തിരുവനന്തപുരം: തിരുവനന്തപുരത്ത് 800 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. കാരക്കോണത്താണ് സംഭവം. മത്സ്യത്തിൽ പുഴുവിനെ കണ്ട് നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്നായിരുന്നു അധികൃതർ പരിശോധന നടത്തിയത്. പഞ്ചായത്ത് അധികൃതരും ആരോഗ്യവിഭാഗം ജീവനക്കാരും സംയുക്തമായാണ് പരിശോധനയക്ക് എത്തിയത്. തമിഴ്‌നാട്- കേരളം അതിർത്തി പ്രദേശമായ കൂനൻ പനയിലാണ് സംഭവം. രാസവസ്തു കലർത്തിയ മീനിന് ഒരു മാസത്തോളം പഴക്കമുണ്ടെന്ന് ഹെൽത്ത് ഇൻസ്പെക്ടർ വ്യക്തമാക്കി. ഒരുമാസം പഴക്കമുള്ള മത്സ്യമാണ് പരിശോധനയിൽ പിടിച്ചെടുത്തത്.
വീട്ടിൽ വാങ്ങി കൊണ്ടുപോയ മത്സ്യത്തിൽ നിന്നും പുഴുകൾ പുറത്തേക്ക് വരുന്നത് കണ്ട് നാട്ടുകാർ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. മീനിൽ രാസവസ്തു ഉപയോഗിച്ചിട്ടുണ്ടെന്നും പരിശോധനയിൽ കണ്ടെത്തി. ആരോഗ്യ പ്രവർത്തകർ പഞ്ചായത്തിന് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. അതേസമയം, ആലപ്പുഴയിൽ 25 കിലോ പഴകിയ മത്തി പിടികൂടി. ഹരിപ്പാട് നടത്തിയ പരിശോധനയിൽ കിലോ കണക്കിന് പഴകിയ മത്സ്യമാണ് പിടികൂടിയത്. നാഗപട്ടണത്ത് നിന്ന് കൊണ്ടുവന്ന മീൻ വിൽപ്പനക്കെത്തിച്ച ഉടനെ ഭക്ഷ്യ വകുപ്പ് പിടിക്കുകയായിരുന്നു.
അതേസമയം, ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ഇതുവരെ 6205 കിലോഗ്രാം പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം നശിപ്പിച്ചുവെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. ഈ കാലയളവിലെ 4073 പരിശോധനകളിൽ 2121 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.