കോട്ടയം: വീടിന്റെ രണ്ടാം നിലയ്ക്ക് കെ റെയിൽ അനുമതി നിഷേധിച്ച സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ സിപിഎം ഉപരോധിക്കുന്നു. കോട്ടയം പനച്ചിക്കാട് പഞ്ചായത്തിലാണ് സംഭവം. കൊല്ലാട് സ്വദേശികൾക്ക് കെ റെയിലിന്റെ പേര് പറഞ്ഞു നിർമ്മാണത്തിന് അനുമതി നൽകാത്തത് മനപൂർവ്വമാണെന്ന് സിപിഎം ആരോപിക്കുന്നു.

കെ റെയിൽ വിരുദ്ധ സമരം കൊഴുപ്പിക്കുന്നതിനുള്ള നാടകമാണ് ഈ നീക്കമെന്ന് സിപിഎം പ്രാദേശിക നേതാക്കൾ ആരോപിച്ചു. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്താണ് പനച്ചിക്കാട്. ഇവിടുത്തെ പ്രസിഡന്റിന്റെയും മണ്ഡലത്തിലെ എംഎൽഎയുടെയും അറിവോടെയാണ് പഞ്ചായത്ത് സെക്രട്ടറിയുടെ നീക്കമെന്നും ഇത് ജനങ്ങളെ കെ റെയിലിന്റെ പേരിൽ പരിഭ്രാന്തരാക്കാനുള്ള നീക്കമാണെന്നും അവർ കുറ്റപ്പെടുത്തി.
കോട്ടയം പനച്ചിക്കാട് സ്വദേശി ജിമ്മിയുടെ വീടിന്റെ രണ്ടാം നില പണിയാൻ കെ റെയിൽ അനുമതി വേണമെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ കത്ത്. രണ്ടാം നില പണിയുന്നതിന് പഞ്ചായത്തിന്റെ അനുമതി തേടിയ പനച്ചിക്കാട് സ്വദേശിയുടെ അപേക്ഷയിൽ കെ റെയിലിന്റെ ചുമതലയുള്ള സ്പെഷൽ തഹസിൽദാരോട് അനുമതി തേടി പഞ്ചായത്ത് സെക്രട്ടറി അയച്ച കത്താണ് പുതിയ വിവാദം തുടങ്ങിയത്. വീട് ബഫർ സോൺ പരിധിയിലെന്നാണ് പഞ്ചായത്ത് സെക്രട്ടറി വീട്ടുടമയോട് വ്യക്തമാക്കിയത്.
NOC ആവശ്യപ്പെട്ട് സെക്രട്ടറി കെ റെയിലിന്റെ ചുമതലയുള്ള സ്പെഷൽ തഹസിൽദാർക്കാണ് കത്ത് നൽകിയത്. 245 എന്ന ഒറ്റ സർവേ നമ്പറിൽ വരുന്ന സ്ഥലമാണിത്. ഇതുവഴിയാണ് നിർദ്ദിഷ്ട സിൽവർ ലൈൻ സഞ്ചാര പാത. കഴിഞ്ഞ ഡിസംബർ മാസത്തിലാണ് വീട്ടുടമസ്ഥനായ ജിമ്മി വീടിന് രണ്ടാം നില പണിയാൻ പഞ്ചായത്തിന്റെ അനുമതി തേടിയത്. മൂന്ന് മാസമായി നിരന്തരം ചോദിച്ചിട്ടും ഇതിൽ വ്യക്തമായ ഉത്തരം പഞ്ചായത്തിൽ നിന്ന് നൽകിയില്ല. ഇതിനിടെയാണ് എൻഒസി തേടി പഞ്ചായത്ത് സെക്രട്ടറി അയച്ച കത്ത് പുറത്ത് വന്നത്.