തിരുവനന്തപുരം: സിൽവർ ലൈൻപദ്ധതി പൂർണമായും സർക്കാർ ഉപേക്ഷിക്കുന്ന ദിവസം അധികം വൈകാതെ കേരളം കാണുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ ഇത് നടത്താനാവില്ല. കേരളത്തിലുടനീളം ജനങ്ങളെ വലിച്ചിഴച്ച് സംഘർഷമുണ്ടാക്കിയാണ് ഈ പദ്ധതിക്കായി സർക്കാർ കല്ലിടാൻ ശ്രമിച്ചത്. സർവെ നിർത്തിവച്ചു എന്ന് പറഞ്ഞു ഉത്തരവിറക്കി അങ്ങ് സ്ഥലം വിട്ടാൽ പോരാ, ഈ സമരത്തിൽ പങ്കെടുത്തവർക്കെതിരെ എടുത്ത കേസ് പിൻവലിക്കണമെന്നും അതിക്രമത്തിന് ഇരയായവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും മുരളീധരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഈ സമരത്തിൽ പങ്കാളികളായിട്ടുള്ള എല്ലാവരെയും അഭിനന്ദിക്കുന്നു. തോൽവി സമ്മതിച്ചുകൊണ്ടുള്ള സർക്കാരിന്റെ ഈ കീഴടങ്ങൽ കൊണ്ട് പ്രശ്ന പരിഹാരം ഉണ്ടാകില്ല സാധാരണക്കാർക്കെതിരെ എടുത്തിട്ടുള്ള കേസുകൾ പിൻവലിക്കണം നഷ്ടപരിഹാരം നൽകണം. കെ റെയിൽ പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ അനുമതി കിട്ടില്ലെന്ന് ഉറപ്പായതോടെയുള്ള തന്ത്രപരമായ പ്രഖ്യാപനമാണ് ഇപ്പോഴുണ്ടായതെന്നും മുരളീധരൻ പറഞ്ഞു.
കെ റെയിൽ മുഴുവൻ ഉപേക്ഷിച്ചാൽ തൃക്കാക്കരയിൽ പ്രചരണത്തിന് വിഷയങ്ങളില്ല. വികസനവാദികളും വികസനവിരുദ്ധരുമാണെന്ന് വ്യാഖ്യാനിച്ചാണ് സിപിഎം ഈ തെരഞ്ഞടുപ്പിനെ നേരിടുന്നത്. തെരഞ്ഞെടുപ്പിലെ സുപ്രധാനവിഷയത്തിൽ നിന്ന് പിൻവാങ്ങുന്നത് തന്നെ സിപിഎമ്മിനുള്ള തിരിച്ചടിയാണ്. ഈ ഉപതെരഞ്ഞെടുപ്പിൽ സിപിഎം പരാജയപ്പെടുമെന്നും മുരളീധരൻ പറഞ്ഞു.