള്‍ പതിവായ കെ സ്വിഫ്റ്റ് സര്‍വീസിന് വഴി തെറ്റുന്നത് ആദ്യമായാണ്. തിരുവനന്തപുരത്ത് നിന്നും ഞായറാഴ്ച പുറപ്പെട്ട കൊല്ലൂര്‍ സ്വിഫ്റ്റ് സര്‍വീസിലെ യാത്രക്കാരാണ് നേരം പുലര്‍ന്നപ്പോള്‍ ഗോവ ബീച്ചിലെത്തി വെയില്‍കായാന്‍ കിടക്കുന്ന അര്‍ധനഗ്‌നരായ വിദേശികളെ കണ്ടത്.
തിങ്കളാഴ്ച രാവിലെ മൂകാംബികയിലെത്തി ദര്‍ശനം നടത്തേണ്ടിയിരുന്ന യാത്രക്കാര്‍ ഗോവയിലെ ബീച്ചും വരിവരിയായി കിടക്കുന്ന വിദേശികളെയും കണ്ട് അമ്പരന്നു. ഞായറാഴ്ച വൈകിട്ടാണ് തിരുവനന്തപുരത്ത് നിന്നും കെ സ്വിഫ്റ്റ് ബസ് മൂകാംബികയിലേക്ക് പുറപ്പെട്ടത്. എറണാകുളത്ത് എത്തിയപ്പോള്‍ മറ്റൊരു ഡ്രൈവര്‍ കയറി. ഈ ഡ്രൈവര്‍ക്കാണ് വഴിതെറ്റിയത്. മംഗലാപുരത്തിനും മൂകാംബികക്കും ഇടയിലുള്ള കുന്ദാപുരയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞാണ് മൂകാംബികക്ക് പോകേണ്ടിയിരുന്നത്.
എന്നാല്‍ ഈ റോഡിലേക്ക് തിരിയാതെ ബസ് നേരേ കൊണ്ടുപോയി. ഉറക്കത്തിലായിരുന്ന യാത്രക്കാരും കണ്ടക്ടറും ബസ് വഴിതെറ്റിയ വിവരം അറിഞ്ഞതുമില്ല. മൂകാംബികയില്‍ കടല്‍ ഇല്ലെന്ന് യാത്രക്കാര്‍ പറഞ്ഞതോടെയാണ് തങ്ങള്‍ക്ക് അമളിപറ്റിയ കാര്യം ബസ് ജീവനക്കാരും മനസിലാക്കിയത്. പുതുതായി ജോലിക്ക് കയറിയ ആളായിരുന്നു ഡ്രൈവര്‍. അതിനാല്‍ കൃത്യമായ വഴി അറിയുമായിരുന്നില്ല. ഒടുവില്‍ ഗൂഗിള്‍ മാപ്പ് ചതിച്ചതാണെന്ന് പറഞ്ഞ് തലയൂരാനായി ഡ്രൈവറുടെ ശ്രമം.
ഇതിനിടയില്‍ ചിലര്‍ ക്ഷുഭിതരായെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒടുവില്‍ തങ്ങളെ മൂകാംബികയിലെത്തിച്ച ശേഷം തിരികെ കൊണ്ടുപോകണമെന്നായി യാത്രക്കാര്‍. ഇതനുസരിച്ച് ബസ് വീണ്ടും മൂകാംബികക്ക് വിട്ടു. കെ സ്വിഫ്റ്റ് ബസ് മൂകാംബികയില്‍ എത്തിയപ്പോഴേക്കും നട അടച്ച് പൂജാരിമാര്‍ സ്ഥലംവിട്ടിരുന്നു. ഒടുവില്‍ ക്ഷേത്രത്തിന് പുറത്ത് നിന്ന് തൊഴുത് മടങ്ങേണ്ടി വന്നു. സംഭവത്തില്‍ കെ സ്വിഫ്റ്റ് അധികൃതര്‍ എന്ത് നടപടി എടുക്കുമെന്ന് വ്യക്തമല്ലെന്നാണ് റിപ്പോര്‍ട്ട്.