പാലക്കാട്: ചൂലനൂരിൽ ഒരു കുടുംബത്തിലെ നാലു പേർക്ക് വെട്ടേറ്റു. കിഴക്കുമുറി മണി (56), ഭാര്യ സുശീല (52), മകൻ ഇന്ദ്രജിത്ത് (24), മകൾ രേഷ്മ (22) എന്നിവർക്കാണ് വെട്ടേറ്റത്. മണിയെയും സുശീലയെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ഇന്ദ്രജിത്തിനെയും രേഷ്മയെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെ രണ്ടിനാണ് സംഭവം. പ്രതി ബന്ധുവായ കുനിശ്ശേരി സ്വദേശി മുകേഷ് ഒളിവിലാണ്.

മാരക ആയുധങ്ങളുമായി ബൈക്കിലെത്തിയ പ്രതി വീട്ടുകാരെ വിളിച്ചുണർത്തി ആക്രമിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. വീട്ടുകാരുടെ നിലവിളി കേട്ട് അയൽവാസികളെത്തിയതോടെ പ്രതി ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുനിന്നും പെട്രോൾ, വെട്ടുകത്തി, കല്ലു പൊട്ടിക്കുന്നതിനു ഉപയോഗിക്കുന്ന തോട്ട എന്നിവ പൊലീസ് കണ്ടെടുത്തു. മദ്യക്കുപ്പിയും ലഭിച്ചിട്ടുണ്ട്.
ഇന്ദ്രജിത്തിന്റെ വലതു കൈപ്പത്തിയും രേഷ്മയുടെ രണ്ടു വിരലും അറ്റ നിലയിലാണ്. മണിയുടെയും സുശീലയുടെയും പരുക്ക് ഗുരുതരമാണ്. രേഷ്മ ബെംഗളൂരു ആർപിഎഫിൽ ജോലി ചെയ്യുന്നു. മുകേഷുമായുള്ള പ്രണയബന്ധത്തിൽ നിന്ന് രേഷ്മ പിൻമാറിയതിലുള്ള പ്രതികാരമാണ് ആക്രമണത്തിനു കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുകേഷിന്റെ അമ്മയുടെ സഹോദരി പുത്രിയാണ് രേഷ്മ. മുകേഷിനായി പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്.